പെട്രോളിന്റെ ശരിക്കും വില 30 രൂപ; ബാക്കിയെല്ലാം നികുതി; ഇന്ധന നികുതിയായി കേന്ദ്രത്തിന് കിട്ടിയത് 2,42,000 കോടി

കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഇന്ധന നികുതി വരുമാനമായി കേന്ദ്ര സര്‍ക്കാരിന് ലഭിച്ചത് 2,42,000 കോടി രൂപ. 2014-15 വര്‍ഷത്തില്‍ ഇന്ധനത്തില്‍ നിന്ന് കേന്ദ്രത്തിന് നികുതിവരുമാനമായി കിട്ടിയത് 99,000 കോടി രൂപ മാത്രമായിരുന്നു. നികുതി വരുമാനം കുത്തനെ കൂട്ടിയിട്ടും അതിന്റെ ഒരു അംഗശം സാധാരണക്കാരന് നല്‍കാന്‍ മോദി സര്‍ക്കാര്‍ തയാറായിട്ടില്ലെന്നാണ് ഈ കണക്കുകള്‍ വ്യക്തമാക്കുന്നത്.

നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം കേന്ദ്ര എക്‌സൈസ് നികുതി അഞ്ചു പ്രവശ്യമായി ആറു രൂപയാണ് കൂട്ടിയത്. ഒരു ലിറ്റര്‍ പെട്രോളില്‍നിന്ന് കേന്ദ്രം 19.42 രൂപയും ഡീസലില്‍നിന്ന് 15.33 രൂപയും എക്‌സൈസ് നികുതി ഇനത്തില്‍ മോദി സര്‍ക്കാര്‍ ഈടാക്കുന്നുണ്ട്. കേരളത്തില്‍ ഒരു ദിവസം ഒരു കോടി ലിറ്റര്‍ പെട്രോളും 80 ലക്ഷം ലിറ്റര്‍ ഡീസലും വില്‍ക്കുന്നുണ്ടെന്നാണ് അനൗദ്യോഗിക കണക്ക്. അതായത് പെട്രോളിന്റെ എക്‌സൈസ് നികുതി ഇനത്തില്‍ മാത്രം കേന്ദ്രം കേരളത്തില്‍നിന്ന് 19.42 കോടിയും ഡീസലില്‍നിന്ന് 12.26 കോടിരൂപയും പിഴിയുന്നുണ്ടെന്ന് സാമ്പത്തിക വിദഗ്ദര്‍ പറയുന്നു. ഒരു വര്‍ഷം വില്‍ക്കുന്ന ഡീസലും പെട്രോളിനുമായി കേരളത്തില്‍ നിന്നു കേന്ദ്രം കൊണ്ടുപോകുന്ന 11564.69 കോടി രൂപയുടെ നികുതിയാണ്.

ഇന്ധനവില ദിവസവും മാറുന്ന രീതി കഴിഞ്ഞ ജൂണ്‍ 16നാണ് കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയത്. അന്ന് പെട്രോളിന് 68.53 രൂപയും ഡീസലിന് 58.70 രൂപയുമായിരുന്നു. പുതിയ സംവിധാനത്തില്‍ വിലക്കുറവിന്റെ നേട്ടം പ്രതിദിനം ഉപയോക്താക്കള്‍ക്ക് കിട്ടുമെന്നായിരുന്നു മോദി സര്‍ക്കാര്‍ പറഞ്ഞത്. എന്നാല്‍ ഈ വാഗ്ദാനം വെറും പാഴ്‌വാക്കായി മാറി.

2007 മുതല്‍ 2017 വരെയുള്ള കാലയളവില്‍ ഇന്ധന കമ്പനികള്‍ 50,000 കോടി രൂപ ലാഭം നേടിയതായി കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. അസംസ്‌കൃത എണ്ണവില താഴ്ന്ന ഘട്ടങ്ങളിലും അമിതവില ഈടാക്കി കമ്പനികള്‍ കൊള്ളലാഭം കൊയ്യുകയാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഒരു ലിറ്റര്‍ പെട്രോളിന് 30 രൂപയും ഡീസലിന് 34.37 രൂപയും മാത്രമാണ് നിലവിലെ ഉല്‍പ്പാദന വില. ഇതാണ് ഒരു ലിറ്റര്‍ ഡീസലിന് 70.20 രൂപയും പെട്രോളിന് 77.78 രൂപയുമായി വിപണിയില്‍ വില്‍ക്കുന്നത്.