മുന്‍മന്ത്രി  കെ.പി മോഹനനും പി.എ രമേഷ് ബാബുവും കോടികള്‍ കൊയ്തത് വിജിലന്‍സ് പരിശോധിക്കുന്നു

– പണപ്പിരിവിന് എം.ഡിമാരും

– സ്ഥലം മാറ്റം, അനധികൃത നിയമനം എന്നിവയ്ക്ക് കൈക്കൂലി

– കൃഷി ഡയറക്ടറേറ്റ് ഭരിച്ചത് പി.എ

– കാര്‍ഷിക സര്‍വ്വകലാശാല നിയമനങ്ങളിലും അഴിമതി

-പി.എ. സക്കീര്‍ ഹുസൈന്‍-

തിരുവനന്തപുരം: യു.ഡി.എഫ് സര്‍ക്കാരില്‍ കൃഷി മന്ത്രിയായിരുന്ന കാലത്ത് വഴിവിട്ട ചെയ്തികളിലൂടെ കെ.പി മോഹനന്‍ കൈക്കലാക്കിയത് കോടികള്‍. ഇത് സംബന്ധിച്ച് വിജിലന്‍സ് പ്രാഥമിക പരിശോധന നടത്തിവരുകയാണ്. ജീവനക്കാരുടെ സ്ഥലം മാറ്റം, കരാര്‍ ജീവനക്കാരുടെ അനധികൃത സ്ഥിരപ്പെടുത്തല്‍, കൃഷി അസിസ്റ്റന്റുമാരുടെ അനധികൃത സ്ഥാനക്കയറ്റം എന്നിവയിലൂടെ കഴിഞ്ഞ അഞ്ചു വര്‍ഷം കൃഷി വകുപ്പില്‍ അഴിമതിയുടെ നൂറുമേനിയാണ് മോഹനന്‍ വിളവെടുത്തത്.
മന്ത്രിയുടെ പി.എയും കണ്ണൂര്‍ സ്വദേശിയുമായ രമേശ് ബാബുവാണ് പരസ്യമായി പണപ്പിരിവ് നടത്തിയിരുന്നത്. സെക്രട്ടേറിയറ്റിലെ ഓഫീസിലും മന്ത്രിയുടെ ഔദ്യോഗിക വസതിയായിരുന്ന സാനഡുവിലും സ്ഥലംമാറ്റം തുടങ്ങി വിവിധ ആവശ്യങ്ങളുമായെത്തുന്ന ജീവനക്കാരില്‍ നിന്നായിരുന്നു കൈക്കൂലി സമാഹരണം. നിയമവിധേയമായി നടന്നിരുന്ന പൊതുസ്ഥലം മാറ്റങ്ങള്‍ പോലും ലേലം വിളിച്ച് വില്‍ക്കുന്ന രീതിയാണ് അക്കാലത്ത് അരങ്ങേറിയത്. കുടുംബപരമായ കാരണങ്ങള്‍, അസുഖങ്ങള്‍ മൂലം വിഷമിക്കുന്ന ജീവനക്കാര്‍ എന്നിവരുടെ സ്ഥലം മാറ്റങ്ങള്‍ക്ക് പ്രത്യേക നിരക്കും ഏര്‍പ്പെടുത്തിയിരുന്നു.
കൃഷിവകുപ്പിന് കീഴിലുള്ള ഹോട്ടികോര്‍പ്പ് ഉള്‍പ്പെടെയുള്ള ബോര്‍ഡ്- കോര്‍പറേഷനുകളിലൂടെയും കോടികളാണ് മന്ത്രിയും കൂട്ടരും സമാഹരിച്ചത്. ഇത്തരം കോര്‍പറേഷനുകളുടെ തലപ്പത്ത് നിയമിക്കുന്ന എം.ഡിമാരിലൂടെയായിരുന്നു പണപ്പിരിവ്. മന്ത്രി ഓഫീസില്‍ നിശ്ചിതതുക മാസംതോറും എത്തിക്കണമെന്ന നിര്‍ദ്ദേശമാണ് ഇവര്‍ക്ക് നല്‍കുന്നത്. ഹോട്ടികോര്‍പ്പിലെ മുന്‍ എം.ഡിമാരായിരുന്ന ഡോ. കെ പ്രതാപന്‍ സുരേഷ് എന്നിവര്‍ക്കെതിരെ നേരത്തെ തന്നെ വിജിലന്‍സ് കേസെടുത്തിരുന്നു. ഇതിനു പുറമെയാണ് മന്ത്രി ഓഫീസ് കേന്ദ്രീകരിച്ച് നടന്ന അഴിമതി വിജിലന്‍സ് പ്രത്യേകമായി പരിഗണിക്കുന്നത്. മോഹനന്റെ കാലത്ത് ഹോട്ടികോര്‍പ്പിലെ അഴിമതിക്ക് ചുക്കാന്‍ പിടിച്ചിരുന്നത് ഒരു വനിത ചീഫ് അക്കൗണ്ട്‌സ് ഓഫീസറായിരുന്നെന്ന ആക്ഷേപവും അക്കാലത്ത് ശക്തമായിരുന്നു. ഭരണം മാറുന്തിനനുസരിച്ച് മന്ത്രിമാരുടെ ഇഷ്ടാനിഷ്ടങ്ങള്‍ മനസിലാക്കി പെരുമാറുന്ന ഈ വനിതാ ജീവനക്കാരി ഇപ്പോഴത്തെ മന്ത്രിയുടെയും അടുപ്പക്കാരിയാണ്.
കൃഷി അസിസ്റ്റന്റുമാരുടെ സ്ഥലം മാറ്റത്തിന് 75000 രൂപയും കൃഷി ഓഫീസറുമാരുടെ മാറ്റങ്ങള്‍ക്ക് ഒരു ലക്ഷം രൂപയുമാണ് ഈടാക്കുന്നത്. കൈക്കൂലി തുക പണമായി കൈപ്പറ്റാതെ ബാങ്കിന്റെ ശാഖയില്‍ നിക്ഷേപിക്കാനാണ് ജീവനക്കാര്‍ക്ക് പി.എ രമേഷ് ബാബു നല്‍കിയ നിര്‍ദ്ദേശം. അക്കൗണ്ട് നമ്പര്‍ നല്‍കിയ ശേഷം കാര്യങ്ങള്‍ ആലോചിക്കാമെന്ന് പറയുന്നതോടെ ഇതിന്റെ ഒന്നാം ഘട്ടം പിന്നിടും. പണം നിക്ഷേപിച്ച് മുന്‍കൂട്ടി ബുക്ക് ചെയ്യുന്നവര്‍ക്ക് ആദ്യം കാര്യങ്ങള്‍ സാധിച്ചു നല്‍കും. ഇതിനു പുറമേ കാര്‍ഷിക സര്‍വ്വകലാശാലയിലെ പല നിയമനങ്ങളിലും അഴിമതിയുടെ മണമുണ്ട്. സര്‍വ്വകലാശാലയിലെ ഒരു ഡീനിന്റെ കാലാവധി നീട്ടി നല്‍കിയതു സംബന്ധിച്ചും ലക്ഷങ്ങളുടെ ആരോപണമാണ് പുറത്തു വന്നിട്ടുള്ളത്. സ്ഥാനക്കയറ്റം ലഭിച്ച് ഡെപ്യൂട്ടി ഡയറക്ടറുമാരായി എത്തുന്നവര്‍ക്ക്് അതാത് ജില്ലകളില്‍ തന്നെ സ്ഥലം മാറ്റത്തിലൂടെ എത്താന്‍  രണ്ടര മുതല്‍ മൂന്നരലക്ഷം വരെ നല്‍കിയിട്ടുണ്ട്.
അസി.ഡയറക്ടറുമാരുടെ സ്ഥലം മാറ്റത്തിന് ഒന്നരലക്ഷവും ഈടാക്കിയിരുന്നു.
വൈസ് ചാന്‍സിലര്‍ നിയമനത്തില്‍ ആദ്യം ഒരാളില്‍ നിന്നും പണം വാങ്ങിയ ശേഷം പിന്നീട് ഇദ്ദേഹത്തെ ഒഴിവാക്കിയ സംഭവവും അന്ന് പുറത്തു വന്നില്ല. പിന്നീട് ഇതേ സ്ഥാനത്തേക്ക് കൂടുതല്‍ തുക നല്‍കിയ മറ്റൊരാളെ നിയമിച്ച ശേഷം ആദ്യയാളുടെ തുക മടക്കി നല്‍കി പ്രശ്നം മന്ത്രിയിടപെട്ട് ഒതുക്കി തീര്‍ത്തു. വയനാട്, കണ്ണൂര്‍, ഇടുക്കി ജില്ലകളില്‍ നിന്നും കൃഷി അസിസ്റ്റന്റുമാരുടെ വഴിവിട്ട സ്ഥാനക്കയറ്റതത്തിനു പിന്നിലും മന്ത്രിക്ക് ലക്ഷങ്ങളുടെ വരുമാനമുണ്ട്. മാനദ്ണ്ഡങ്ങളും ചട്ടങ്ങളും മറികടന്നാണ് ഇവിടെയുള്ളവരെ കൃഷി ഓഫീസറുമാരായി സ്ഥാനക്കയറ്റം നല്‍കിയിട്ടുള്ളത്. ഇതിന്റെയും മുഴുവന്‍ ഇടപാടുകളും പി.എ രമേഷ് ബാബു വഴിയാണ് നടന്നത്. ക്ഷീര വികസന വകുപ്പിലെ താല്‍ക്കാലിക വനിത ജീവനക്കാരെ സ്ഥിരപ്പെടുത്തുന്ന പ്രക്രിയയില്‍ പണത്തിനു പുറമേ തന്റെ മറ്റാവശ്യങ്ങളും നിറവേറ്റണമെന്നും പി.എ പറഞ്ഞതായും പേര് വെളിപ്പെടുത്താന്‍ ആരഗഹിക്കാത്ത ചില ജീവനക്കാര്‍ വൈ-ഫൈ റിപ്പോര്‍ട്ടറോട് വ്യക്തമാക്കിയിട്ടുണ്ട്. മന്ത്രിയുടെ അഴിമതി കേസുകള്‍ വാദിച്ചിരുന്ന തലസ്ഥാനത്തെ ഒരു പ്രമുഖ അഭിഭാഷകന്‍ വഴിയും ഇടപാടുകള്‍ നടന്നിരുന്നു. സര്‍ക്കാരിന്റെ അവസാനകാലത്ത് കൃഷി ഓഫീസറുമാരുടെ താല്‍ക്കാലിക നിയമനത്തിലും കടുത്ത അഴിമതിയാണ് അരങ്ങേറിയത്. സ്വന്തം വാസസ്ഥലത്തിനടുത്ത് നിയമനം ലഭിക്കാന്‍ എണ്‍പതിനായിരം മുതല്‍ ഒന്നര ലക്ഷം വരെ നല്‍കിയവരുമുണ്ട്. തുക നല്‍കാത്ത പലരേയും മറ്റു ജില്ലകളില്‍ നിയമിക്കുകയും ചെയ്തു.
കൃഷി ഡയറക്ടറേറ്റിലെ മുഴുവന്‍ കാര്യങ്ങളും നിയന്ത്രിച്ചത് മന്ത്രി മോഹനന്റെ മൗനാനുവാദത്തോടെ രമേഷ് ബാബുവായിരുന്നെന്ന് ഡയറക്ടറേറ്റിലെ ജീവനക്കാര്‍ ഇപ്പോള്‍ സമ്മതിക്കുന്നു. മന്ത്രി പങ്കെടുക്കേണ്ട ജില്ലാ കൃഷി ഉദ്യോഗസ്ഥരുടെ യോഗങ്ങളില്‍ പ്രധാന സ്ഥാനം വഹിച്ചിരുന്നതും ഇതേ രമേഷ് ബാബുവായിരുന്നു. ചില വനിത ഉദ്യോഗസ്ഥരെ മോശമായി രീതിയില്‍ അഭിസംബോധന ചെയ്തെന്നു കാട്ടി അന്ന് ജീവനക്കാര്‍ മേലുദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിയിരുന്നു. എന്നാല്‍ ഒരു നടപടിയും ഇതിലുണ്ടായില്ല. വ്യാപകമായ അഴിമതിയും മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തിയുള്ള പേക്കൂത്തുകളും വകുപ്പിലാകെ അരങ്ങേറിയിട്ടും വകുപ്പുതല അന്വേഷണമോ വിജിലന്‍സോ ഇതൊന്നും അന്വേഷിക്കാനും തയ്യാറായിരുന്നില്ല.
രമേഷ് ബാബുവിനെ പറ്റി പാര്‍ട്ടിയിലും ഉന്നത ഉദ്യോഗസ്ഥര്‍ക്കും നിരവധി പരാതികള്‍ ലഭിച്ചിരുന്നു എങ്കിലും ഇതും അന്വേഷണ വിധേയമാകാത്തതിനു പിന്നില്‍ കെ.പി മോഹനന്റെ പങ്കാണെന്ന് പകല്‍േപാലെ വ്യക്തമാണ്. മന്ത്രിയുടെ മനസാക്ഷി സൂക്ഷിപ്പുകാരനായിരുന്ന രമേഷ് ബാബു ആര്‍.എസ്.എസ് അനുഭാവിയാണെന്ന് പാര്‍ട്ടി നേതാക്കള്‍ പരാതി ഉന്നയിച്ചിരുന്നു. ഇയാളെപ്പറ്റി പാര്‍ട്ടി ഉന്നതനോട് പരാതിപ്പെട്ട യാള്‍ക്ക് ലഭിച്ച മറുപടി, രമേഷ് ബാബു രക്താര്‍ബുദ ബാധിതനായിരുന്നുവെന്നും അതിനാല്‍ അയാളുടെ ചെയ്തികളെ മന്ത്രി മന:പൂര്‍വ്വം കണ്ടില്ലെന്നു നടിക്കുകയാണെന്നുമാണ്. രോഗബാധിതനായ ശേഷം ചികിത്സയ്ക്ക് വന്‍തുക ആവശ്യമായി. കടം വീട്ടാനുള്ള മാര്‍ഗമായി പദവി ദുരുപയോഗപ്പെടുത്തുകയാണെന്നും പാര്‍ട്ടി ഉന്നതന്‍ സമ്മതിച്ചിട്ടുണ്ട്.
ഇതിനിടെ മോഹനന്‍ യു.ഡി.എഫ് വിടാനുള്ള നീക്കവും നടത്തിയിരുന്നു. ജനതാദള്‍ സെക്കുലറിലെ കെ.കൃഷ്ണന്‍കുട്ടിയാണ് മോഹനനെ മറുകണ്ടം ചാടിക്കാന്‍ ചുക്കാന്‍ പിടിച്ചത്. മന്ത്രിയുടെ വസതിയായ സാനഡുവിലും മറ്റിടങ്ങളിലും രഹസ്യകൂടിക്കാഴ്ച്ചയും അരങ്ങേറിയിരുന്നു. ഇത് ജനതാദള്‍ യുണൈറ്റഡ് നേതൃത്വം അറിഞ്ഞതോടെ വീരേന്ദ്രകുമാറടക്കം ഇടപെട്ട് മോഹനനെ വിരട്ടിയാണ് തീരുമാനത്തില്‍ നിന്നും പിന്തിരിപ്പിച്ചത്.