ഭാരത് ബന്ദിനിടെ മധ്യപ്രദേശില്‍ ഒരു മരണം; സാഗറില്‍ കര്‍ഫ്യൂ

പട്ടിക വിഭാഗങ്ങള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയാനുള്ള നിയമപ്രകാരം ഉടനെ കേസെടുത്ത് അറസ്റ്റ് ചെയ്യുന്നതു തടഞ്ഞുള്ള സുപ്രീംകോടതി വിധിക്കെതിരെ ദലിത് സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ പരക്കെ ആക്രമണം. മധ്യപ്രദേശിലെ മൊറെനയില്‍ ഒരാള്‍ കൊല്ലപ്പെട്ടു. സംസ്ഥാനത്ത് സാഗറിലും ഗ്വാളിയാറിലും ഉള്‍പ്പെടെ മൂന്ന് പട്ടണങ്ങളില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു.

ബന്ദിനെ തുടര്‍ന്ന് മീററ്റ്, റാഞ്ചി, ആഗ്ര, ബിന്ദ് തുടങ്ങി വിവിധയിടങ്ങളില്‍ പൊലീസ് കര്‍ശന സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.

Women protest in Rajasthan’s Bharatpur.

പഞ്ചാബില്‍ സ്‌കൂളുകളും കോളെജുകളും അടഞ്ഞുകിടക്കുകയാണ്. ഇന്ന് വൈകുന്നേരം അഞ്ച് മണി വരെ ഇന്റര്‍നെറ്റ് സേവനം വിച്ഛേദിച്ചു.

Visuals from protests in Agra.

അതേസമയം സുപ്രീംകോടതി വിധിക്കെതിരെ കേന്ദ്രസര്‍ക്കാര്‍ ഇന്ന് റിവ്യൂ ഹര്‍ജി നല്‍കി.

സമാധാനം നിലനിര്‍ത്തണമെന്ന് എല്ലാ സംഘടനകളോടും കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് അപേക്ഷിച്ചു. സുപ്രീംകോടതിയില്‍ റിവ്യൂ ഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ടെന്നും സമാധാനം തകര്‍ക്കരുതെന്നും അക്രമം പ്രോത്സാഹിപ്പിക്കരുതെന്നും എല്ലാ വിഭാഗങ്ങളോടും അപേക്ഷിച്ചതായി രാജ്‌നാഥ് സിംഗ് പറഞ്ഞു.

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സംസ്ഥാനത്ത് ക്രമസമാധാനപാലനത്തിനായി പ്രക്ഷോഭകരോട് അപേക്ഷിച്ചു. എല്ലാ പിന്നാക്ക ജാതിക്കാരുടെയും ഉന്നമനത്തിന് വേണ്ടിയാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പ്രവര്‍ത്തിക്കുന്നതെന്നും യോഗി പറഞ്ഞു.

ഡല്‍ഹിക്ക് സമീപം ഗാസിയാബാദിലെ ഒരു റെയില്‍വേ ട്രാക്കില്‍ സമരക്കാര്‍ പ്രകടനം നടത്തി. രാവിലെ ജയ്പൂരില്‍ പ്രതിഷേധക്കാര്‍ ട്രെയിന്‍ തടഞ്ഞു. നഗരത്തിലെ ഒരു വസ്ത്രശാല തകര്‍ത്തു.