സന്തോഷ് ട്രോഫിക്ക് ആ പേരെങ്ങനെ കിട്ടി

സന്തോഷ് ട്രോഫിക്ക് ആ പേരെങ്ങനെ കിട്ടി എന്ന് ആലോചിച്ചിട്ടുണ്ടോ? ക്രിക്കറ്റിലെ രണ്‍ജി ട്രോഫിക്ക് ആ പേര് കിട്ടാന്‍ കാരണം ഇംഗ്ലീഷ് ടീമിന് വേണ്ടി ടെസ്റ്റ്‌ കളിച്ചിട്ടുള്ള അറിയപ്പെടുന്ന താരമായ രണ്‍ജിത് സിംഗ്ജിയായിരുന്നു. അതുപോലെ സന്തോഷ് ട്രോഫിക്ക് ആ പേര് കിട്ടാന്‍ കാരണമായ ഫുട്‌ബോള്‍ താരം ആരാണ് എന്നായിരിക്കും ഇപ്പോള്‍ പലരും ആലോചിക്കുന്നത്. എന്നാല്‍ ഈ ‘സന്തോഷ്’ ഫുട്‌ബോള്‍ താരമോ ഫുട്‌ബോളുമായി ബന്ധപ്പെട്ട ഏതെങ്കിലും വ്യക്തിയോ എന്തിന് ഒരു മനുഷ്യന്റെ പേര് പോലുമല്ല. അതൊരു സ്ഥലമാണ്!.

ഐക്യബംഗാളിന്റെ ഭാഗമായിരുന്ന സന്തോഷ്‌ എന്ന പ്രദേശം 1947ല്‍ ഇന്ത്യ വിഭജിക്കപ്പെട്ടപ്പോള്‍ കിഴക്കന്‍ പാകിസ്ഥാന്റെ ഭാഗമായി. പിന്നീട് 1971 മുതല്‍ ബംഗ്ലാദേശിന്റേയും. 1941ല്‍ തുടങ്ങിയ സന്തോഷ് ട്രോഫി ടൂര്‍ണമെന്റില്‍ വിജയികള്‍ക്കുള്ള ട്രോഫി സംഭാവന ചെയ്ത് അന്ന് ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റായിരുന്ന സര്‍ മന്മഥനാഥ് റോയ് ചൗധരി സന്തോഷ് സ്വദേശിയായിരുന്നു. ടൂര്‍ണമെന്റിന് പേര് നല്‍കിയതും അദ്ദേഹം തന്നെ.

(ചിത്രം 1973ല്‍ സന്തോഷ്‌ ട്രോഫി ചാമ്പ്യന്‍മാരായ കേരള ടീമിന്‍റെ ക്യാപ്റ്റന്‍ ടികെ മണി (ടികെ സുബ്രഹ്മണ്യന്‍) കപ്പുമായി)