മത വികാരങ്ങള്‍ വ്രണപ്പെടുന്ന കാലത്ത് വേറിട്ട ഒരു മനുഷ്യന്‍;നമ്പ്യാര്‍ത്തൊടി അലി

മതവികാരങ്ങള്‍ ഇടക്കിടെ വ്രണപ്പെടുന്ന രാജ്യമായി മാറിയിരിക്കുകയാണ് ഇന്ത്യ. എന്നാല്‍ മലപ്പുറത്തെ മതസൗഹാര്‍ദത്തെ പ്രോല്‍സാഹിപ്പിക്കുന്ന ഒരു വാര്‍ത്ത വ്രണങ്ങള്‍ക്ക് മരുന്നാകും.

മലപ്പുറം ജില്ലയിലെ കാളിക്കാവിലെ നമ്പ്യാര്‍ത്തൊടി അലിയാണ് രാജ്യത്തിന് തന്നെ മാതൃകയാകുന്ന തീരുമാനം എടുത്തിരിക്കുന്നത്. പോരൂര്‍ പഞ്ചായത്തിലെ കുണ്ടട മഹാശിവ ക്ഷേത്രക്കമ്മിറ്റി അംഗങ്ങള്‍ അലിയുടെ റബര്‍ എസ്റ്റേറ്റിലെ കുറച്ച് ഭാഗം വിലയ്ക്ക് ചോദിച്ചെത്തി. കുളവും മറ്റുമുള്ള പ്രദേശമായിരുന്നു അവര്‍ക്ക് വേണ്ടിയിരുന്നത്.

എന്നാല്‍ നമ്പ്യാര്‍ത്തൊടി അലി ക്ഷേത്രത്തിന് സൗജന്യമായി സ്ഥലം നല്‍കി.

‘വര്‍ഷങ്ങളായി ക്ഷേത്രക്കുളം ഉണ്ടായിരുന്നില്ല. ക്ഷേത്രദര്‍ശനത്തിന് എത്തുന്നവര്‍ക്ക് ഇത് ഒരു ബുദ്ധിമുട്ടായിരുന്നു. ക്ഷേത്രദര്‍ശനത്തിന് എത്തുന്നവരുടെ കാല്‍ കഴുകാനും കുളിക്കാനുമായി ക്ഷേത്രക്കുളം അത്യാവശ്യമായിരുന്നു. അങ്ങനെയാണ് കമ്മിറ്റി അംഗങ്ങള്‍ എന്നെ വന്നുകാണുന്നത്.’ അലി പറഞ്ഞു.

ഭൂമി ക്ഷേത്രത്തിന് ദാനം നല്‍കാന്‍ പോകുന്നുവെന്ന് പള്ളിയിലെ ഉസ്താദിനെ അറിയിച്ചിരുന്നു. അതൊരു സല്‍പ്രവൃത്തിയാണെന്നാണ് അദ്ദേഹം പറഞ്ഞത്. എന്റെ കുടുംബാംഗങ്ങളും എന്റെ തീരുമാനത്തെ പിന്തുണച്ചു. നമ്മള്‍ ആദ്യം മനുഷ്യരാണ്, പിന്നീട് മാത്രമേ മതവിശ്വാസികളാകുന്നുള്ളൂ. കൃഷ്ണന്റെ ഭൂമി ആണെങ്കിലും അള്ളാഹുവിന്റെ ഭൂമിയാണെങ്കിലും എനിക്കെല്ലാം ഒന്നു തന്നെ’ അലി കൂട്ടിച്ചേര്‍ത്തു.

45 സെന്റ് ഭൂമിയിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. അതിലേയ്ക്കാണ്‌ അലി നാല്‌
സെന്റ് ഭൂമി ദാനം ചെയ്തത്.

‘ക്ഷേത്രഭാരവാഹികളോട് ഞാന്‍ വേണ്ടത്ര സ്ഥലം അളന്ന് എടുക്കാന്‍ പറഞ്ഞു. എന്നിട്ടാണ് രജിസ്റ്റര്‍ ചെയ്തത്’ അലി പറഞ്ഞു.

ക്ഷേത്രക്കുളത്തിലേക്കുള്ള വഴി ഉപയോഗിക്കാനും അദ്ദേഹം അനുമതി നല്‍കി. കഴിഞ്ഞ ശിവരാത്രി ഉല്‍സവത്തില്‍ അലിയെ ക്ഷേത്ര ഭാരവാഹികള്‍ ആദരിച്ചു.

‘ഒരു സെന്റിന് ഏകദേശം 25,000 രൂപയെങ്കിലും മൂല്യം വരുമായിരുന്നു. പക്ഷേ ഒരു രൂപ പോലും അദ്ദേഹം ഞങ്ങളില്‍ നിന്നും വാങ്ങിയില്ല. ക്ഷേത്രത്തിനായി ആവശ്യമുള്ള സ്ഥലം അദ്ദേഹം തന്നു’ കമ്മിറ്റി അംഗം ശിവശങ്കരന്‍ പറഞ്ഞു.