സോഷ്യല്‍ മീഡിയയെ കുഴപ്പത്തിലാക്കി ഈ ചിത്രം

രണ്ട് ദിവസം മുമ്പ് അലാസ്‌ക എയര്‍ലൈന്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ഒരു ഫോട്ടോയ്ക്ക് പിന്നാലെയാണ് സോഷ്യല്‍ മീഡിയ. ഹവായ് ബീച്ചില്‍ വിശ്രമിക്കുന്ന രണ്ട് വനിതകളുടെ ചിത്രമാണ് അലാസ്‌ക എയര്‍ലൈന്‍ പോസ്റ്റ് ചെയ്തത്. പോസ്റ്റ് ചെയ്ത് ഉടനെ തന്നെ ഫോട്ടോ വ്യാജമാണെന്ന് അവകാശപ്പെട്ട് നിരവധി പേര്‍ വന്നു. ഈ ഫോട്ടോയില്‍ തിരിമറികള്‍ നടന്നിട്ടുണ്ടെന്നാണ് വിമര്‍ശനവുമായി എത്തുന്നവര്‍ പറയുന്നത്.

ചിത്രത്തിലെ പ്രധാന തകരാറായി മിക്ക ആളുകളും ചൂണ്ടിക്കാണിക്കുന്നത് ചിത്രത്തിലെ കാല്‍പ്പാടുകള്‍ ആണ്. ഒരു ജോടി കാല്‍പ്പാടുകളും രണ്ട് ആളുകളും എങ്ങനെ വാസ്തവമാകുമെന്ന് നിരവധി ആളുകള്‍ ചോദിക്കുന്നത്. എന്നാല്‍ ഫോട്ടോ മനോഹരമാണെന്ന് സമ്മതിക്കാന്‍ ആരും മടിക്കുന്നുമില്ല. റെബേക്കാ പാറ്റീ എന്ന സ്ത്രീയാണ് ഈ ചിത്രമെടുത്തിരിക്കുന്നത്.

ഡ്രോണ്‍ ഉപയോഗിച്ചാണ് ഈ ചിത്രമെടുത്തതെന്നും ഒരു വിധത്തിലുള്ള കൃത്രിമത്വം ഈ ചിത്രത്തില്‍ ചെയ്തിട്ടില്ലെന്നും റെബേക്ക വ്യക്തമാക്കുന്നുണ്ട്. റബേക്കയുടെ സുഹൃത്തായ റോബിയാണ് ചിത്രത്തില്‍ കൂടെയുള്ളതെന്നും . ബീച്ചിലേയ്ക്ക് ഒരാളുടെ കാല്‍പ്പാട് പിന്തുടര്‍ന്ന് നടന്നതിനാലാണ് ഒരു ജോഡി കാല്‍പാടുകള്‍ മാത്രം ചിത്രത്തിലുള്ളതെന്നും ഇവര്‍ പറയുന്നു. എന്തായാലും റബേക്കയുടെ വിശദീകരണം അതേപടി ചെവിക്കൊള്ളാന്‍ ആരും തയ്യാറായിട്ടില്ലെന്നാണ് ചിത്രത്തിന് ലഭിക്കുന്ന പ്രതികരണത്തില്‍ നിന്ന് മനസിലാകുന്നത്.