ബ്ലാസ്റ്റേഴ്‌സും ഗോകുലവും ഒരുങ്ങി; ആരാധകരും ആവേശത്തില്‍; സൂപ്പര്‍ കപ്പിന് ഇന്ന് കിക്കോഫ്

ഇന്ത്യന്‍ ഫുട്‌ബോള്‍ ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന ഹീറോ സൂപ്പര്‍ കപ്പിന് ഇന്ന് ഭുവനേശ്വറില്‍ കിക്കോഫ്. കലിംഗ സ്‌റ്റേഡിയത്തില്‍ വൈകീട്ട് 8 മണിക്ക് നടക്കുന്ന ആദ്യ പ്രീ ക്വാര്‍ട്ടര്‍ മത്സരത്തില്‍ ഐ എസ് എല്‍ ചാമ്പ്യന്‍മാരായ ചെന്നൈയിന്‍ എഫ് സി ഐ ലീഗിലെ അഞ്ചാം സ്ഥാനക്കാരായ ഐസ്വാള്‍ എഫ് സിയെ നേരിടും.

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫൈനലില്‍ കരുത്തരായ ബെംഗളുരു എഫ് സിയെ പരാജയപ്പെടുത്തി കിരീടം സ്വന്തമാക്കിയതിന്റെ ആത്മവിശ്വാസത്തിലാണ് ചെന്നൈ. എന്നാല്‍ ഐ എസ് എല്ലില്‍ ടീമിനൊപ്പമുണ്ടായിരുന്ന മുഴുവന്‍ വിദേശതാരങ്ങളെയും ചെന്നൈയിന്‍ സൂപ്പര്‍ കപ്പിനുള്ള ടീമില്‍ നിലനിര്‍ത്തിയിട്ടില്ല. റാഫേല്‍ അഗസ്‌റ്റോ, ജെയ്മി ഗാവിലാന്‍, ജൂഡ് നൗറാഹ്, മെയില്‍സണ്‍ ആല്‍വസ് എന്നിവരാണ് ചെന്നൈയിന്റെ വിദേശതാരങ്ങള്‍. ആകെ ആറു വിദേശതാരങ്ങളെ ടീമിനൊപ്പം നിലനിര്‍ത്താമെന്ന സാഹചര്യമുണ്ടായിട്ടും ചെന്നൈയിന്‍ അതിന് തയ്യാറായില്ലെന്നത് ശ്രദ്ധേയമാണ്. മുന്നേറ്റത്തില്‍ ഇന്ത്യന്‍ സ്‌െ്രെടക്കര്‍ ജെജ ലാല്‍പെഖുലയുടെ ആവേശവും ഗോള്‍പോസ്റ്റിന് മുന്നില്‍ ഇന്ത്യന്‍ ഗോളി കരണ്‍ജിത്തുമുള്ളപ്പോള്‍ ഐസ്വാളിനെ പരാജയപ്പെടുത്താന്‍ കഴിയുമെന്നാണ് ചെന്നൈയുടെ വിശ്വാസം. മലയാളി താരം മുഹമ്മദ് റാഫിയും ടീമിലുണ്ട്.

ഐ ലീഗില്‍ 18 കളികളില്‍ നിന്ന് 31 പോയന്റോടെ അഞ്ചാം സ്ഥാനത്തായിരുന്നു ഐസ്വാള്‍ എഫ് സി. നിലവില്‍ എ എഫ് സി കപ്പ് കളിച്ചു കൊണ്ടിരിക്കുന്ന ഐസ്വാളിന് ചെന്നൈയിനെതിരെയുള്ള പോരാട്ടം കടുത്തതാകാനാണ് സാധ്യത. ആന്‍ഡ്രെ ലൊനെസ്‌കു, മസീഹ് സെയ്ഗാനി, ലിയോണ്‍സ് ഡോഡോസ്, ആല്‍ഫ്രഡ് ജാര്യന്‍ എന്നിവരാണ് ഐസ്വാളിലെ വിദേശ സാന്നിധ്യങ്ങള്‍.

നോക്കൗട്ട് രീതിയില്‍ നടത്തുന്ന സൂപ്പര്‍ കപ്പില്‍ ഐ.എസ്.എല്ലില്‍ നിന്നും ഐലീഗില്‍ നിന്നുമുള്ള 16 ക്ലബ്ബുകള്‍ മത്സരിക്കുന്നു. പ്രഥമ സൂപ്പര്‍ കപ്പില്‍ കേരളത്തിന്റെ പ്രതിനിധികളായി കേരള ബ്ലാസ്‌റ്റേഴ്‌സും ഗോകുലം എഫ്.സിയുമുണ്ട്. എന്തായാലും സൂപ്പര്‍ കപ്പ് പോരാട്ടങ്ങള്‍ക്ക് തുടക്കം കുറിക്കുമ്പോള്‍ ഫുട്‌ബോള്‍ ആരാധകര്‍ ഏറെ പ്രതീക്ഷയിലാണുള്ളത്.മികച്ച ഫുട്‌ബോള്‍ പോരാട്ടങ്ങള്‍ക്ക് വേണ്ടിത്തന്നെയാണ് ആരാധകര്‍ കാത്തിരിക്കുന്നതും.

പ്രീ ക്വാര്‍ട്ടര്‍ മത്സരങ്ങള്‍ മാത്രമാണ് രാത്രി എട്ടു മണിക്ക് നടക്കുന്നത്. ക്വാര്‍ട്ടര്‍ മുതല്‍ മത്സരങ്ങള്‍ വൈകുന്നേരം നാല് മണിക്ക് നടക്കും. ഏപ്രില്‍ ഏഴിന് തുടങ്ങുന്ന ഐ.പി.എല്‍ ക്രിക്കറ്റിന്റെ സംപ്രേഷണ സമയം കണക്കിലെടുത്താണ് കളി നേരത്തെയാക്കിയത്.