ഇന്ത്യക്കാര്‍ അമേരിക്കയില്‍ ജാതി ഇറക്കുമതി ചെയ്തിരിക്കുന്നു; മുളയിലേ നുള്ളണമെന്ന് യുഎസ് മാധ്യമപ്രവര്‍ത്തകന്‍

അമേരിക്കയില്‍ കുടിയേറ്റക്കാരായ ഇന്ത്യക്കാര്‍ ജാതീയത വളര്‍ത്തുന്നതിന്റെ പ്രശ്‌നത്തിലേയ്ക്കാണ് മുതിര്‍ന്ന യുഎസ് മാധ്യമപ്രവര്‍ത്തകനും ഡബ്ല്യുജിബിഎച്ച് എഡിറ്ററുമായ കെന്നത് ജെ കൂപ്പര്‍ ശ്രദ്ധ ക്ഷണിക്കുന്നത്. ഒരു അഭിപ്രായ സര്‍വേയാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. സര്‍വേയോട് പ്രതികരിച്ച മൂന്നില്‍ രണ്ട് ദലിതുകളും പറയുന്നത് തങ്ങള്‍ ജാതി വിവേചനം നേരിടുന്നു എന്നാണ്. അമേരിക്കന്‍ പൗരാവകാശ നിയമങ്ങള്‍ക്ക് ഇന്ത്യക്കാര്‍ കൂടെ കൊണ്ടുവന്ന ഈ ജാതീയതയെ അഭിസംബോധന ചെയ്യാന്‍ കഴിയുന്നില്ല. 1964ല്‍ സിവില്‍ റൈറ്റ്‌സ് ആക്ട് പാസാക്കുമ്പോള്‍ ജാതി എന്നത് അമേരിക്കക്കാരെ സംബന്ധിച്ച് ഇന്ത്യയില്‍ മാത്രമുള്ള ഒന്നായിരുന്നു.

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ജാതി വിവേചനത്തെക്കുറിച്ച് ജാഗ്രത പാലിക്കണമെന്നാണ് സര്‍വേ നടത്തിയ തേന്‍മൊഴി സൗന്ദരരാജനും മാരി സ്വിക് മൈത്രേയിയും പറയുന്നത്. വംശീയ വിവേചനങ്ങള്‍ക്കൊപ്പം തന്നെ ജാതി വിവേചനങ്ങളും കാണണമെന്നാണ് സര്‍വേ നടത്തിയവരുടെ ആവശ്യം. പ്രവാസി ഇന്ത്യന്‍ സമൂഹങ്ങളുടെ സ്വാധീനം ജാതീയത വളര്‍ത്തുന്നതാണ് സര്‍വേയിലെ കണ്ടെത്തല്‍. അതേസമയം അമേരിക്കയിലെത്തുന്ന ഇന്ത്യക്കാരില്‍ ദലിത് വിഭാഗത്തില്‍ പെട്ടവരില്‍ പകുതിയോളം പേര്‍ക്ക് പോസ്റ്റ്ഗ്രാജ്വേറ്റ് ഡിഗ്രിയുള്ളപ്പോള്‍ ബ്രാഹ്മണരിലെ കാല്‍ ഭാഗത്തിന് മാത്രമേ പിജിയുള്ളൂ എന്നത് ശ്രദ്ധേയമാണ് – കെന്നത്ത് ജെ കൂപ്പര്‍ പറയുന്നു. ഇന്ത്യയിലെ ജാതി സംവരണമാണ് ഈ വിദ്യാഭ്യാസ മുന്നേറ്റത്തില്‍ ഗുണം ചെയ്തിരിക്കുന്നത്. വലിയൊരു വിഭാഗം ദലിതര്‍ ഇത് ചൂണ്ടിക്കാട്ടുന്നു.