എച്ച്.ഐ.വി ബാധിതര്‍ക്ക് കുറഞ്ഞ ചെലവില്‍  വിദഗ്ധ ചികിത്സ നല്‍കാന്‍ സ്റ്റാര്‍ട്ടപ്പുകള്‍

ചെന്നൈ: ഏതെങ്കിലും ചെറിയ അസുഖത്തെ തുടര്‍ന്ന് ആശുപത്രിയിലെത്തുന്ന ഒരാള്‍. പരിശോധനകള്‍ക്കൊടുവില്‍ താന്‍ എച്ച്.ഐ.വി ബാധിതനാണെന്ന് ബോധ്യമാകുമ്പോഴുള്ള അവസ്ഥ ആലോചിച്ചു നോക്കൂ. അത്തരത്തില്‍ എച്ച്.ഐവി ബാധിതനെന്ന് അപ്രതീക്ഷിതമായി അറിഞ്ഞ നിര്‍ഭാഗ്യവാനായ വ്യക്തിയാണ് കൃഷ്ണഗിരി സ്വദേശി നടരാജന്‍(32).
ഗ്രാമീണനും രണ്ട് കുട്ടികളുടെ പിതാവുമായ നടരാജന് വിദഗ്ദചികിത്സയ്ക്ക് ഏത് ആശുപത്രിയെ സമീപിക്കണമെന്നോ ഏത് ഡോക്ടറെ കാണമെന്നോ അറിയില്ല. രോഗം നാട്ടുകാര്‍ അറിഞ്ഞാല്‍ ഉണ്ടായേക്കാവുന്ന ഒറ്റപ്പെടലിനെക്കുറിച്ച് ആലോചിച്ചപ്പോഴാണ്  നടരാജന്‍ ഏറ്റവുമധികം വേദനിച്ചത്. വീടിനടുത്ത് രണ്ട് സ്വകാര്യ ആശുപത്രികളാണുള്ളത്. അതില്‍ എവിടെ ചികിത്സ തേടിയാലും നാട്ടുകാര്‍ അറിയും. ഈ സാഹചര്യം എങ്ങനെ മറികടക്കാനാകും?. തന്റെ കുട്ടികള്‍ക്ക് രോഗബാധയുണ്ടാകുമോ? ഇനി പഴയതു പോലെ ജോലി ചെയ്യാനാകുമോ? ഇങ്ങനെ നിരവധി സംശയങ്ങളാണ് നടരാജനുണ്ടായത്.
ഈ സംശയങ്ങള്‍ നടരാജന്റേത് മാത്രമല്ല. രോഗബാധിതാനണെന്ന് അറിയുന്ന എല്ലാ സാധാരണക്കാരുടേതുമാണ്.
നടരാജനെപ്പോലെ രോഗബാധിതരായ എല്ലാവരുടെയും സംശയങ്ങള്‍ ദൂരീകരിക്കാനും അവര്‍ക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കാനുമുള്ള മാര്‍ഗമായി സ്റ്റാര്‍ട്ട്അപ്പ് ടെലി മെഡിസിന്‍ കമ്പനികള്‍ മാറിയിരിക്കുകയാണ്. രോഗബാധിതരായവര്‍ക്ക് മെഡിക്കല്‍ സേവനം നല്‍കുന്നതിന് പുറമെ മനക്കരുത്ത് നല്‍കാനും ഇത്തരം സ്റ്റാര്‍ട്ട്അപ് സംരംഭങ്ങള്‍ കഴിയുന്നുണ്ട്.
ഓണ്‍ലൈനായി ഗ്രാമീണമേഖലകള്‍ ഉള്‍പ്പെടെ രാജ്യത്തിന്റെ എല്ലായിടങ്ങളിലും ടെലിമെഡിസിന്‍ സ്റ്റാര്‍ട്ട്അപ്പുകള്‍ സേവനമെത്തിക്കുന്നുണ്ട്. എച്ച്.ഐ.വി, ആസ്മ, രക്തസമ്മര്‍ദ്ദം, പ്രമേഹം തുടങ്ങിയ രോഗങ്ങള്‍ ബാധിച്ചവരാണ് ഇത്തരം സ്റ്റാര്‍ട്ടപ്പുകളുടെ പ്രധാന ഗുണഭോക്താക്കള്‍. രോഗികളെയും രോഗത്തെയും സംബന്ധിച്ച വിവരങ്ങള്‍ തികച്ചും രഹസ്യമായിരിക്കുമെന്നതാണ് ഇത്തരം സംരംഭങ്ങളുടെ പ്രധാന ഗുണം. തങ്ങളുടെ സേവനം തേടുന്നവര്‍ക്ക് 15 മുതല്‍ 20 ശതമാനം വരെ വിലക്കുറവില്‍ മരുന്ന് ലഭ്യമാക്കനും ഈ സംരംഭങ്ങള്‍ക്ക് കഴിയുന്നുണ്ട്.
ആര്‍എക്‌സപ്രസ്, കര്‍മ്മ, ഒലിട്ടോ, കാഡിയ ടെക്‌നോളജീസ് തുടങ്ങിയ ചെലിമെഡിസിന്‍ സംരംഭങ്ങളാണ് ഗ്രമീണമേഖലകളില്‍പ്പോലുമുള്ള എച്ച്.ഐ.വി ബാധിതര്‍ക്ക് കുറഞ്ഞ ചെലവില്‍ സേവനമെത്തിക്കുന്നത്. എച്ച്.ഐ.വി ബാധിതരെ ശുശ്രൂഷിക്കുന്നതിന് പുറമെ രോഗത്തെ സംബന്ധിച്ചുള്ള അവരുടെ സംശയങ്ങള്‍ ദൂരീകരിക്കുകയും സാധാരണജീവിതത്തിലേക്ക് മടക്കിക്കൊണ്ട് വരുകയുമാണ് തങ്ങള്‍ ചെയ്യുന്നതെന്ന് ആര്‍എക്‌സപ്രസ് സി.ഇ.ഒ മധൂര്‍ ഗോപാല്‍ പറയുന്നു. 12000 ത്തോളം രോഗികളാണ് ആര്‍എക്‌സപ്രസില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്നും അദ്ദേഹം പറയുന്നു.