യേശുവിന്റെ മരണം;ചില ധ്യാനചിന്തകള്‍

നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷത്തിലെ ഫലം നീ തിന്നരുത്. തിന്നുന്ന ദിവസം നീ മരിക്കും.” (ഉല്‍പ 2:17)
”ഒരു മനുഷ്യന്‍ മൂലം പാപവും പാപം മൂലം മരണവും ഭൂമിയിലുണ്ടായി.” (റോമ 5:12)
”പാപത്തിന്റെ ശമ്പളം മരണമത്രെ” (റോമ 6:23)

മരണം ഇന്നലെ വരെ നമുക്ക് ശാപത്തിന്റെയും പാപത്തിന്റെയും ഫലമായി മനുഷ്യനില്‍ വന്നുചേരുന്ന ശിക്ഷയായിരുന്നു. ആദിമാതാപിതാക്കളുടെ അനുസരണക്കേടിന്റെയും ദൈവത്തെ പോലെയാകാനുള്ള അവരുടെ അഹങ്കാരത്തിന്റെയും രൂപത്തില്‍ ആദ്യമായി മരണം ഭൂമിയിലേക്ക് ഇറങ്ങിവന്നു എന്ന് വേദപുസ്തകത്തില്‍ നാം വായിക്കുന്നു. തുടര്‍ന്നുവന്ന എല്ലാ പാഠങ്ങളും അതിനെ അരക്കിട്ടുറപ്പിക്കുന്ന വിധത്തിലുമായി. തെറ്റു ചെയ്തവരെയും അനീതി പ്രവര്‍ത്തിക്കുന്നവരെയും ദൈവേഷ്ടത്തിന് വിരുദ്ധമായി ജീവിക്കുന്നവരെയും സംഹാരദൂതന്‍ നിഹനിക്കുന്നതായി അത് നമുക്ക് പറഞ്ഞുതന്നു. തന്മൂലം മരണം നമുക്ക് ഭീതിദമായ ഓര്‍മ്മയായി, ശിക്ഷയായി.

എന്നാല്‍, മറ്റ് പല പാരമ്പര്യങ്ങളെയുംപോലെ ക്രിസ്തു മരണ സങ്കല്പങ്ങളെയും തകിടം മറിച്ചു. ദൈവാലയത്തിലെ നാണയമാറ്റക്കാരുടെയും കച്ചവടക്കാരുടെയും മേശകള്‍ ഈശോ തട്ടിമറിച്ചതിന്റെ പൊരുള്‍ തന്റെ പിതാവിന്റെ ആലയം കച്ചവടകേന്ദ്രമാക്കുന്നതിനെതിരെയുള്ള കലാപം മാത്രമായിരുന്നില്ല, പരമ്പരാഗതശീലങ്ങളെയും ശീലായ്മകളെയും കീഴ്‌മേല്‍ മറിക്കുന്നതിന്റെ കൂടി പ്രതീകമായിരുന്നുവെന്ന് എനിക്കിപ്പോള്‍ തോന്നുന്നു.
മുപ്പത്തിമൂന്ന് വയസ് ഇന്നത്തെ ചുറ്റുപാടില്‍ ഒരു ചെറുപ്പക്കാരന്‍ ഗൃഹസ്ഥനാകുന്ന ഏകദേശ പ്രായമാണ്. അവന്‍ ‘ജീവിക്കാനും’ അവനെ ആശ്രയിച്ച് മറ്റുള്ളവര്‍ ജീവിക്കാനും തുടങ്ങുന്ന പ്രായം. യൗവനതീക്ഷ്ണതയില്‍ ഒരുപാട് മോഹങ്ങള്‍ കത്തിനില്ക്കുന്ന സമയം. അങ്ങനെയൊരു പ്രായത്തിലാണ് ക്രിസ്തു മരണം വരിക്കുന്നത്.

ദീര്‍ഘായുസ് ദൈവത്തിന്റെ പ്രത്യേക സമ്മാനമാണെന്ന വ്യക്തമായ സൂചന ബൈബിള്‍ പലയിടങ്ങളിലും അവതരിപ്പിക്കുന്നുണ്ട്. ദൈവഭക്തിക്ക് ദീര്‍ഘായുസ് പ്രതിഫലമെന്നും (നിയമ. 30:20) ഭൂമിയില്‍ ദീര്‍ഘകാലം ജീവിച്ചിരിക്കുന്നതിന് മാതാപിതാക്കളെ ബഹുമാനിക്കുക (പുറ. 20:12) എന്നിങ്ങനെ നിരവധി ഉദാഹരണങ്ങള്‍ അതിനെ സാധൂകരിക്കുന്നുണ്ട്. മാത്രവുമല്ല, ദീര്‍ഘായുസിന്റെ പെരുപ്പംകൊണ്ട് പഴയനിയമം നമ്മെ അമ്പരിപ്പിക്കുന്നുമുണ്ട്.
നോഹയുടെ ജീവിതകാലം തൊള്ളായിരത്തിയമ്പതു കൊല്ലമായിരുന്നു. (ഉല്‍പത്തി 9; 29) അബ്രാഹത്തിന്റെ ആയുഷ്‌ക്കാലം നൂറ്റെഴുപത്തഞ്ച് വര്‍ഷമായിരുന്നു(ഉല്‍പത്തി 25;7) ഇസഹാക്കിന്റെ ആയുഷ്‌ക്കാലം നൂറ്റെണ്‍പത് വര്‍ഷമായിരുന്നു (35;29), യാക്കോബിന്റെ ആയുഷ്‌ക്കാലം നൂറ്റിനാല്പത്തിയേഴു വര്‍ഷമായിരുന്നു (47;28) ഇങ്ങനെയെല്ലാമുള്ള ആയുസിന്റെ പുസ്തകങ്ങളെയാണ്, കാലപ്രവാഹത്തെയാണ്് വെറും ഒരു 33 കാരന്‍ തന്റെ മരണം വഴി ശാപം, പാപം എന്നിവയുടെ ആഘാതങ്ങളില്‍ നിന്ന് മോചിപ്പിച്ച് അതിനെ ഏറ്റവും സുന്ദരമായ അനുഭവമാക്കിയത്.

ഈ സുന്ദരമായ മരണാനുഭവം ക്രിസ്തു എങ്ങനെ പ്രാപിച്ചെന്നറിയാന്‍ അവിടുത്തെ അന്ത്യനിമിഷങ്ങളിലൂടെ നാം കടന്നുപോകേണ്ടതുണ്ട്.
1. മരണം ദൈവഹിതമാണെന്ന തിരിച്ചറിവ്
മരണം ദൈവഹിതമാണെന്ന് തിരിച്ചറിഞ്ഞവനായിരുന്നു ക്രിസ്തു. എല്ലാ മനുഷ്യരെയും പോലെ ഉടലിനെ വേര്‍പിരിയുമ്പോഴുണ്ടാകുന്ന വേദന തീര്‍ച്ചയായും ക്രിസ്തുവിനും ഉണ്ടായിരുന്നിരിക്കണം. ഗദ്‌സമനി എല്ലാ മരണാസന്നരും മുട്ടുകുത്തി പ്രാര്‍ത്ഥിക്കുന്ന ഇടമായി മാറിയത് അങ്ങനെയാണ്.
മരണത്തില്‍ നിന്ന് ഒഴിവാകാന്‍ എല്ലാവരും ആഗ്രഹിക്കുന്നു. ക്രിസ്തുവും അതില്‍ നിന്ന് ഒഴിവാകുന്നില്ല. പക്ഷേ അടുത്തനിമിഷം ക്രിസ്തു അറിയുന്നുണ്ട് മരണം ദൈവപിതാവിന്റെ ഹിതമാണെന്ന്. ആ ഹിതത്തില്‍ നിന്ന് ഒഴിവാകാന്‍ ശ്രമിക്കാതെ പൂര്‍ണ്ണമായും ദൈവഹിതത്തിന് വിധേയപ്പെടാന്‍ ക്രിസ്തു സന്നദ്ധനാകുന്നു.
…എങ്കിലും എന്റെ ഹിതമല്ല അവിടുത്തെ ഹിതം നിറവേറട്ടെ (ലൂക്കാ 22:42). ഈ മാതൃകയാണ് നാം അനുകരിക്കാന്‍ ശ്രമിക്കേണ്ടത്. മരണം ദൈവഹിതമാണെന്ന് മനസ്സിലാക്കി കുതറിയും പതറിയും നില്ക്കാതെ അതിനെ ദൈവകരങ്ങളില്‍ നിന്ന് സന്തോഷത്തോടെ സ്വീകരിക്കാന്‍ ശ്രമിക്കുക.

2. പ്രാര്‍ത്ഥനയോടെയുള്ള മരണം
മരിക്കുമെന്ന അറിവ്, മരിക്കാന്‍ പോകയാണെന്ന മുന്നറിയിപ്പ് ഒരു നല്ലമരണത്തിനുളള വഴിയൊരുക്കലാണ്. പ്രാര്‍ത്ഥനയും പശ്ചാത്താപവും ആ വഴിക്ക് കൂട്ടുവരുന്നു. താന്‍ മരിക്കാന്‍ പോവുകയാണെന്ന അറിവ് രക്തംവിയര്‍ത്തുള്ള പ്രാര്‍ത്ഥനയിലേക്ക് യേശുവിനെ നയിക്കുന്നു.
അവന്‍ തീവ്രവേദനയില്‍ മുഴുകി കൂടുതല്‍ തീക്ഷ്ണമായി പ്രാര്‍ത്ഥിച്ചു. അവന്റെ വിയര്‍പ്പു രക്തത്തുള്ളികള്‍ പോലെ നിലത്തുവീണു. (ലൂക്കാ 22: 44) പ്രാര്‍ത്ഥിച്ചുകൊണ്ടുള്ള മരണം സ്വര്‍ഗ്ഗപ്രവേശനത്തിന്റെ കടമ്പകള്‍ കടക്കാന്‍ നമുക്ക് കരുത്ത് നല്കുന്നു. എപ്പോഴും ഏതുനിമിഷവും മരണം വരാമെന്ന അറിവില്‍ നമ്മുടെ ഹൃദയത്തില്‍ നല്‍മരണത്തിന് വേണ്ടിയുള്ള പ്രാര്‍ത്ഥനകള്‍ സൂക്ഷിക്കാം.
3. ഓര്‍മ്മയ്ക്കായുള്ള മരണം
മരണത്തിന് പോലും മായ്ക്കാന്‍ കഴിയാതെ ജീവിച്ചിരിക്കുന്നവരുടെ ആത്മാവുകളില്‍ അടയാളങ്ങള്‍ വീഴ്ത്തി കടന്നുപോവാന്‍ കഴിയുന്നത് ഒരു ഭാഗ്യമാണ്. അങ്ങനെ കടന്നുപോകുന്നവരെല്ലാം ചിരഞ്ജീവികളായി മാറുന്നു. ക്രിസ്തു അനശ്വരനായത് തന്റെ മരണത്തിന് തലേനാള്‍ എക്കാലത്തെയും ഓര്‍മ്മയ്ക്കായി വിശുദ്ധകുര്‍ബാന സ്ഥാപിച്ചതു കൊണ്ടുകൂടിയാണ്. ഇത് നിങ്ങള്‍ ക്കുവേണ്ടി നല്കപ്പെടുന്ന എന്റെ ശരീരമാണ്. എന്റെ ഓര്‍മ്മയ്ക്കായി ഇത് ചെയ്യുവിന്‍. (ലൂക്കാ 22: 19) വിശുദ്ധ കുര്‍ബാന ഒരു അടയാളവും ഓര്‍മ്മപുതുക്കലുമായിരുന്നു. മനസ്സില്‍ അടയാളങ്ങളും ഓര്‍മ്മകളും നല്കി വേണം നാം കടന്നുപോകാന്‍. നമ്മുടെ ശവക്കല്ലറകള്‍ക്ക് മീതെ എഴുതി വയ്ക്കുന്ന ജീവചരിത്രക്കുറിപ്പ് പറയുന്നതും അതാണ്. യുവര്‍ നെയിം ഹിയര്‍. ഇവിടെ നിന്റെ പേരുണ്ട്… നിന്റെ സ്‌നേഹമുണ്ട്… നിന്നെക്കുറിച്ചുള്ള ഓര്‍മ്മകളുണ്ട്. ഓര്‍മ്മയാകത്തക്ക വിധത്തില്‍ ജീവിക്കുക.
എന്റെ മരണത്തിന് ശേഷവും എന്നെക്കുറിച്ച് നീയോര്‍ക്കുമ്പോള്‍ നിന്റെ ഹൃദയത്തില്‍ ഒരു പൂവ് വിടരണം. സുഗന്ധവാഹിയായ ഒരു നനഞ്ഞ കാറ്റ് നിന്റെ ആത്മാവില്‍ വീശണം. അതാണെന്റെ ആഗ്രഹം. ഓര്‍മ്മയാവുകയെന്നത് അടയാളങ്ങള്‍ വീഴ്ത്തിയുള്ള കടന്നുപോകല്‍ തന്നെയാണ്.

4. ക്ഷമിക്കാന്‍ കഴിയുന്ന മരണം.
അടുപ്പമുള്ളവരില്‍ നിന്നും ഏല്‍ക്കേണ്ടിവരുന്ന ചില തിക്താനുഭവങ്ങളുടെ വെളിച്ചത്തില്‍ മരിച്ചാലും ഞാന്‍ നിന്നോടു പൊറുക്കില്ലാ എന്ന് നാം ചിലപ്പോഴെങ്കിലും നൊന്തുപറഞ്ഞിട്ടുണ്ട്. അതൊരു വീണ്‍വാക്കല്ല പലപ്പോഴും. പകയുടെയും ദ്രോഹത്തി ന്റെയും കനലുകള്‍ അണയാതെ കിടക്കുന്നതുകൊണ്ട് ചിലര്‍ ക്കൊക്കെ സമാധാനത്തോടെ മരിക്കാന്‍ പോലും കഴിയുന്നില്ല.
എന്നാല്‍ ക്രിസ്തുവിനെ നോക്കൂ. മുറിവേല്ക്കാത്ത ശരീരഭാഗം ഒന്നുപോലും ക്രിസ്തുവിന് ഉണ്ടായിരുന്നില്ലെന്ന് ചിലര്‍ക്ക് ക്രിസ്തു നല്കിയ ദര്‍ശനങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. മാനസികമായും ശാരീരികമായും ഏതൊരാളും തകര്‍ന്നുപോകുന്ന ദുര്‍ബലനിമിഷങ്ങള്‍. ജീവിതത്തിന്റെ അന്ത്യവിനാഴികകളില്‍പോലും അവന് നിന്ദാപമാനങ്ങള്‍ ഏല്‌ക്കേണ്ടിവന്നു. എന്നിട്ടും അവരോടുള്ള ക്രിസ്തുവിന്റെ പ്രതികരണം എന്തായിരുന്നു?
പിതാവേ, അവരോട് ക്ഷമിക്കണമേ; അവര്‍ ചെയ്യുന്നതെന്തെന്ന് അവര്‍ അറിയുന്നില്ല (ലൂക്കാ 23:34).
ഒരു കുഞ്ഞ് അതിന്റെ അറിവില്ലായ്മകളുടെ കാലത്ത് കാട്ടിയ കന്നത്തരങ്ങളോട് സഹിഷ്ണുവായ ഒരമ്മ ക്ഷമിക്കുന്നപോലെ, പോട്ടെ പാവം അതിനെന്തറിയാം എന്ന മട്ടിലുള്ള ക്ഷമ നല്കല്‍. അതായിരുന്നു ക്രിസ്തു അവരോട് കാട്ടിയത്. ക്ഷമിക്കാനും പൊറുക്കാനും കഴിയുന്നവര്‍ക്ക് മാത്രമേ സ്വച്ഛതയോടെ മരണത്തിലൂടെ കടന്നുപോകാന്‍ കഴിയൂ.

5. ചെയ്യാന്‍ ഇനി ബാക്കിയില്ലാത്ത മരണം
ഉത്തരവാദിത്വങ്ങളും ചെയ്തുതീര്‍ക്കാനുള്ള കടമകളും പലരെയും മരണക്കിടക്കയില്‍പോലും ഭാരപ്പെടുത്തുന്നു. കൊടുത്തുതീര്‍ക്കാനുള്ളത്… തിരികെ കിട്ടാനുള്ളത്… ചെയ്തുതീര്‍ക്കാനുള്ളത്… പറഞ്ഞുതീരാത്തത്… അങ്ങനെയെന്തെല്ലാം. നമുക്കൊന്നും ഒരിക്കലും മതിയാവുന്നില്ല, തൃപ്തിയാകുന്നില്ല. എത്ര കിട്ടിയിട്ടും ഇനിയും വേണം. അസംതൃപ്തമായ മനസ്സിന്റെ ചില വെപ്രാളങ്ങളും കുതിച്ചുചാട്ടങ്ങളുമാണവ.
കടങ്ങള്‍ വീട്ടിയ ജീവിതമായിരുന്നു ക്രിസ്തുവിന്റേത്. അമ്മ യെക്കുറിച്ചുള്ള ഭാരമായിരുന്നു ഒടുവിലുണ്ടായിരുന്നത്. അമ്മയെ യോഹന്നാനെ ഏല്പിച്ചതോടെ അതും മാറി. ഇനി പുഴ കടക്കുന്നതുപോലെ ശാന്തമായി മരണം കടക്കാം. എല്ലാവിധ ഭാരങ്ങളില്‍ നിന്നും മുക്തമായ ജീവിതം.
കിട്ടാനുള്ളത് കിട്ടി. കൊടുക്കാനുള്ളത് കൊടുത്തു. അവസാനത്തെ നിന്ദനവും തുറന്ന മനസ്സോടെ ഏറ്റുവാങ്ങി. ഇനി ഭൂമിയുടെ മേല്‍ യാതൊരു ആസക്തിയുമില്ല. കടങ്ങള്‍ ബാക്കിയില്ല. അങ്ങനെയായിരുന്നു ക്രിസ്തുമരിച്ചത്. അങ്ങനെയുള്ള ഒരാള്‍ക്കേ എല്ലാം പൂര്‍ത്തിയായി എന്ന് പറയാന്‍ കഴിയൂ. ക്രിസ്തു അതാണ് പറഞ്ഞത്.
എല്ലാം പൂര്‍ത്തിയായിരിക്കുന്നു. അവന്‍ തലചായ്ച്ച് ആത്മാവിനെ സമര്‍പ്പിച്ചു. (യോഹ: 19:30)

6. പിതാവിലുള്ള മരണം
മരണം കടന്നുപോകലാണ്. എന്നാല്‍ അത് പിതാവിന്റെ മടിത്തട്ടിലേക്കുള്ള യാത്രയുമാണ്. സുകൃതിയായുള്ള ജീവിതങ്ങള്‍ മരണശേഷം ദൈവപിതാവിന്റെ മടിത്തട്ടിലാണ് ചെന്നുചേരുന്നത്. അല്ലെങ്കില്‍ പിതാവുമായുള്ള ചേര്‍ച്ചയാണ് മരണം. ഇനിമേല്‍ നിങ്ങള്‍ രണ്ടല്ല ഒന്നാണ് എന്ന് പറയുന്നതുപോലെയുള്ള സംയോഗം. മരണത്തിന്റെ ഈ സംയോഗമാണ് ക്രിസ്തുവിനെ ഇങ്ങനെ പറയാന്‍ പ്രേരിപ്പിച്ചത്.
പിതാവേ, അങ്ങയുടെ കരങ്ങളില്‍ എന്റെ ആത്മാവിനെ ഞാന്‍ സമര്‍പ്പിക്കുന്നു. ഇതുപറഞ്ഞ് അവന്‍ ജീവന്‍ വെടിഞ്ഞു. (ലൂക്കാ 23;46) പിതാവിന്റെ കരങ്ങളില്‍ സമര്‍പ്പിച്ചതൊന്നും പാഴായിപ്പോകില്ല. ഞാനതോര്‍ത്ത് ഇനി കരയുകയില്ല. പിതാവിന്റെ കരങ്ങളില്‍ സമര്‍പ്പിക്കപ്പെട്ടതിനെയോര്‍ത്ത് മറ്റുള്ളവരും കരയരുത്.
പക്ഷേ പിതാവിന്റെ കരങ്ങളില്‍ വിലപിടിപ്പുളളതാണോ ഞാന്‍ സമര്‍പ്പിക്കുന്നതെന്ന് ചിന്തിക്കണം, എങ്ങനെയുള്ളവയാണ് പിതാവ് കൈക്കൊള്ളുന്നതെന്നും.

7. വിശ്വാസത്തോടെയുള്ള മരണം
മേല്പ്പറഞ്ഞതിന്റെ തുടര്‍ച്ചയാണിത്. മരണത്തിലൂടെ പിതാവിന്റെ കരങ്ങളിലേക്കാണ് ഞാന്‍ ചെന്നുചേരുന്നതെന്ന വിശ്വാസം ഭയമില്ലാതെ മരിക്കാന്‍ നമുക്ക് ത്രാണിയേകും. ക്രിസ്തുവിന് ആ വിശ്വാസമുണ്ടായിരുന്നു.
വിശ്വാസത്തോടെയുള്ള മരണം ഒന്നിന്റെയും അന്ത്യമല്ല. അത് ആരംഭമേ ആകുന്നുള്ളൂ. ഉറക്കത്തില്‍നിന്ന് ഉണര്‍വ്വിലേക്കുള്ള യാത്രാദൂരമായി ക്രിസ്തു മരണത്തെ നിജപ്പെടുത്തി. ലൗകികസുഖങ്ങളില്‍ മതിമറന്ന് രമിക്കുന്നവരെ തട്ടിയുണര്‍ത്തി നിങ്ങള്‍ക്ക് മരണമുണ്ടെന്ന് ഓര്‍മ്മപ്പെടുത്തിയാണ് ക്രിസ്തു കടന്നുപോയത്. മരണം രക്ഷയാണ്, ശിക്ഷയല്ലെന്ന സത്യം നാം തിരിച്ചറിഞ്ഞത് ക്രിസ്തുവിന്റെ മരണത്തില്‍ നിന്നാണ്. മാത്രമല്ല അത് രക്ഷയിലേക്കുള്ള പാതയുമായി. ആ മരണം ഇല്ലായിരുന്നെങ്കില്‍ ഭൂമിയിലെ ജീവിതത്തിനുതന്നെ അര്‍ത്ഥം നഷ്ടപ്പെടുമായിരുന്നു. മരണത്തിനപ്പുറമുള്ള ജീവിതത്തിന്റെ സാധ്യതകളെയും അത് നമുക്ക് പരിചയപ്പെടുത്തിതന്നു.
ഞാനാണ് പുനരുത്ഥാനവും ജീവനും. എന്നില്‍ വിശ്വസിക്കുന്നവന്‍ മരിച്ചാലും ജീവിക്കും. (യോഹ:11;25) മരണം ജീവിതത്തിന്റെ അന്ത്യമല്ലെന്നും തുടര്‍ച്ച മാത്രമാണെന്നും ക്രിസ്തു മരണത്തിലൂടെ പറഞ്ഞുതന്നു.

8. പ്രചോദനമായ മരണം
ചില ജീവിതമാതൃകകള്‍ നമ്മെ ഭ്രമിപ്പിക്കാറുണ്ട്. പക്ഷേ ഒരാളുടെ മരണം മറ്റുള്ളവരെ ആകര്‍ഷിക്കാറുണ്ടോ? എന്നാല്‍ അനേകരെ പ്രചോദിപ്പിച്ച, കൊതിപ്പിച്ച മരണമായിരുന്നു ക്രിസ്തുവിന്റേത്. ആ മരണം സ്‌തേഫാനോസിനെ, പത്രോസിനെ, പൗലോസിനെ… ഭ്രമിപ്പിച്ചു… മാക്‌സ്മില്യന്‍ കോള്‍ബെയെ ഉത്തേജിതനാക്കി… പിന്നെയും എത്രയോ എത്രയോ വിശുദ്ധാത്മാക്കള്‍.
ആദിമരക്തസാക്ഷികള്‍ ചോരചിന്തിയും എരിതീയിലെ രിഞ്ഞും മരിച്ചുവീണത് ക്രിസ്തുവിന്റെ മരണത്തോട് താദാത്മം പ്രാപിക്കാനായിരുന്നു. അവരുടെയെല്ലാം മരണങ്ങള്‍ക്ക് മഴവില്ലിന്റെ ഭംഗികലര്‍ത്തിയത് ക്രിസ്തു കാല്‍വരിയില്‍ ചിന്തിയ തിരുരക്തത്തിന്റെ തിളക്കമായിരുന്നു.
അതെ, ശാപത്തിന്റെയോ പാപത്തിന്റെയോ ഫലമല്ല ഒരു മരണവും എന്ന വലിയ തിരിച്ചറിവിലേക്ക് നാം വളരണം. മരണം രക്ഷയും ശാന്തിയും സമാധാനവുമാണ്. പെട്ടെന്ന് ആര്‍ജ്ജിക്കാവുന്നതല്ല ഈ തിരിച്ചറിവ്. സ്വര്‍ഗ്ഗരാജ്യം ബലവന്മാരുടേതാണെന്നും അവര്‍ അത് കൈവശമാക്കുമെന്നും ക്രിസ്തു പറയുമ്പോള്‍ മരണത്തിന്റെ ഈ അഷ്ടഭാഗ്യങ്ങളിലൂടെ കടന്നുപോയാല്‍ മാത്രമേ അത് കൈ വശമാക്കൂവെന്ന് തന്നെയാണര്‍ത്ഥം. ഇനി നാം ക്രിസ്തുവിന്റെ കുരിശിനെ നോക്കണം. എന്നിട്ട് ആ കുരിശിനെ ധ്യാനിക്കണം. ക്രിസ്തുവിനെപോ ലെ ജീവിച്ചാല്‍ മാത്രം പോരാ, ക്രിസ്തുവിനെപോലെ മരിക്കുകയും വേണം.

”ഒരു മനുഷ്യന്‍ വഴി മരണം ഉണ്ടായതുപോലെ ഒരു മനുഷ്യന്‍ വഴി പുനരുത്ഥാനവും ഉണ്ടായി. ആദത്തില്‍ എല്ലാവരും മരണാധീനരാകുന്നതുപോലെ ക്രിസ്തുവില്‍ എല്ലാവരും പുനര്‍ജ്ജീവിക്കും” (1 കൊറി. 21).

വിനായക് നിര്‍മ്മല്‍