ഭൂമി തട്ടിപ്പ്: വയനാട് സിപിഐ ജില്ലാ സെക്രട്ടറിയെ മാറ്റി

വയനാട്: സര്‍ക്കാര്‍ ഭൂമി മറിച്ചുവില്‍ക്കാന്‍ ശ്രമിച്ച വിജയന്‍ ചെറുകരയെ സിപിഐ വയനാട് ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്നും മാറ്റി. കെ. രാജന്‍ എംഎല്‍എയ്ക്കാണ് പകരം ചുമതല. പാര്‍ട്ടി ജില്ലാ കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനം.

ഭൂമാഫിയയെ സഹായിച്ചവര്‍ക്കെതിരേ ഉചിതമായ നടപടിയുണ്ടാകുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍  പറഞ്ഞിരുന്നു. കുറ്റക്കാരെ സിപിഐ ഒരിക്കലും സംരക്ഷിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതിന് പിന്നാലെയാണ് നടപടി.

സിപിഐയ്ക്കെതിരെ വയനാട് സിപിഐഎം ജില്ലാ സെക്രട്ടറി പി. ഗഗാറിന്‍ രംഗത്തെത്തി. മിച്ചഭൂമി ഇടപാടില്‍ കൂട്ടുനിന്നെങ്കില്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കണം. വയനാട്ടിലെ കുറുമ്പാലകോട്ടയില്‍ വ്യാപക കയ്യേറ്റമുണ്ടെന്നും പി. ഗഗാറിന്‍ പറഞ്ഞു.

അതേസമയം, സര്‍ക്കാര്‍ ഭൂമി മറിച്ചു വില്‍ക്കാന്‍ ശ്രമിച്ച സംഭവത്തില്‍ വിജിലന്‍സ് അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചിട്ടുണ്ട്. നിയമസഭയില്‍ ഇത് സംബന്ധിച്ച അടിയന്തരപ്രമേയ നോട്ടീസിന് മറുപടി പറയുമ്പോഴാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.

അഴിമതി സര്‍ക്കാര്‍ ഒരുവിധത്തിലും വച്ചുപൊറുപ്പിക്കില്ല. വയനാട്ടിലെ ഭൂമി ഇടപാടില്‍ മന്ത്രിതലത്തില്‍ അഴിമതി നടന്നിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സമഗ്രമായ അന്വേഷണം നടന്നുവരികയാണെന്ന് റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരനും സഭയില്‍ അറിയിച്ചു.