ഫ്രാന്‍സിസ് പാപ്പ 12 തടവുകാരുടെ കാലുകള്‍ കഴുകി (ജോസ് മാളേയ്ക്കല്‍)

വത്തിക്കാന്‍: ദരിദ്രര്‍ക്കും, അശരണര്‍ക്കും, പാര്‍ശ്വവല്ക്കരിക്കപ്പെട്ടവര്‍ക്കും എന്നും ആശ്വാസം പകരുന്ന ഫ്രാന്‍സിസ് മാര്‍പാപ്പ ഇത്തവണയും തന്റെ പെസഹാ വ്യാഴാഴ്ച്ച പതിവു തെറ്റിച്ചില്ല.

2013 ല്‍ മാര്‍പാപ്പയായി തെരഞ്ഞെടുക്കപ്പെട്ടതിനു ശേഷമുള്ള ആദ്യത്തെ പെസഹാ വ്യാഴാഴ്ച്ച റോമില്‍ യുവജനങ്ങളുടെ തടവറയായ കാസല്‍ ഡി മാര്‍മോ ജയിലില്‍ 12 അന്തേവാസികളുടെ പാദങ്ങള്‍ കഴുകിക്കൊണ്ടാണു യേശുനാഥന്‍ കാണിച്ചുതന്ന വിനയത്തിന്റെ മാതൃക പരിശുദ്ധ പിതാവ് ലോകത്തിനു കാട്ടികൊടുത്തത്.

ഇത്തവണ റോമിലെ റജിന കോയെലി ജയിലായിരുന്നു പെസഹാശുശ്രൂഷക്കും, പാദക്ഷാളനത്തിനുമായി ഫ്രാന്‍സിസ് പാപ്പ തെരഞ്ഞെടുത്തത്. നൂറിലധികം വര്‍ഷങ്ങളുടെ പഴക്കവും, 60 ല്‍ പരം രാജ്യങ്ങളില്‍ നിന്നുള്ള 900 ത്തിലധികം തടവുപുള്ളികളും ഉള്‍പ്പെടുന്നതാണു വത്തിക്കാനടുത്തുള്ള റെജിനാ കോയെലി ജയില്‍. പലരാജ്യക്കാരും, ഭിന്ന മതവിശ്വാസം പുലര്‍ത്തുന്നതുമായ 12 തടവുകാരുടെ പാദങ്ങളാണു ഫ്രാന്‍സിസ് മാര്‍പാപ്പ കഴുകി വൃത്തിയാക്കി സ്‌നേഹ ചുംബനം നല്‍കിയത്. അതില്‍ 8 കത്തോലിക്കരും, രണ്ടു ഇസ്ലാം മതക്കാരും, ഒരു ഓര്‍ത്തഡോക്‌സ് വിശ്വാസിയും, ഒരു ബുദ്ധ മതക്കാരനും ഉണ്ടായിരുന്നു. രാജ്യങ്ങളുടെ കണക്കു പറഞ്ഞാല്‍ 4 ഇറ്റലിക്കാരും, രണ്ടു ഫിലിപ്പീന്‍കാരും, രണ്ടു മൊറോക്കോകാരും, മള്‍ഡോവ, നൈജീരിയ, കൊളംബിയ, സിയേറാ ലിയോണ്‍ എന്നിവിടങ്ങളില്‍ നിന്നായി ഓരോരുത്തരും കാല്‍ കഴുകപ്പെട്ട 12 തടവുകാരില്‍ ഉള്‍പ്പെട്ടിരുന്നു.

2018 ഉള്‍പ്പെടെ മുന്‍ വര്‍ഷങ്ങളിലും പെസഹാ ദിവ്യബലിയര്‍പ്പണത്തിനും, കാല്‍ കഴുകല്‍ ശുശ്രൂഷക്കുമായി ഫ്രാന്‍സിസ് മാര്‍പാപ്പ സമീപസ്തങ്ങളായ ജയിലുകളാണു തെരഞ്ഞെടുത്തിരുന്നത്. പുറം ലോകവുമായി ബന്ധം പുലര്‍ത്താനാകാതെ ഇരുണ്ട തടവറയില്‍ ജീവിതം തള്ളി നീക്കുന്ന കുറ്റവാളികളുടെ ജീവിത നവീകരണവും, മാനസാന്തരവും, അതുവഴി അവരെ സമൂഹത്തിനു പ്രയോജനമുള്ളവരാക്കി തീര്‍ക്കുക എന്നതാണു ഫ്രാന്‍സിസ് പാപ്പ ലക്ഷ്യമിടുനത്. 2014 ല്‍ ഡോണ്‍ നോച്ചി ഫൗണ്ടേഷനും, 2015 ല്‍ റോമിലെ തന്നെ റെബ്ബീബിയാ പ്രിസണും, 2016 ല്‍ സി. എ. ആര്‍. എ കാസ്റ്റല്‍ നോവോ ഡി പോര്‍ട്ടോ പ്രിസണും, 2017 ല്‍ പാലിയാനോ പ്രിസണും ആണു ഫ്രാന്‍സിസ് പാപ്പ പെസഹാ കുര്‍ബാനക്കും, കാല്‍ കഴുകല്‍ ശുശ്രൂഷക്കുമായി തെരഞ്ഞെടുത്തിരുന്നത്.

കാലുകള്‍ കഴുകുന്നതിനു മുന്‍പ് ആ ശുശ്രൂഷയുടെ പ്രാധാന്യവും, മഹത്വവും മാര്‍പാപ്പ തടവുകാര്‍ക്ക് വിശദീകരിച്ചു കൊടുത്തു. യേശുക്രിസ്തുവിന്റെ കാലത്ത് പൂഴിനിറഞ്ഞ വഴികളിലൂടെ മൈലുകള്‍ സഞ്ചരിച്ച് വീട്ടിലെത്തുന്ന വഴിയാത്രക്കാരുടെ പൊടിനിറഞ്ഞ പാദങ്ങള്‍ അടിമകളായിരുന്നു കഴുകി വൃത്തിയാക്കിയിരുന്നത്. ആ ദാസ്യ വൃത്തിയാണു തന്റെ അരുമ ശിഷ്യന്മാരുടെ പാദങ്ങള്‍ കഴുകിക്കൊണ്ട് അവരുടെ ഗുരുവും, കര്‍ത്താവുമായിരുന്ന ക്രിസ്തുനാഥന്‍ നിര്‍വഹിച്ചത്. സ്‌നേഹത്തിന്റെയും, വിനയത്തിന്റെയും മാതൃകയാണു യേശു നമുക്കു കാണിച്ചു തന്നിരിക്കുന്നത് ഈ ശുശ്രൂഷയിലൂടെ. അതിനാല്‍ നാമെല്ലം പരസപരം സേവനം ചെയ്യാന്‍ കടപ്പെട്ടവരാണെന്നു മാര്‍പാപ്പ കൂട്ടിച്ചേര്‍ത്തു.

ഈ ലോകംവിട്ട് തന്റെ സ്വര്‍ഗീയ പിതാവിന്റെ പക്കല്‍ എത്തിച്ചേരുന്നതിനു മുന്‍പ് യേശുനാഥന്‍ താന്‍ അത്യധികം സ്‌നേഹിച്ച ശിഷ്യന്മാരോടൊപ്പം അത്താഴ വേളയില്‍ അവസാന സ്‌നേഹ വിരുന്ന് പങ്കുവക്കുന്നതിനുമുന്‍പ് അവരുടെ പാദക്ഷാളനം നടത്തി എളിമയുടെയും, വിനയത്തിന്റെയും, സ്‌നേഹത്തിന്റെയും പാഠങ്ങള്‍ നല്‍കിയതിന്റെ ഓര്‍മ്മ പുതുക്കല്‍ ആണു ലോകമെങ്ങും അള്‍ത്താരകളില്‍ എല്ലാവര്‍ഷവും അനുവര്‍ത്തിക്കപ്പെടുന്നത്.

Picture2