വികസനം: പിണറായിയെ പ്രശംസിച്ച് കേന്ദ്ര സർക്കാർ

ന്യൂഡൽഹി: ”നന്ദി വിജയൻ സാർ, നന്ദി. താങ്കളെക്കൊണ്ടു മാത്രമാണ് കേരളത്തിൽ വികസനത്തിന് സ്ഥലമേറ്റെടുക്കൽ സാധ്യമാവുന്നത്” കേരളത്തിലെ വികസന പ്രവർത്തനങ്ങൾ മികച്ച രീതിയിൽ നടപ്പാക്കുന്നതിന് പിണറായി സർക്കാരിനെ അഭിനന്ദിച്ചുകൊണ്ട് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി പറഞ്ഞ വാക്കുകളാണിത്. റോഡു വികസനമുൾപ്പെടെ കേരളത്തിൽ വികസനപദ്ധതികൾ നടപ്പാക്കുന്നതിനാണ് മുഖ്യമന്ത്രിക്ക് കേന്ദ്രത്തിന്റെ പ്രശംസ ലഭിച്ചത്. കഴിഞ്ഞദിവസം ഗതാഗതമന്ത്രി നിതിൻ ഗഡ്കരിയുമായി മുഖ്യമന്ത്രിയും ഉദ്യോഗസ്ഥസംഘവും ചർച്ചയ്ക്ക് എത്തിയപ്പോൾ, അദ്ദേഹത്തിന് ഈ രീതിയിൽ നന്ദി പറഞ്ഞുകൊണ്ടാണ് ഗഡ്ഗരി സംഭാഷണം തുടങ്ങിയതുതന്നെ.

ദേശീയപാത വികസനം മാത്രമല്ല, ഗെയിൽ പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിനു ഭൂമിയേറ്റെടുത്തതും പദ്ധതി പൂർത്തിയായിക്കൊണ്ടിരിക്കുന്നതും ഗഡ്കരി എടുത്തുപറഞ്ഞു. ഈ വിഷയങ്ങളിൽ കേന്ദ്രത്തിന്റെ പിന്തുണ എപ്പോഴും സംസ്ഥാന സർക്കാരിനുണ്ടാവുമെന്നും അദ്ദേഹം വ്യക്തമാക്കി. മുൻസർക്കാരുകളുടെ കാലത്ത് മുടങ്ങിക്കിടന്ന ഗെയിൽ പൈപ്പ് ലൈൻ പദ്ധതിക്ക് ജീവൻവെച്ചത് പിണറായി മുഖ്യമന്ത്രിയായതിനുശേഷമാണ്. വടക്കൻ ജില്ലകളിൽ ഭൂമിയേറ്റെടുത്തു നൽകാൻ കഴിയാഞ്ഞതിനാൽ പദ്ധതി ഏതാണ്ട് ഉപേക്ഷിച്ച മട്ടിലായിരുന്നു. മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങും പിന്നീട് പ്രധാനമന്ത്രി നരേന്ദ്രമോദിയും യു.ഡി.എഫ്. സർക്കാരിനോട് ഇക്കാര്യം ശക്തമായി ആവശ്യപ്പെട്ടെങ്കിലും ഫലമുണ്ടായില്ല.

മുഖ്യമന്ത്രിയായശേഷം പ്രധാനമന്ത്രി മോദിയെ ഔദ്യോഗികമായി കാണാനെത്തിയപ്പോൾ അദ്ദേഹം പിണറായിയോട് ആദ്യം പറഞ്ഞത് മുടങ്ങിക്കിടക്കുന്ന ഗെയിൽ പൈപ്പ് ലൈനിനെക്കുറിച്ചാണ്. ഗുജറാത്തിനും കേരളത്തിനും ഒരേ സമയത്താണ് എൽ.എൻ.ജി. ടെർമിനൽ അനുവദിച്ചതെങ്കിലും ഗുജറാത്തിലേത് പ്രവർത്തനം തുടങ്ങി വർഷങ്ങൾ കഴിഞ്ഞിട്ടും കേരളത്തിൽ പൈപ്പ് ലൈൻ സ്ഥാപിക്കാത്തത് ഖേദകരമാണെന്ന് പ്രധാനമന്ത്രി ഓർമിപ്പിച്ചിരുന്നു. അന്നു പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രി നൽകിയ ഉറപ്പാണ് ഒന്നരവർഷംകൊണ്ട് യാഥാർഥ്യമാവുന്നത്.

ദേശീയപാത വികസനത്തിന്റെ കാര്യത്തിൽ, സ്ഥലം ഏറ്റെടുത്തു കൈമാറാതെ കേന്ദ്രത്തിന് ഒന്നും ചെയ്യാനാവില്ലെന്ന ഉറച്ച നിലപാടിലായിരുന്നു മന്ത്രി ഗഡ്കരി. റോഡിന്റെ വീതിയുടെ കാര്യത്തിൽ വിട്ടുവീഴ്ചയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കേന്ദ്രമന്ത്രിയായി ചുമതലയേറ്റശേഷം എല്ലാ സംസ്ഥാനങ്ങളുമായും അദ്ദേഹം ദേശീയപാത വികസനം പ്രത്യേകം ചർച്ച ചെയ്തിരുന്നു. കേരളത്തിൽ ഭൂമി ലഭിക്കാത്തത് ചൂണ്ടിക്കാട്ടി സംസ്ഥാനം ഈ വിഷയത്തിൽ ഭാവിയിൽ ഒറ്റപ്പെടുമെന്ന് അദ്ദേഹം പ്രസ്താവിച്ചു. വാർത്താസമ്മേളനത്തിൽ പലപ്രാവശ്യം അദ്ദേഹം തന്റെ ആശങ്ക പങ്കുവെച്ചു. ആ സ്ഥിതിക്ക് വലിയ മാറ്റമാണ് ഇപ്പോൾ വന്നുകൊണ്ടിരിക്കുന്നതെന്ന് ഗതാഗത മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥൻ ചൂണ്ടിക്കാട്ടി.

കീഴാറ്റൂരിൽ ഭൂമിയേറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട വിഷയം മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയും നടത്തിയ ചർച്ചയിൽ പരാമർശിക്കപ്പെട്ടില്ലെങ്കിലും അവിടത്തെ സംഘർഷഭരിതമായ സ്ഥിതിവിശേഷത്തെക്കുറിച്ച് കേന്ദ്രത്തിന് ബോധ്യമുണ്ടെന്ന് ഈ ഉദ്യോഗസ്ഥൻ പറഞ്ഞു.

വിഷയം സംസ്ഥാനസർക്കാർതന്നെ തീർപ്പാക്കി സ്ഥലം കൈമാറുന്ന മുറയ്‌ക്കേ ദേശീയപാത അതോറിറ്റിക്ക് തുടർനടപടികളിലേക്ക് കടക്കാനാവൂ. അതേസമയം, മേൽപ്പാതയെക്കുറിച്ച് ചില കേന്ദ്രങ്ങളിൽനിന്ന് സംസാരമുണ്ടായെങ്കിലും കനത്ത സാമ്പത്തികബാധ്യത വരുമെന്നതിനാൽ അത് അംഗീകരിക്കപ്പെടാൻ സാധ്യതയില്ല.