സ്വകാര്യ മെഡിക്കല്‍ കോളേജുകളില്‍ ഫീസ് നിയന്ത്രിക്കാന്‍ കേന്ദ്രത്തിന്റെ തീരുമാനം

ന്യൂഡല്‍ഹി : രാജ്യത്തെ സ്വകാര്യ മെഡിക്കല്‍ കോളേജുകളില്‍ 50 ശതമാനം സീറ്റുകളില്‍ ഫീസ് നിയന്ത്രിക്കാന്‍ കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചു. ദേശീയ മെഡിക്കല്‍ കമ്മീഷന്‍ ബില്ലിലാണ് പുതിയ വ്യവസ്ഥ ഉള്‍പ്പെടുത്തിയത്. അവസാന വര്‍ഷ എംബിബിഎസ് പരീക്ഷ രാജ്യത്താകമാനം ഏകീകൃതമാക്കാനും തീരുമാനമായി. നാഷനൽ എക്സിറ്റ് ടെസ്റ്റ് എന്ന പേരിലായിരിക്കും അവസാന വർഷ എംബിബിഎസ് പരീക്ഷ ഇനിമുതൽ അറിയപ്പെടുക. പാര്‍ലമെന്റ് സ്ഥിരം സമിതിയുടെ ശുപാര്‍ശയിലാണു കേന്ദ്രമന്ത്രിസഭയുടെ തീരുമാനം.

ആയുർവേദ, യുനാനി ഉൾപ്പെടെയുള്ള പാരമ്പര്യ ചികിൽസ ചെയ്യുന്നവർക്ക് ആധുനിക വൈദ്യം പ്രാക്ടീസ് ചെയ്യാന്‍ ബ്രിഡ്ജ് കോഴ്സ് തുടങ്ങാൻ തീരുമാനിച്ചെങ്കിലും ഈ ബ്രിഡ്ജ് കോഴ്സ് പാസായവര്‍ക്ക് അലോപ്പതി ചികില്‍സ നടത്താൻ അനുമതിയുണ്ടാകില്ല. പാരമ്പര്യ വൈദ്യം പഠിച്ചവർക്ക് ആധുനിക വൈദ്യം പ്രാക്ടീസ് ചെയ്യാമെന്നുള്ള വിവാദ വ്യവസ്ഥ പ്രതിഷേധങ്ങളെ തുടർന്ന് കേന്ദ്രം ഒഴിവാക്കുകയായിരുന്നു. വ്യാജ ഡോക്ടര്‍മാര്‍ക്കുള്ള ശിക്ഷ ഒരുവര്‍ഷം തടവും അഞ്ചു ലക്ഷം രൂപയുമാക്കി.