കേരളം കടലില്‍ നിന്ന് രൂപമെടുത്തതല്ലെന്ന് പഠനം

പരശുരാമന്‍ മഴു എറിഞ്ഞ് കടലില്‍ നിന്ന് ഉണ്ടാക്കിയതാണ് കേരളമെന്ന കഥയാണ് കേരളോല്‍പത്തിയെ കുറിച്ച് പ്രചാരത്തിലുള്ളത്. എന്നാല്‍ കേരളം കടലില്‍ നിന്ന് രൂപമെടുത്തതല്ലെന്നുള്ള വാദങ്ങള്‍ പല കാലങ്ങളിലായി ശാസ്ത്രജ്ഞര്‍ മുന്നോട്ട് വെക്കുന്നുണ്ട്. പുരാവസ്തു ശാസ്ത്രജ്ഞന്‍ പ്രൊഫ.പി.രാജേന്ദ്രന്‍ മുന്നോട്ട് വെക്കുന്ന കണ്ടെത്തലുകളും മറ്റൊന്നല്ല. ചരിത്രാതീത കാലഘട്ടം മുതല്‍ കേരളത്തിലെ ഭൂമി ജനവാസയോഗ്യമായിരുന്നെന്നും കേരളം കടലില്‍ നിന്ന് രൂപം കൊണ്ടതല്ലെന്നുമാണ് പഠനം. ‘ അണ്‍റാവലിംഗ് ദ് പാസ്റ്റ്; ആര്‍ക്കിയോളജി ഓഫ് കേരള ആന്റ് ദ് അഡ്ജസന്റ് റീജിയണ്‍സ് ഇന്‍ സൗത്ത് ഇന്ത്യ’ എന്ന ഗ്രന്ഥത്തിലാണ് പുതിയ കണ്ടെത്തലുകള്‍ വിശദീകരിച്ചിട്ടുള്ളത്.

കേരളം ഉള്‍ക്കൊള്ളുന്ന ഭൂപ്രദേശം കടലിനടിയിലായിരുന്നില്ല. മനുഷ്യവംശാരംഭം മുതല്‍ കേരളത്തിലെ കാലാവസ്ഥ ജനവാസയോഗ്യമായിരുന്നു. കേരളത്തിന്റെ കാലാവസ്ഥയ്ക്ക് വലിയ മാറ്റങ്ങള്‍ ഉണ്ടായിട്ടുമില്ലെന്നുമാണ് പുസ്തകത്തിലെ കണ്ടെത്തലുകള്‍.

കേരളത്തില്‍ ശിലായുധങ്ങള്‍ നിര്‍മിച്ചിരുന്നതായി തെളിവുകള്‍ ലഭ്യമായിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പാലക്കാട്, കോട്ടയം, മലപ്പുറം എന്നീ ജില്ലകളിലെ 25ഓളം സ്ഥലങ്ങളില്‍ ഇത്തരം ഖനനപ്രദേശങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. 5200 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഈ മേഖലയില്‍ മനുഷ്യവാസം ഉണ്ടായിരുന്നുവെന്ന് രാസപരിശോധനകളിലൂടെ തെളിഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.