പോലീസിനെതിരെ മന്ത്രി എം. എം മണി

തിരുവനന്തപുരം: പോലീസ് ജനാധിപത്യപരമായി പെരുമാറണമെന്ന് വൈദ്യുത മന്ത്രി എം.എം. മണി. ഭരിക്കുന്നവരുടെ ഇച്ഛയ്ക്കനുസരിച്ച് പ്രവർത്തിക്കാൻ പൊലീസുകാർ നിർബന്ധിതരാകുകയാണ്. കള്ളകേസ് എടുക്കാൻ പുറഞ്ഞാൽ അതു ശരിയല്ലെന്നു പറയാൻ ഐപിഎസുകാർ ആർജവം കാണിക്കണമെന്നും അദ്ദേഹം പറഞ്ഞു. കേരള പൊലീസ് അസോസിയേഷൻ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച നിയമം, സമൂഹം, പൊലീസ് എന്ന സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

രാജ്യത്തെ പൗരന്മാരുടെ സംരക്ഷണം ഉറപ്പാക്കാനുള്ളതാണ് പോലീസ് സംവിധാനം. എന്നാൽ സത്യസന്ധമായി പ്രവർത്തിക്കാൻ പോലീസിന് കഴിയുന്നുണ്ടോ എന്നുചോദിച്ചാൽ ഇല്ലെന്ന് പറയേണ്ടിവരും. ബ്രിട്ടീഷ് ഭരണകാലത്തെ മനോഭാവവും സംവിധാനങ്ങളും പൊലീസിലുണ്ട്. ഇതു പൊളിച്ചെഴുതണം. സ്വാതന്ത്ര്യം ലഭിച്ച് എഴുപതു വർഷമായിട്ടും മനോഭാവത്തിൽ മാറ്റമുണ്ടാകുന്നില്ല. പൊലീസ് സത്യസന്ധമായി പ്രവർത്തിക്കുന്നില്ലെന്നാണു തന്റെ അഭിപ്രായം. ഈ സർക്കാരിന്റെ കീഴിലെ പൊലീസിനെക്കുറിച്ചു വിമർശനങ്ങൾ ഉയരുന്നുണ്ട്. കഴിഞ്ഞ സർക്കാരിന്റെ കീഴിൽ പ്രവർത്തിച്ച ശീലം പലരും മറന്നിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് പോലീസിന്റെ കിരാത ഭരണമാണ് നടക്കുന്നതെന്നും സർക്കാരിന് പോലീസിനെ നിയന്ത്രിക്കാൻ കഴിയുന്നില്ലെന്നും അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ ആരോപിച്ചിരുന്നു. എന്നാൽ, ഒറ്റപ്പെട്ട സംഭവങ്ങൾ പ്രതിപക്ഷം പെരുപ്പിച്ച് കാണിക്കുന്നുവെന്നാണ് മുഖ്യമന്ത്രിയുടെ അഭാവത്തിൽ മന്ത്രി എ. കെ. ബാലൻ മറുപടി നൽകിയത്. സംസ്ഥാനത്തെ ക്രമസമാധാന നില ഭദ്രമാണെന്നും മന്ത്രി അവകാശപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങൾ ശരിവെക്കുന്ന തരത്തിലുള്ള പരാമർശവുമായി മന്ത്രി എം. എം മണി രംഗത്തെത്തിയിട്ടുള്ളത്.

ഇതൊന്നും വെറുതെ പറയുന്നതല്ല. തന്റെ ജീവിതാനുഭവത്തിന്റെ അടിസ്ഥാനത്തിലാണ് പറയുന്നതെന്നും തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ മന്ത്രി എം. എം. മണി പറഞ്ഞു. പോലീസ് സ്വതന്ത്രമായി പെരുമാറണം. പൗരന്മാരുടെ അവകാശങ്ങൾ മാനിക്കണമെന്നും എം.എം. മണി ആവശ്യപ്പെട്ടു.