കാസര്‍ഗോഡ് ക്രിസ്ത്യന്‍ പള്ളിക്ക് നേരെ ആക്രമണം; പിന്നില്‍ ബിജെപി , ആര്‍എസ്എസ് പ്രവര്‍ത്തകരെന്ന് നാട്ടുകാര്‍

കാസര്‍ഗോഡ് മേലെടുക്കം ദലിത് ക്രിസ്ത്യന്‍ കോളനിയിലെ പള്ളിക്ക് നേരെ ആക്രമണം. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തകരാണ് ആക്രമണം നടത്തിയതെന്ന് നാട്ടുകാര്‍ പറഞ്ഞു. പരിവര്‍ത്തിത ക്രൈസ്തവര്‍ താമസിക്കുന്ന കോളനിയില്‍ നടന്ന ഘര്‍വാപസി ശ്രമം പരാജയപ്പെട്ടതാണ് ആക്രമണ കാരണമെന്നാണ് സംശയം.

കാഞ്ഞങ്ങാടിനടുത്ത് മേലെടുക്കം ലൂര്‍ദ് മാതാ ദേവാലയത്തിന് നേരെയാണ് അന്‍പതോളം വരുന്ന സംഘം ആക്രമണം അഴിച്ചുവിട്ടത്. പള്ളിയുടെ ബോര്‍ഡുകള്‍ അക്രമികള്‍ തകര്‍ത്തു. പ്രദേശത്തെ നിരവധി വീടുകള്‍ക്ക് നേരെ കല്ലേറുണ്ടായി. കുടിവെള്ള പൈപ്പുകള്‍ പൂര്‍ണ്ണമായി തകര്‍ത്തു. മാരാകായുധങ്ങളുമായി മുഖം മൂടി ധരിച്ചെത്തിയ സംഘമാണ് ആക്രമണം നടത്തിയത്. ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകരുടെ നേതൃത്വത്തിലാണ് അക്രമികളെത്തിയതെന്ന് നാട്ടുകാര്‍ പറഞ്ഞു.

ഈസ്റ്റര്‍ ആഘോഷത്തിനിടെയാണ് കോളനിയില്‍ ആക്രമണം നടന്നത്. സംഭവത്തില്‍ പരിക്കേറ്റ് പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികത്സയില്‍ കഴിയുന്ന മേലെടുക്കം സ്വദേശി നന്ദുവിന്റെ നില ഗുരുതരമാണ്. കല്ലേറില്‍ പരിക്കേറ്റ ജെയിംസ്, തങ്കം എന്നിവരെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നൂറോളം പരിവര്‍ത്തിത ക്രൈസ്തവ കുടുംബങ്ങളാണ് കോളനിയില്‍ താമസിക്കുന്നത്. ഹോസ്ദുര്‍ഗ്ഗ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.