ഭര്‍ര്‍ര്‍….. വരുത്തിയ വിന; ഒരു ഈസ്റ്ററിന്റെ അനുസ്മരണം

ന്യൂയോര്‍ക്ക്, അമേരിക്കയില്‍ പ്രവാസിയായി കഴിഞ്ഞുകൂടുന്ന എന്റെ ജീവിതത്തില്‍ യഥാര്‍ത്ഥത്തില്‍ നടന്ന ഒരു സംഭവകഥയാണിത്. വെറും തമാശയ്ക്കുവേണ്ടിയോ, ഏതെങ്കിലും വിഭാഗത്തില്‍പ്പെട്ടവരെ കരുതിക്കൂട്ടി തോജോവധം ചെയ്യുക എന്ന ദുരുദ്ദേശത്തോടുകൂടിയോ അല്ല ഞാനിതെഴുതുന്നത്. കഴിഞ്ഞകാലവും ഇന്നും തമ്മിലുള്ള അന്തരം വായനക്കാരുടെ മുമ്പില്‍ അവതരിപ്പിക്കുന്നതിനു വേണ്ടി മാത്രമാണ് ഞാനീ സംഭവം തുറന്നെഴുതുന്നത്.

ഈയിടെ എന്റെ സുഹൃത്തും നോവലിസ്റ്റുമായ ജോണ്‍ ഇളമത എഴുതി പ്രസിദ്ധീകരിച്ച ‘അന്വേഷണം’ എന്ന ചെറുകഥയില്‍ ഒരിടത്ത് കേരളത്തെ സദാ പൊറിവിട്ടു നടക്കുന്നവരുടെ നാട് എന്നുവിശേഷിപ്പിച്ചിരിക്കുന്നതു കണ്ടപ്പോള്‍ എന്നിലെ സത്ത ഉണര്‍ന്നു അത്രമാത്രം. വാസ്തവത്തില്‍ അതു വായിക്കുന്നതുവരെ പൊറി എന്ന വാക്കു വരെ ഞാന്‍ മറന്നിരുന്നു.

1950-കളില്‍ അതായത് ഇന്നേക്ക് 60-ല്‍ പരം വര്‍ഷങ്ങള്‍ക്കു മുമ്പ് പാലാ രൂപതയില്‍പ്പെട്ട എന്റെ ഇടവക പള്ളിയില്‍ വച്ചു നടന്ന സംഭവമാണിത്. എനിക്ക് അന്ന് 8 വയസ്സില്‍ താഴെ പ്രായം. ആദ്യകുര്‍ബ്ബാന സ്വീകരണം എന്ന ചടങ്ങൊക്കെ കഴിഞ്ഞ് ഞാന്‍ പരിശുദ്ധാത്മാവിന്റെ നിറവില്‍ എത്തിനില്‍ക്കുന്ന സമയം. എന്റെ കുട്ടിക്കാലത്ത് ഞാന്‍ ഒരു ചിരിക്കുടുക്ക ആയിരുന്നു എന്നുതന്നെ പറയാം. എന്തുകണ്ടാലും പൊട്ടിച്ചിരിക്കും. വളരെ കര്‍ക്കശക്കാരനായിരുന്ന എന്റെ പിതാവ് ഞാന്‍ കാണുന്നതിനെല്ലാം പല്ലുകാട്ടി ചിരിക്കുമ്പോള്‍ അങ്ങിനെ ചിരിക്കാതിരിക്കാന്‍ താക്കീതുവരെ നല്‍കിയിട്ടുണ്ട് എന്ന കാര്യവും ഞാനോര്‍ക്കുന്നു.

പിതാവിന്റെ 8 മക്കളില്‍ ഏറ്റവും മൂത്തമകനായ എന്നെ നല്ല ശിക്ഷണത്തിലാണ് എന്റെ പിതാവ് വളര്‍ത്തിയത്. പ്രത്യേകിച്ച് മതപരമായ കാര്യങ്ങളില്‍ വളരെ നിഷ്ക്കര്‍ഷയുണ്ടായിരുന്നു അദ്ദേഹത്തിന്. പള്ളിയില്‍ എല്ലാ കടമുള്ള ദിവസങ്ങളിലും മുടങ്ങാതെ പോകണമെന്നും, മതപഠനക്ലാസ്സുകളില്‍ പങ്കെടുക്കണമെന്നും അദ്ദേഹത്തിനു വളരെ നിര്‍ബന്ധമുണ്ടായിരുന്നു. അതിനു വീഴ്ച വരുത്തിയെന്നറിഞ്ഞാല്‍ ചുട്ട അടിയായിരുന്നു ശിക്ഷ.

ഈസ്റ്റര്‍ കഴിഞ്ഞ ഒരു ഞായറാഴ്ച ആയിരുന്നു അത്. അന്നത്തെക്കാലത്ത് ഇന്നത്തെപ്പോലെയുള്ള യാതൊരു പരിഷ്ക്കാരങ്ങളും ഞങ്ങളുടെ നാട്ടില്‍ ഇല്ലായിരുന്നു. പ്രായമായവര്‍ ഒറ്റമുണ്ടുടുത്ത് തോളില്‍ ഒരു കച്ച തോര്‍ത്തും ധരിച്ചാണ് പള്ളിയില്‍ പോകാറുണ്ടായിരുന്നത്. വെളുത്ത ഒറ്റമുണ്ടായിരുന്നതിനാല്‍ അതിന്റെ അടിയില്‍ നീണ്ട വാലുള്ള കോണകം ശരിക്കും കാണാന്‍ കഴിയും. ഇന്നാണെങ്കില്‍ കോണകം ഉടുത്തവരെ കണ്ടാല്‍ മനുഷ്യര്‍ ചിരിക്കും. അന്നത്തെക്കാലത്ത് അതാര്‍ക്കും ഒരു പുതുമ ആയിരുന്നില്ല. ചില കാരണവന്മാര്‍ അക്കാലത്ത് തൊപ്പിപ്പാളയും വയ്ക്കാറുണ്ടായിരുന്നു. അന്നത്തെക്കാലത്ത് തൊപ്പിപ്പാളയ്ക്കകത്താണ് മുറുക്കാനോടൊപ്പം പല കാര്‍ന്നോന്മാരും പണവും സൂക്ഷിച്ചിരുന്നത്. പള്ളിയില്‍ കയറിക്കഴിയുമ്പോള്‍ അവര്‍ തൊപ്പിപ്പാള എടുത്ത് തങ്ങള്‍ ഇരിക്കുന്നതിനടുത്ത് ഊരിവയ്ക്കും.

ഇന്നത്തെപ്പോലെ കടലാസു നോട്ടുകള്‍ അന്നുണ്ടായിരുന്നില്ല. കാലണ, അരയണ, ഒരണ അത്രയുമൊക്കെയേ കാര്‍ന്നോന്മാര്‍ കൈയില്‍ കൊണ്ടുനടക്കുകയുള്ളൂ. ഇന്നത്തെപ്പോലെ റസ്റ്റോറന്റുകളോ, ഷോപ്പിംഗ് സെന്ററുകളോ, എന്തിനേറെ പഞ്ചായത്ത് ആഫീസ് എന്നൊന്നിനെപ്പറ്റി ജനങ്ങള്‍ക്കറിവില്ലാത്ത കാലം. പള്ളിയില്‍ നേര്‍ച്ചയിടുന്നതിന് കൂടിയാല്‍ അരയണ മാത്രം മതിയാകും. ഇന്നത്തെപ്പോലെ പിടിച്ചുപറി അന്ന് ഒരുപള്ളികളിലും തന്നെ ഉണ്ടായിരുന്നില്ല. അതേസമയം ഇന്നുപള്ളിയില്‍ പോകണമെങ്കില്‍ നോട്ടുകെട്ടുകള്‍ത്തന്നെ വേണം. അത്രമാത്രം പിരിവാണ് പള്ളികളില്‍ നടക്കുന്നതെന്ന കാര്യം ഞാനിപ്പോള്‍ ഓര്‍ത്തുപോകുന്നു. ഏതായാലും അങ്ങിനെ ഒരു കാലം നമ്മുടെ നാട്ടില്‍ ഉണ്ടായിരുന്നു എന്നുള്ളകാര്യം ഇന്നത്തെ യുവതലമുറയ്ക്ക് ചിന്തിക്കാന്‍ പോലും പ്രയാസമാണ്. എന്തിനേറെ ഇന്നത്തെ ചെറുപ്പക്കാര്‍ക്ക് പൊറി എന്താണെന്നു വരെ വിശദീകരിച്ചുകൊടുക്കേണ്ടി വരും.

അക്കാലത്ത് ആണ്‍കുട്ടികള്‍ നിക്കറും, മുറിക്കൈയ്യന്‍ ഷര്‍ട്ടുമാണ് പൊതുവെ ധരിച്ചിരുന്നത്. മിക്ക കുട്ടികള്‍ക്കും, ഞാനുള്‍പ്പെടെ, നിക്കറിനടിയില്‍ അണ്ടര്‍വെയര്‍ ധരിക്കുന്ന ഏര്‍പ്പാടില്ലായിരുന്നു. അതിനു പ്രത്യേക കാരണങ്ങളുമുണ്ട്. കാരണമെന്തെന്നറിയേണ്ടേ? ചെറുപ്പക്കാരെല്ലാം തന്നെ അക്കാലത്ത് യാതൊരു മറയുമില്ലാതെ വഴിയരികില്‍ നിന്നും മൂത്രമൊഴിക്കുന്ന കാലമായിരുന്നത് എന്നതുതന്നെ. ഒരുപക്ഷേ പ്രകൃതിയോട് ഇണങ്ങിയുള്ള ജീവിതമായിരുന്നതിനാലാവണം ഇന്നത്തെ ശാസ്ത്രത്തിനുപോലും മനസ്സിലാകാത്തവിധത്തില്‍ അന്നത്തെ വീടുകളില്‍ അഞ്ചും എട്ടും ചില വീടുകളില്‍ പത്തും പതിനഞ്ചും വരെ കുട്ടികള്‍ ഉണ്ടാകാന്‍ കാരണമെന്നു തോന്നിപ്പോകുന്നു.

അന്നത്തെ പെണ്‍കുട്ടികള്‍ മിക്കവരും തന്നെ ഞങ്ങളുടെ നാട്ടില്‍ കാലുകള്‍ പൂര്‍ണ്ണമായും മറയ്ക്കത്തവിധത്തില്‍ നീളം കൂടിയ പാവാടയും പുറവും മാറും പൂര്‍ണ്ണമായും മറഞ്ഞിരിക്കത്തക്ക വിധത്തിലുള്ള ബ്ലൗസും ധരിച്ചിരുന്നു. അന്നത്തെ പെണ്‍കുട്ടികളധികവും ഞങ്ങളുടെ നാട്ടില്‍ കുമ്പാളയാണ് അടിയില്‍ ധരിച്ചിരുന്നത്. ഇന്നത്തെപ്പോലെയുള്ള ജീന്‍സുകളോ, ഫ്രോക്കുകളോ അക്കാലത്ത് ഞങ്ങള്‍ക്ക് ചിന്തിക്കാന്‍ പോലും പറ്റാത്ത സാധനങ്ങളായിരുന്നു.

കത്തോലിക്കരായ ഞങ്ങളെ അക്കാലത്ത് മതപഠനക്ലാസ്സില്‍ പഠിപ്പിച്ചിരുന്നത് ആണ്‍കുട്ടികള്‍ പെണ്‍കുട്ടികളെ നോക്കരുതെന്നും, പെണ്‍കുട്ടികള്‍ ആണ്‍കുട്ടികളെയും നോക്കരുതെന്നാണ്. അങ്ങിനെ ആരെങ്കിലും ഒളികണ്ണിട്ടു നോക്കിയാല്‍ അത് മാരകമായ പാപം ആയിരിക്കുമെന്നും പഠിപ്പിച്ചിരുന്നു. അങ്ങിനെയുള്ളവര്‍ നരകത്തില്‍ പോകുമെന്നും അതില്‍ നിന്നു രക്ഷ നേടണമെങ്കില്‍ എത്രയും വേഗം പുരോഹിതന്റെയടുക്കല്‍ പോയി പാപം ഏറ്റുപറഞ്ഞ് കുമ്പസാരിക്കണമെന്നും പാപം മേലില്‍ ചെയ്യുകയില്ലെന്ന് ഉറപ്പുവരുത്തുകയും വൈദികന്‍ കല്പിക്കുന്ന ശിക്ഷ ചെയ്യുകയും വേണ്ടിയിരുന്നു. അങ്ങിനെ ചെയ്യാത്തവരെ പാപികളെന്നു മുദ്രയടിച്ച് സമൂഹത്തില്‍ ഒറ്റപ്പെടുത്തുകയും അക്കാലത്ത് ചെയ്യുമായിരുന്നു.

അന്നത്തെക്കാലത്ത് ഞങ്ങളുടെ പള്ളിയില്‍ ആണുങ്ങളെയും പെണ്ണുങ്ങളെയും വേര്‍തിരിച്ചു നിര്‍ത്തത്തക്കവിധത്തില്‍ പള്ളിയുടെ മദ്ധ്യത്തിലൂടെ നെടുനീളത്തില്‍ ഒരു കയറ്റുപായ് വിരിച്ചിരുന്നു. ആണുങ്ങളും പെണ്ണുങ്ങളും ആ കയറ്റുപായ്ക്ക് ഇരുവശത്തായി നില്‍ക്കണം. വൈദികന്‍ ബലി അര്‍പ്പിക്കുന്ന മദ്ബഹായില്‍ നിന്നും നോക്കുമ്പോള്‍ വൈദികന്റെ വലതുവശത്ത് ആണുങ്ങളും, ഇടതുവശത്ത് പെണ്ണുങ്ങളും വരത്തക്കവിധത്തില്‍ ആണ് നില്‌ക്കേണ്ടത്. രണ്ടുകൂട്ടരും ആ കയറ്റുപായ് ക്രോസ് ചെയ്യാനും പാടില്ലത്രേ. കുട്ടികള്‍ സംസാരിച്ചാല്‍ അക്കാലത്ത് കടുത്തശിക്ഷ കിട്ടിയിരുന്നു. അതേസമയം ഇന്ന് ആണുങ്ങളും പെണ്ണുങ്ങളും ഒന്നിച്ചിരിക്കുകയും സംസാരിച്ചാല്‍ത്തന്നെ ഒന്നും ചെയ്യാന്‍ വൈദികര്‍ക്കു പറ്റാത്തകാലമായി മാറിയിരിക്കുന്നു.

അന്നത്തെക്കാലത്ത് ബൈബിള്‍ കത്തോലിക്കാമതവിശ്വാസികള്‍ക്ക് അപ്രാപ്യമായിരുന്നു. വൈദികര്‍ക്കും അവരുമായി വളരെ അടുത്ത ബന്ധമുള്ളവര്‍ക്കും മാത്രമേ അന്ന് ബൈബിള്‍ ലഭ്യമായിരുന്നുള്ളൂ. വൈദികരെ ദൈവത്തിന്റെ പ്രതിപുരുഷന്മാരായി കരുതിയിരുന്ന കാലം. അക്കാലത്ത് വൈദികര്‍ എന്തു ചെയ്താലും അതിനെ ചോദ്യം ചെയ്യാന്‍ വിശ്വാസികള്‍ക്ക് പറ്റില്ലായിരുന്നു. ആരെങ്കിലും അന്ന് വൈദിക നേതൃത്വത്തെ ചോദ്യം ചെയ്യാന്‍ മുമ്പോട്ടുവന്നാല്‍ അവരെ ‘മഹറോന്‍’ ചൊല്ലിയിരുന്ന ഒരു കാലം. എന്തിനേറെ, വൈദികര്‍ എന്തുപറഞ്ഞാലും അതേപടി അനുസരിക്കാത്തവര്‍ക്ക് സഭയില്‍ പ്രവേശനമുണ്ടായിരുന്നില്ല. അങ്ങിനെയുള്ളവര്‍ നരകശിക്ഷയ്ക്കു വിധേയരാകുമെന്നായിരുന്നു അന്ന് സഭ പഠിപ്പിച്ചിരുന്നത്. പ്രത്യേകിച്ച് മതപഠനക്ലാസ്സുകളില്‍ പഠിപ്പിച്ചിരുന്ന കാര്‍മ്മലൈറ്റ് സഭയില്‍പ്പെട്ട കന്യാസ്ത്രീകള്‍ ഞങ്ങളെ പഠിപ്പിച്ചിരുന്നു.

ഇവയ്‌ക്കെല്ലാം പുറമെ പള്ളിയില്‍ കയറിക്കഴിഞ്ഞാല്‍ ശബ്ദമുണ്ടാക്കാനോ സംസാരിക്കാനോ പാടില്ല എന്ന കര്‍ശന നിയമവും അന്നു ഞങ്ങളുടെ ഇടയില്‍ നിലനിന്നിരുന്നു. പള്ളിയില്‍ കയറിക്കഴിഞ്ഞാല്‍ വൈദികന്‍ ബലിയര്‍പ്പണത്തിനു വരുന്നതുവരെ അള്‍ത്താരയിലേക്കു നോക്കി ശാന്തരായി മുട്ടുകുത്തിനില്ക്കണം.

ഇനി സംഭവത്തിലേക്കു കടക്കട്ടെ. ആ ഞായറാഴ്ച പ്രായമായ, ഏറെക്കുറെ 80 വയസ്സ് തോന്നിക്കുന്ന ഒരു കാരണവര്‍ വെള്ളമുണ്ടുടുത്ത് തോര്‍ത്ത് തോളിലിട്ട് ഒരു തൊപ്പിപ്പാളയും വച്ച് പള്ളിയില്‍ വന്നിരുന്നു. കണ്ടാല്‍ നല്ല ആരോഗ്യമുള്ള അരോഗദൃഢഗാത്രനായ ഒരു വയസ്സന്‍. അദ്ദേഹം ആരാണെന്നോ ഒന്നും എനിക്കറിഞ്ഞുകൂടാ. ആണുങ്ങളുടെ സൈഡില്‍ ഏറ്റവും മുമ്പില്‍ ഒരു മൂലയോടു ചേര്‍ന്ന് അദ്ദേഹം സ്ഥാനം പിടിച്ചു. അദ്ദേഹത്തിന്റെ എതിര്‍ഭാഗത്ത് മുന്‍നിരയില്‍ത്തന്നെ കയറ്റുപായോടടുത്ത് കുട്ടികളായ ഞങ്ങള്‍ മുട്ടുംകുത്തി നിന്നിരുന്നു. കയറ്റുപായുടെ എതിര്‍ഭാഗത്ത് പെണ്‍കുട്ടികളും. എല്ലാവരും തന്നെ 8 വയസ്സിനോടടുത്ത് പ്രായമുള്ളവരും.

അള്‍ത്താരയില്‍ ദിവ്യബലി അര്‍പ്പിക്കാന്‍ വൈദികന്‍ വരാന്‍ ഏതാനും മിനിറ്റുകള്‍ മാത്രം. ആ സമയത്ത് പ്രസ്തുത കാരണവര്‍ പള്ളിക്കകം മുഴുവന്‍ കേള്‍ക്കത്തവിധം മൂന്നു നാലു പൊറി വിട്ടു. പൊറി കേട്ടതേ അതിനടുത്തു തന്നെ നിന്നിരുന്ന എന്റെ കൂടെയുള്ള ആണ്‍കുട്ടികള്‍ മുഴുവനും ചിരിച്ചു. എന്റെ കാര്യം പറയേണ്ടതില്ലല്ലോ. അപ്പോള്‍ പുറകില്‍ നിന്നും വികാരിയച്ചന്റെ ഇടിമുഴക്കം പോലുള്ള ശബ്ദം. “ആരാടാ പള്ളിയില്‍ ചിരിക്കുന്നത്?” ഒരു കഴുകനെപ്പോലെ വികാരിയച്ചന്‍ ഞങ്ങളുടെ പിറകില്‍ നിന്ന് ഞങ്ങളെ നിരീക്ഷിക്കുന്നുണ്ടായിരുന്നു എന്ന കാര്യം അപ്പോഴാണ് ഞങ്ങള്‍ അറിഞ്ഞത്. ചിരിച്ചു എന്നു തോന്നിയ ആണ്‍കുട്ടികളെയെല്ലാം വികാരിയച്ചന്‍ മദ്ബഹായില്‍ കയറ്റി നിര്‍ത്തി കൈവിരിച്ചു പിടിച്ചു നില്‍ക്കാന്‍ ആജ്ഞാപിച്ചു. ഞങ്ങള്‍ കൈവിരിച്ചു പിടിച്ചുനില്‍ക്കുമ്പോള്‍ വീണ്ടുമൊരു പൊറി വിടുന്ന ശബ്ദം എന്റെ ചെവിയില്‍ മുഴങ്ങി. എത്ര പിടിച്ചു നിന്നിട്ടും എനിക്ക് ചിരി നിയന്ത്രിക്കാനായില്ല. എന്റെ ചിരി പൊട്ടി. പിന്നീടുണ്ടായ സംഭവമാണ് ഈ അനുഭവകഥ എഴുതാന്‍ എന്നെ പ്രേരിപ്പിച്ചത്.

ഞാന്‍ മദ്ബഹായില്‍ കൈവിരിച്ചു നിന്നിട്ടും ചിരിച്ചു എന്ന കാരണത്താല്‍ അജാനുബാഹുവായ വികാരിയച്ചന്‍ വന്നപാടെ എന്റെ ഇടതുകൈപ്പത്തിയുടെ ഭാഗത്ത് ആഞ്ഞ് രണ്ടടി. എന്റെ ചിരി അതോടെ അവസാനിച്ചു. കണ്ണില്‍ ഇരുട്ടുകയറിയതായും ഏതാനും നിമിഷത്തേക്ക് ശ്വാസം നിലച്ചതായും എനിക്കനുഭവപ്പെട്ടു. ഞാനറിയാതെ നിക്കറില്‍ മൂത്രവും ഒഴിച്ചു എന്ന് പിന്നീടെനിക്കു മനസ്സിലായി. അടിയുടെ ഊക്ക് എത്രമാത്രം വലുതായിരുന്നു എന്ന് വായനക്കാര്‍ക്ക് ഇതില്‍ നിന്നും ഊഹിക്കാമല്ലോ. ഏതായാലും ഒരു പുണ്യമായ വേദിയില്‍ അടികൊണ്ടു ഞാന്‍ മരിച്ചുവീണില്ല എന്നു പറഞ്ഞാല്‍ മതി. അത്ര വലിയ അടിയായിരുന്നു അത്. മരണത്തില്‍ നിന്നും ഞാന്‍ രക്ഷപ്പെട്ടിട്ടുള്ള നിരവധി സംഭവങ്ങളില്‍ ഒന്നുമാത്രമാണിത്. ഒരുപക്ഷേ സമയവും സാഹചര്യവും കിട്ടിയാല്‍ മറ്റു പല സംഭവങ്ങളും എഴുതണമെന്നു ഞാനാഗ്രഹിക്കുന്നു. എന്താണെങ്കിലും അന്ന് എന്റെ കഥ കഴിഞ്ഞിരുന്നുവെങ്കില്‍ ഈ സംഭവം എഴുതാന്‍ എനിക്കു കഴിയുമായിരുന്നില്ല. ഒരു പക്ഷേ എന്നെക്കൊണ്ട് ദൈവത്തിന് എന്തെങ്കിലും നല്ല പ്ലാനുകള്‍ ഉണ്ടെന്നുതന്നെ ഞാന്‍ വിശ്വസിക്കുന്നു.

ഏതായാലും പുരോഹിതന്റെ അടി കിട്ടിയശേഷം ഞാന്‍ മനസ് തുറന്ന് ചിരിച്ചിട്ടില്ലെന്നു തന്നെ പറയാം. കുര്‍ബാന കഴിഞ്ഞ ശേഷം പുരോഹിതന്‍ എന്നെ പള്ളിമുറിയിലേയ്ക്ക് കൂട്ടിക്കൊണ്ടുപോയി ഒരു ഗ്ലാസ് വെള്ളം കുടിക്കാന്‍ തന്നു. കെട്ടിപ്പിടിച്ച് ചുംബിച്ചു. അടിച്ചതു ക്ഷമിക്കണമെന്നു പറഞ്ഞു. അതോടെ ബാലനായ എനിക്ക് സന്തോഷമായി. അന്നെനിക്കു ക്ഷമിക്കാന്‍ കഴിഞ്ഞില്ലായിരുന്നുവെങ്കില്‍, അതു മനസ്സില്‍ വച്ചുകൊണ്ടിരുന്നെങ്കില്‍, അമേരിക്കയില്‍ സ്കൂള്‍ കുട്ടികള്‍ ചെയ്യുന്നതുപോലെ ഞാന്‍ ഒരു കൊലപാതകി തന്നെ ആയിത്തീരാനും മേലായ്കയില്ല.

എനിക്കു തല്ലുകിട്ടിയ വിവരം വീട്ടിലെത്തുന്നതിനു മുമ്പേ എന്റെ പിതാവറിഞ്ഞു. കാരണം എന്റെ പിതാവ് പള്ളിയുമായി അടുത്ത ബന്ധമുള്ള ആളും സാമൂഹ്യരംഗത്ത് ആ നാട്ടില്‍ അറിയപ്പെടുന്ന ആളുമായിരുന്നു. ഞാന്‍ വീട്ടില്‍ ചെന്നപ്പോള്‍ എന്റെ വരവും കാത്ത് പിതാവ് കുട്ടികളെ മര്യാദ പഠിപ്പിക്കാന്‍ പ്രത്യേകം സൂക്ഷിച്ചു വച്ചിരുന്ന കാശാവിന്റെ വടി എടുത്തു. എന്താടാ പള്ളിയില്‍ പോയി നീ പ്രശ്‌നമുണ്ടാക്കിയത് എന്നു ചോദിച്ചു. ഞാന്‍ അറിയാതെ ചിരിച്ചുപോയതാണേ എന്നു പറഞ്ഞു നിലവിളിച്ചു. ഇനിമേലാല്‍ പള്ളിയില്‍ പോയാല്‍ ചിരിച്ചുപോകരുത് എന്നു പറഞ്ഞ് എനിക്കു കിട്ടാനുള്ള ഒരടി തുടയില്‍ത്തന്നെ പതിച്ചു. ഇല്ലേ എന്നു പറഞ്ഞു ഞാന്‍ നിലവിളിച്ചു. ഇന്നത്തെക്കാലത്ത് വൈദികനും, എന്റെ പിതാവും നിയമത്തിനു മുമ്പില്‍ കുറ്റക്കാരാണ്. ഒരു വൈദികന്‍ ഒരു കുട്ടിയെ അന്നു തല്ലിയതുപോലെ ഇന്നു പരസ്യമായി തല്ലിയാല്‍ ജയില്‍ശിക്ഷയായിരിക്കും പരിണതഫലം. അമേരിക്കയിലാണെങ്കില്‍ മാതാപിതാക്കളും ശിക്ഷിക്കപ്പെടുമെന്നകാര്യത്തില്‍ സംശയമില്ല.

അന്നത്തേക്കാലത്തു നിന്നും ഇന്ന് വൈദികര്‍ക്കും, സഭയ്ക്കും, മാതാപിതാക്കള്‍ക്കുമെല്ലാം എത്രമാത്രം മാറ്റങ്ങള്‍ വന്നു എന്നു നമുക്കു കാണാന്‍ കഴിയും. വാസ്തവത്തില്‍ സഭയില്‍ ഉണ്ടായിരുന്ന കടുത്തനിയമങ്ങളാണ് പുരോഹിതനെയും എന്റെ പിതാവിനെയും കര്‍ക്കശക്കാരാക്കിയത് എന്നു ഞാന്‍ കരുതുന്നു. ഇന്ന് മക്കളാണ് മാതാപിതാക്കളെ നിയന്ത്രിക്കുന്നത്. അതുപോലെ തന്നെ പുരോഹിതരുടെ അപ്രമാദിത്വത്തിനു വരെ കടിഞ്ഞാണ്‍ വന്നുകഴിഞ്ഞു. കാലം പോയ പോക്ക് ഞാനിവിടെ ഓര്‍ത്തുപോകുന്നു.

പണ്ടുകാലത്ത് പൊറി വിട്ടാല്‍ ചിരിക്കാന്‍ പാടില്ലായിരുന്നുവെങ്കില്‍ ഇന്ന് ചെറുപ്പക്കാരുടെ ഇടയില്‍ പൊറി ചിരിക്കാനുള്ള ഉപാധിയായി മാറിയിരിക്കുകയാണെന്ന് ഗൂഗിളില്‍ പൊറി യുടെ ഇംഗ്ലീഷിലുള്ള എഅഞഠ എന്ന വാക്യം നോക്കിയാല്‍ മനസ്സിലാക്കാന്‍ സാധിക്കും.

അന്ന് എന്നെ തല്ലിയ പുരോഹിതന്‍ ഇന്നു ജീവിച്ചിരിപ്പില്ല എന്ന് അമേരിക്കയിലെത്തി കുറെ വര്‍ഷങ്ങള്‍ക്കു ശേഷം മനസ്സിലാക്കാനെനിക്കു കഴിഞ്ഞു. എന്റെ വിശ്വാസമനുസരിച്ച് അദ്ദേഹത്തോടു ഞാന്‍ ക്ഷമിക്കുകയും ചെയ്തു. എന്റെ പിതാവും ഇന്നു ജീവിച്ചിരിപ്പില്ല. അദ്ദേഹം എന്നെ നല്ലരീതിയില്‍ ശിക്ഷണത്തില്‍ വളര്‍ത്തിയതിനാല്‍ കഴിവതും തെറ്റുകളില്‍ ഉള്‍പ്പെടാതെ ജീവിക്കാന്‍ എനിക്കു കഴിയുന്നുണ്ട്. ഒരുപക്ഷേ അതായിരിക്കണം പില്‍ക്കാലത്ത് സത്യം, നീതി, ധര്‍മ്മം എന്നിവയ്ക്കു വേണ്ടിനിലകൊള്ളാന്‍ എനിക്കുപ്രേരകമായതും, പില്‍ക്കാലത്ത് ശത്രുക്കള്‍ വരെ എന്നോട് ഇണങ്ങിച്ചേരാന്‍ ഇടയാക്കിയതും എന്ന് ഈ 2018-ലെ ഈസ്റ്റര്‍ വേളയില്‍ ഞാന്‍ കരുതുന്നു. എല്ലാം നല്ലതിനുവേണ്ടി എന്നു കരുതാം.

Picture2