വിദ്യാര്‍ഥിയുടെ ആത്മഹത്യ: കോട്ടയം പാമ്പാടി ക്രോസ് റോഡ്‌സ് സ്‌കൂളില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ച് അക്രമാസക്തമായി; സ്കൂള്‍ അടിച്ചുതകര്‍ത്തു

കോട്ടയം: പാമ്പാടി ക്രോസ് റോഡ്‌സ് സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥി ജീവനൊടുക്കിയ സംഭവത്തില്‍ അന്വേഷണമാവശ്യപ്പെട്ട് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ച് അക്രമാസക്തമായി. സ്‌കൂളിന്റെ ഹയര്‍സെക്കന്‍ഡറി ക്ലാസുകള്‍ പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തു. സംഭവസ്ഥലത്ത് എത്തിയ പൊലീസ് ലാത്തി വീശി.

സ്‌കൂളിന് നേരെ കല്ലെറിഞ്ഞ എസ്എഫ്ഐ പ്രവര്‍ത്തകര്‍ ക്ലാസ്സ് റൂമുകളുടേയും ഓഫീസിന്റേയും ചില്ലുകള്‍ അടിച്ചു തകര്‍ക്കുകയും ചെയ്തു. മാര്‍ച്ച് അക്രമാസക്തമായതിനെ തുടര്‍ന്ന് പൊലീസ് ലാത്തിവീശിയും കണ്ണീര്‍വാതകം പ്രയോഗിച്ചുമാണ് പ്രക്ഷോഭകാരികളെ നിയന്ത്രിച്ചത്.

പരീക്ഷയില്‍ പരാജയപ്പെടുത്തുമെന്ന അധ്യാപകരുടെ ഭീഷണിയെ തുടര്‍ന്ന് സ്‌കൂളിലെ ഒന്‍പതാം ക്ലാസ്സ് വിദ്യാര്‍ഥി ബിന്റോ ഈപ്പന്‍ ആത്മഹത്യ ചെയ്ത സംഭവമാണ് എസ്.എഫ്.ഐ പ്രക്ഷോഭത്തിന് കാരണം. എന്നാല്‍ വിദ്യാര്‍ഥിയെ മനപൂര്‍വ്വം പരാജയപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ലെന്നാണ് സ്‌കൂള്‍ മാനേജ്‌മെന്റിന്റെ വിശദീകരണം.