കുതിരയെ സ്വന്തമായി വാങ്ങിയതിന് ദലിത് യുവാവിനെ കൊലപ്പെടുത്തി

കുതിരയെ സ്വന്തമായി വാങ്ങിയതിന് ദലിത് യുവാവിനെ ഉയര്‍ന്ന ജാതിക്കാര്‍ കൊലപ്പെടുത്തി. 21കാരനായ പ്രദീപ് റാത്തോഡ് ആണ് കൊല്ലപ്പെട്ടത്. ഗുജറാത്തിലെ ഭാവ്‌നഗറിലെ ഉമറാല ടെഹ്‌സിലിലെ ടിംബി ഗ്രാമത്തിലാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് 3 പേര്‍ അറസ്റ്റിലായി.

രണ്ട് മാസം മുമ്പാണ് പ്രദീപ് കുതിരയെ വാങ്ങിയത്. അന്ന് മുതല്‍ ഇയാള്‍ക്കെതിരെ ഭീഷണിയുണ്ടായിരുന്നു. വ്യാഴാഴ്ച രാത്രിയാണ് പ്രദീപ് കൊല്ലപ്പെട്ടത്.

പ്രദീപിന്റെ മൃതശരീരം ഭാവ്‌നഗറിലെ സിവില്‍ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി. കുറ്റവാളികളെ പിടികൂടാതെ മൃതദേഹം ഏറ്റുവാങ്ങില്ലെന്ന നിലപാടിലായിരുന്നു ബന്ധുക്കള്‍.

കൃഷി സ്ഥലത്തേക്ക് പോയിവന്നിട്ട് ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കാമെന്ന് പറഞ്ഞ് പോയതായിരുന്നു മകനെന്ന് പ്രദീപിന്റെ പിതാവ് കാലുഭായ് പറഞ്ഞു. കൃഷിസ്ഥലത്ത് കുതിരയെ ഓടിക്കാന്‍ പോയതായിരുന്നു പ്രദീപ്. എന്നാല്‍ ഇയാള്‍ തിരിച്ചുവരാന്‍ വൈകിയതിനെ തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. പ്രദീപിന് പുറമെ കുതിരയെയും അക്രമികള്‍ കൊന്നു.

സ്‌കൂള്‍ വിദ്യാഭ്യാസത്തിന് ശേഷം പിതാവിനെ കൃഷിയില്‍ സഹായിക്കുകയായിരുന്നു പ്രദീപ്. ടിംബി ഗ്രാമത്തില്‍ 3000 പേരാണ് താമസിക്കുന്നത്. ഇതില്‍ 10 ശതമാനം മാത്രമാണ് ദലിതരുള്ളത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ