അവര്‍ പശ്ചാത്തപിക്കുന്നില്ലേ, ഇനി വെറുതെ വിടൂ; സ്റ്റീവ് സ്മിത്തിനെ ക്രൂശിക്കരുതെന്ന് സച്ചിന്‍

തെറ്റു ചെയ്തവര്‍ക്ക് അതിനുള്ള ശിക്ഷ ലഭിച്ചാല്‍ പിന്നെ അവരെ വെറുതെവിടണം. വീണ്ടും വീണ്ടും കുത്തിനോവിക്കരുത്. പന്തില്‍ കൃത്രിമം കാണിച്ച വിവാദത്തില്‍ കണ്ണീരോടെ മാപ്പുപറഞ്ഞ സ്റ്റീവ് സ്മിത്തിനെ ഇനി ക്രൂശിക്കരുതെന്ന് പറഞ്ഞ് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍.

എല്ലാവരോടും മാപ്പപേക്ഷിച്ച് സ്മിത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തിന് പിന്നാലെയാണ് സച്ചിന്‍ ട്വിറ്ററിലൂടെ പ്രതികരിച്ചത്. ‘അവര്‍ വേദനിക്കുന്നുണ്ട്, ഖേദിക്കുന്നുണ്ട്. നമ്മളെല്ലാവരും പിന്മാറേണ്ട സമയമാണിത്. അവര്‍ക്കിത്തിരി സമാധാനം നല്‍കണം’- സച്ചിന്‍ ട്വീറ്റ് ചെയ്തു.

നേരത്തെ രോഹിത് ശര്‍മ്മയും ഇതേ അഭിപ്രായം പങ്കുവെച്ചിരുന്നു. വിമാനത്താവളത്തില്‍വെച്ചുള്ള സ്മിത്തിന്റെ വീഡിയോയും വാര്‍ത്താസമ്മേളനവും കണ്ടാല്‍ അവര്‍ എത്രമാത്രം ഖേദിക്കുന്നുണ്ടെന്ന് മനസ്സിലാക്കാം. തെറ്റ് അവര്‍ ഏറ്റുപറഞ്ഞു. ആ ഒരു തെറ്റിന്റെ പേരില്‍ അവരുടെ ക്രിക്കറ്റിലെ മികവിനെ ചോദ്യം ചെയ്യരുത്- രോഹിത് ട്വീറ്റ് ചെയ്തു.

വിലക്കിനേക്കാള്‍ ചതിയനെന്ന മുദ്രകുത്തലാണ് സ്മിത്തിന് ലഭിച്ച ഏറ്റവും വലിയ ശിക്ഷയെന്ന് ഗംഭീര്‍ പറഞ്ഞിരുന്നു.