തൈമൂറിന്റെ ബോളിവുഡിലെ ആദ്യ സിനിമ ഏതായിരിക്കുമെന്ന് വെളിപ്പെടുത്തി കരീന

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കരീന കപൂര്‍ ഷൂട്ടിംഗ് സെറ്റിലേക്ക് മകന്‍ തൈമൂര്‍ അലി ഖാനെയും കൊണ്ടുപോകുന്നുണ്ട്. മെഹ്ബൂബ് സ്റ്റുഡിയോയില്‍ ഒരു പരസ്യചിത്രീകരണത്തിനായാണ് കരീനയെത്തുന്നത്. കരീന മകനെയും കൂടെ കൊണ്ടുനടക്കുന്നത് തൈമുറിനെയും ഒരു സിനിമാതാരമാക്കാനാണെന്നാണ് അണിയറ സംസാരം. ഇതിന് തെളിവായി പാപ്പരാസികള്‍ കണ്ടെത്തിയിരിക്കുന്നത് ഒരു വീഡിയോയാണ്. ഈ വീഡിയോ ഇതിനോടകം വൈറലാകുകയും ചെയതു. മെഹബൂബ് സ്റ്റുഡിയോയുടെ മുന്നില്‍ വെച്ച് സംവിധായകന്‍ പുനിത് മല്‍ഹോത്രയോട് കരീന സംസാരിക്കുന്ന വീഡിയോയാണ് അത്.

”ഇന്ന് എനിക്ക് ഉറപ്പാണ് ‘സ്റ്റുഡന്റ് ഓഫ് ദി ഇയര്‍ 5ല്‍’ തൈമൂര്‍ ഉണ്ടാകുമെന്ന്. അവനായിരിക്കും സ്റ്റുഡന്റ് ഓഫ് ദി ഇയര്‍ 5”, കരീന തമാശരൂപേണ പുനിതിനോട് പറഞ്ഞു. ഈ സമയം കരീനയുടെ കൈയില്‍ തൈമൂറുമുണ്ടായിരുന്നു.

സ്റ്റുഡന്റ് ഓഫ് ദി ഇയര്‍ എന്ന ചിത്രത്തിന്റെ ആദ്യ ഭാഗം ഇറങ്ങി 5 വര്‍ഷത്തിന് ശേഷമാണ് രണ്ടാമത്തെ ഭാഗം ഇറങ്ങുന്നത്. രണ്ടാം ഭാഗത്തില്‍ നായകനായെത്തുന്നത് ജാക്കി ഷ്‌റോഫിന്റെ മകന്‍ ടൈഗര്‍ ഷ്‌റോഫാണ്. സ്റ്റുഡന്റ് ഓഫ് ദി ഇയര്‍ 5 വര്‍ഷം കൂടുമ്പോള്‍ എടുത്താല്‍ അഞ്ചാമത്തെ ഭാഗമാകുമ്പോഴേക്കും തൈമൂറിന് 18-20 വയസാകും. അങ്ങനെ തൈമൂറിന് സിനിമാപ്രവേശനം സാധ്യമാകുമെന്നാണ് കരീനയുടെ വാക്കുകളിലെ ധ്വനി.

കരണ്‍ ജോഹറാണ് സ്റ്റുഡന്റ് ഓഫ് ദി ഇയര്‍ ചിത്രങ്ങളുടെ നിര്‍മ്മാതാവ്. കരീനയും കരണ്‍ ജോഹറും ഉറ്റ സുഹൃത്തുക്കളുമാണ്. താരങ്ങളുടെ മക്കളെ സിനിമയില്‍ അവതരിപ്പിക്കുന്നതില്‍ കരണ്‍ ജോഹര്‍ മുന്‍പന്തിയിലുമാണ്.