കര്‍ണാടകയില്‍ വോട്ടെടുപ്പ് മെയ് 12ന്; വോട്ടെണ്ണല്‍ 15ന്; തെരഞ്ഞെടുപ്പ് ഒറ്റഘട്ടമായി

ന്യൂഡല്‍ഹി: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ് ഒറ്റഘട്ടമായി നടത്തും. വോട്ടെടുപ്പ് മെയ് 12ന്. വോട്ടെണ്ണല്‍ മെയ് 15ന് നടക്കും. വിജ്ഞാപനം ഏപ്രില്‍ 17ന്. ഏപ്രില്‍ 24 ആണ് പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി. 25ന് സൂക്ഷ്മ പരിശോധന നടക്കും. 27 ആണ് പത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസം.

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നുവെന്നും ചീഫ് ഇലക്ഷന്‍ കമ്മീഷന്‍ ഒം പ്രകാശ് റാവത്ത് പറഞ്ഞു. കര്‍ണാടകത്തില്‍ സ്ഥാനാര്‍ഥിക്ക് പരമാവധി ചെലവാക്കാവുന്നത് 28 ലക്ഷം രൂപയാണ്. പ്രചാരണത്തിന് പരിസ്ഥിതി സൗഹൃദ വസ്തുക്കള്‍ മാത്രമേ ഉപയോഗിക്കാവൂ. പ്രചാരണകാലത്ത് ഹരിതച്ചട്ടം നടപ്പിലാക്കും.

ഇംഗ്ലീഷിലും കന്നഡയിലും ഇലക്ഷന്‍ കാര്‍ഡ് നല്‍കും. കര്‍ണാടകത്തില്‍ 4.96 കോടി വോട്ടര്‍മാരാണുള്ളത്. എല്ലാ മണ്ഡലത്തിലും വിവിപാറ്റ് വോട്ടിംഗ് യന്ത്രങ്ങള്‍ ഉപയോഗിക്കും. വോട്ടിംഗ് യന്ത്രങ്ങളില്‍ സ്ഥാനാര്‍ഥികളുടെ ചിത്രം പതിക്കും. തെരഞ്ഞെടുപ്പ് സുരക്ഷയ്ക്ക് കേന്ദ്രസേനയെ വിന്യസിക്കും. ബൂത്തുകളില്‍ സ്ത്രീകള്‍ക്ക് പ്രത്യേക സുരക്ഷയൊരുക്കും.

കോണ്‍ഗ്രസ് ഭരിക്കുന്ന കര്‍ണാടകയില്‍ അധികാരം പിടിച്ചെടുക്കാനാണ് ബിജെപിയുടെ ശ്രമം. എന്നാല്‍ തെരഞ്ഞെടുപ്പ് സര്‍വേയില്‍ കോണ്‍ഗ്രസിലാണ് മുന്‍തൂക്കം.

മുഖ്യമന്ത്രി സിദ്ധരാമയ്യ തന്നെയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. ബിജെപിയുടെ സ്ഥാനാര്‍ഥി മുന്‍ മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയാണ്. ജെഡി(എസ്) സ്ഥാനാര്‍ഥിയായി മുന്‍ പ്രധാനമന്ത്രി എച്ച്ഡി ദേവഗൗഡയും മത്സരരംഗത്തുണ്ട്.

2 ദിവസത്തെ പര്യടനത്തിനായി അമിത് ഷാ ഇപ്പോള്‍ കര്‍ണാടകയിലുണ്ട്. മധ്യ കര്‍ണാടകയിലാണ് അമിത് ഷാ പര്യടനം തുടരുന്നത്. അതേ സമയം രാഹുല്‍ ഗാന്ധി മാര്‍ച്ച് 25ന് കര്‍ണാടക സന്ദര്‍ശിക്കാനെത്തിയിരുന്നു. നാലാമത്തെ സന്ദര്‍ശനമായിരുന്നു രാഹുലിന്റേത്.

2013ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 224 സീറ്റില്‍ 122 എണ്ണത്തിലാണ് ജയിച്ചത്. ഇതേ തുടര്‍ന്ന് സിദ്ധരാമയ്യ സംസ്ഥാന മുഖ്യമന്ത്രിയായി. 9 വര്‍ഷത്തിന് ശേഷം പാര്‍ട്ടി അധികാരം പിടിച്ചെടുത്ത തെരഞ്ഞെടുപ്പ് കൂടിയായിരുന്നു 2013ലേത്.