ജഡ്ജിമാരെ നിയമിക്കുന്നതിൽ കേന്ദ്ര സർക്കാരിന്‍റെ ഇടപെടൽ ചോദ്യം ചെയ്ത് ജസ്റ്റിസ് ചെലമേശ്വർ

ന്യൂഡൽഹി: ജഡ്ജിമാരെ നിയമിക്കുന്നതിൽ കേന്ദ്ര സർക്കാരിന്‍റെ ഇടപെടൽ ചോദ്യം ചെയ്ത് സുപ്രീംകോടതി ജസ്റ്റീസ് ജെ.ചെലമേശ്വർ രംഗത്ത്. ഇക്കാര്യം സൂചിപ്പിച്ച് ജസ്റ്റീസ് ചെലമേശ്വർ സുപ്രീംകോടതിയിലെ ജഡ്ജിമാർക്ക് കത്തയച്ചു.

കർണാടകയിലെ സെഷൻസ് കോടതി ജഡ്ജിയെ ഹൈക്കോടതി ജഡ്ജിയായി ഉയർത്തിയുള്ള സുപ്രീംകോടതി കൊളീജിയത്തിന്‍റെ ശിപാർശ കേന്ദ്ര സർക്കാരിന് നൽകിയിരുന്നു. എന്നാൽ കൊളീജിയം ശിപാർശ അംഗീകരിക്കാതെ കേന്ദ്രം ശുപാർശ മടക്കി അയച്ചു. വീണ്ടും സുപ്രീംകോടതി കൊളീജിയം ചേർന്ന് ഇതേ പട്ടിക കേന്ദ്രത്തിന് അയച്ചു. എന്നാൽ രണ്ടാമതും പട്ടിക അംഗീകരിക്കാതെ കേന്ദ്രം തിരിച്ചയച്ചതിനെതിരേയാണ് ജസ്റ്റീസ് ചെലമേശ്വർ രംഗത്തുവന്നിരിക്കുന്നത്. ജഡ്ജിമാരെ നിയമിക്കുന്നതിലുള്ള കേന്ദ്ര സർക്കാരിന്‍റെ ഇടപെടൽ ജൂഡീഷറിയുടെ സ്വാതന്ത്ര്യത്തെ ഇല്ലാതാക്കുമെന്ന് ജഡ്ജിമാർക്ക് അയച്ച കത്തിൽ ജസ്റ്റീസ് ചെലമേശ്വർ പറയുന്നു.