പാര്‍ട്ടി പ്രഖ്യാപിക്കും മുന്‍പേ രജനികാന്തിന്റെ പാര്‍ട്ടിയില്‍ ‘അടി’

കോയമ്പത്തൂര്‍: സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തിനിത് കഷ്ടകാലമോ ? തമിഴകത്തെ രാഷ്ട്രീയ പാര്‍ട്ടികളെ ഞെട്ടിച്ച് താന്‍ രാഷ്ട്രീയത്തിലിറങ്ങുകയാണെന്ന് പ്രഖ്യാപിച്ച രജനിക്ക് ഇതുവരെ പുതിയ രാഷ്ട്രിയ പാര്‍ട്ടിയുടെ പേര് പോലും പ്രഖ്യാപിക്കാന്‍ കഴിഞ്ഞിട്ടില്ല. ആരാധക കൂട്ടായ്മയായ രജനി മക്കള്‍ മണ്‍റം ജില്ലാ ഭാരവാഹികളെ തിരഞ്ഞെടുക്കന്ന നടപടിയാണ് വിവിധ ഇടങ്ങളില്‍ പൊട്ടിത്തെറിയില്‍ കലാശിച്ച് കൊണ്ടിരിക്കുന്നത്.

അധികാര തര്‍ക്കം ഇപ്പോഴേ തലയ്ക്ക് പിടിച്ച മക്കള്‍ മണ്‍റം പ്രവര്‍ത്തകര്‍ സ്ഥാനത്തിനായി നടത്തുന്ന തര്‍ക്കങ്ങളാണ് കടുത്ത ഭിന്നതയ്ക്കും സംഘര്‍ഷത്തിനും കാരണമാകുന്നത്. രജനി രൂപീകരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ ഭാരവാഹികളായി മക്കള്‍ മണ്‍റം ഭാരവാഹികള്‍ മാറുമെന്നതിനാലാണ് ഈ തമ്മിലടി.

രജനി അടുത്ത തമിഴക മുഖ്യമന്ത്രിയാകുമെന്നാണ് ഇവരെല്ലാം ഉറച്ച് വിശ്വസിക്കുന്നത്. മക്കള്‍ മണ്‍റം ഡിണ്ടുഗല്‍ ജില്ലാ പ്രസിഡന്റ് തമ്പുരാജിനെ സസ്‌പെന്റ് ചെയ്ത നടപടിയില്‍ പ്രതിഷേധിച്ച് 146 ജില്ലാ കമ്മറ്റി അംഗങ്ങളാണ് ഇപ്പോള്‍ രാജിക്ക് ഒരുങ്ങിയിരിക്കുന്നത്.

35 വര്‍ഷമായി മണ്‍റം ഭാരവാഹിയായ തമ്പുരാജിനെ ഏകപക്ഷീയമായി നീക്കിയത് നീതീകരിക്കാനാവില്ലെന്നാണ് ഇവരുടെ നിലപാട്. മണ്‍റവുമായി സഹകരിക്കുന്ന ഒരു വിഭാഗത്തെ തഴഞ്ഞ് തമ്പുരാജും സംഘവും മുന്നോട്ടുപോകുന്നുവെന്നാണ് നേതൃത്വത്തിന്റെ ആക്ഷേപം.

രജനീകാന്തിന് കളങ്കമുണ്ടാക്കുന്ന തരത്തില്‍ വാര്‍ത്തസമ്മേളനം നടത്തിയത് അംഗീകരിക്കാനാവില്ലെന്ന് സംയുക്ത പ്രസ്താവനയില്‍ മണ്‍റം സംസ്ഥാന പ്രസിഡന്റ് വി.എം. സുധാകര്‍ അറിയിച്ചിരുന്നു. ഈറോഡ്, സേലം ജില്ലകളിലും ഭാരവാഹികളെ നിശ്ചയിച്ചതില്‍ പാര്‍ട്ടിയില്‍ അസംതൃപ്തി നിലനില്‍ക്കുന്നുണ്ട്. കൂടാതെ പാര്‍ട്ടി രൂപവത്കരണം വൈകുന്നതിലും അണികള്‍ നിരാശയിലാണ്.