28 C
Kochi
Friday, July 5, 2024
മെഡിക്കല്‍ കോളേജ് പ്രവേശനം: സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പുറത്തിറക്കിയത് സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി

മെഡിക്കല്‍ കോളേജ് പ്രവേശനം: സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പുറത്തിറക്കിയത് സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി

ന്യൂഡല്‍ഹി: മെഡിക്കല്‍ കോളേജ് പ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രീംകോടതി വിധി മറികടക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പുറത്തിറക്കിയത് സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി. പാലക്കാട് സ്വദേശി ഗോകുല്‍ പ്രസാദാണ് കോടതിയെ സമീപിച്ചത്. കോടതി വിധി വന്ന് ഏഴ് മാസങ്ങള്‍ക്ക് ശേഷം ഓര്‍ഡിനന്‍സ് ഇറക്കിയത് അഴിമതിയാണെന്ന് ഹര്‍ജി ചൂണ്ടിക്കാട്ടുന്നു.

കണ്ണൂര്‍ മെഡിക്കല്‍ കോളേജ് ഉടമയ്‌ക്കെതിരായ പരാതിയില്‍ കേസെടുത്തതാണെന്നും എന്നാല്‍ ഉന്നത ഇടപെടലിനെ തുടര്‍ന്ന് നടപടിയുണ്ടായില്ലെന്നും ഹര്‍ജിയില്‍ ആരോപിച്ചു. ഇക്കാര്യങ്ങള്‍ സി.ബി.ഐയോ പ്രത്യേക സംഘമോ അന്വേഷിക്കണമെന്നാണ് ആവശ്യം. അതേസമയം, കേസില്‍ സര്‍ക്കാരിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകനായ മുകുള്‍ റോത്തഗി ഹാജരാകുമെന്നാണ് വിവരം.

കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളേജുകളില്‍ മാനേജ്‌മെന്റുകള്‍ നേരിട്ട് പ്രവേശിപ്പിച്ച വിദ്യാര്‍ത്ഥികളെ സംരക്ഷിക്കാനാണ് സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കിയത്. കഴിഞ്ഞവര്‍ഷം സര്‍ക്കാരുമായി കരാര്‍ ഒപ്പിടാതെ കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളേജുകള്‍ നേരിട്ട് നടത്തിയ പ്രവേശനം മേല്‍നോട്ട സമിതി റദ്ദാക്കിയിരുന്നു. കണ്ണൂരില്‍ 150ഉം കരുണയില്‍ 30ഉം വിദ്യാര്‍ത്ഥികളുടെ പ്രവേശനമാണ് റദ്ദായത്. ഈ നടപടി സുപ്രീംകോടതിയും ശരിവച്ചു. കരുണയില്‍ 30 വിദ്യാര്‍ത്ഥികളെ പ്രവേശനപരീക്ഷാ കമ്മിഷണര്‍ പകരം അലോട്ട് ചെയ്‌തെങ്കിലും അവര്‍ക്ക് ഇക്കൊല്ലം പ്രവേശനം നല്കാനായിരുന്നു കോടതി നിര്‍ദ്ദേശം.

എന്നാല്‍, മാനേജ്‌മെന്റ് പ്രവേശിപ്പിച്ച വിദ്യാര്‍ത്ഥികള്‍ ഇരുകോളേജുകളിലും പഠനം തുടര്‍ന്നു. ഒന്നാം വര്‍ഷ പരീക്ഷയ്ക്കായി ആരോഗ്യ സര്‍വകലാശാലയെ സമീപിച്ചപ്പോഴാണ് പ്രവേശനത്തിന് അംഗീകാരമില്ലാത്തതിനാല്‍ രജിസ്റ്റര്‍ ചെയ്തിട്ടു പോലും ഇല്ലെന്ന് വ്യക്തമായത്. വന്‍ ഫീസ് വാങ്ങി കുട്ടികളെ പ്രവേശിപ്പിച്ച മാനേജ്‌മെന്റുകളാകട്ടെ കൈമലര്‍ത്തി. കുട്ടികള്‍ കോടതിയെ സമീപിച്ചെങ്കിലും അപേക്ഷ തള്ളി. ഇതോടെയാണ് കുട്ടികള്‍ സര്‍ക്കാരിനെ സമീപിച്ചത്. ഇതിനെത്തുടര്‍ന്ന് ഈ കോളേജുകളിലെ കുട്ടികളുടെ പ്രവേശനം സംബന്ധിച്ച് സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കുകയായിരുന്നു.