35 C
Kochi
Friday, March 29, 2024
കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളെജുകളിലെ പ്രവേശനം ക്രമപ്പെടുത്തി; ഏകണ്‌ഠേന നിയമസഭ ബില്‍ പാസാക്കി

കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളെജുകളിലെ പ്രവേശനം ക്രമപ്പെടുത്തി; ഏകണ്‌ഠേന നിയമസഭ ബില്‍ പാസാക്കി

തിരുവനന്തപുരം: കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളെജുകളിലെ പ്രവേശനം സാധുവാക്കുന്ന ബില്‍ പാസാക്കി. ഏകകണ്‌ഠേനയാണ് നിയമസഭ ബില്‍ പാസാക്കിയത്. പ്രവേശനത്തെ അനുകൂലിച്ചുള്ള ഓർഡിനൻസിന്റെ സാധുത സംബന്ധിച്ച കേസ് സുപ്രീം കോടതി വ്യാഴാഴ്ച പരിഗണിക്കാനിരിക്കെയാണ് ബിൽ പാസാക്കിയത്.

അതേസമയം, ബില്‍ സ്വകാര്യമേഖലയെ സഹായിക്കാനാണെന്ന് വിടി ബല്‍റാം ആരോപിച്ചു. എന്നാല്‍ വിടി ബല്‍റാമിന്റെ എതിര്‍പ്പ് രമേശ് ചെന്നിത്തല തള്ളി. മാനേജ്‌മെന്റുകളെ സഹായിക്കാനല്ല ബില്ല് കൊണ്ടുവന്നതെന്നും വിദ്യാര്‍ത്ഥികളുടെ ഭാവി മുന്നില്‍ കണ്ടാണെന്നും സഭയില്‍ ചെന്നിത്തല വ്യക്തമാക്കി. സര്‍ക്കാരും പ്രതിപക്ഷവും ചേര്‍ന്നുള്ള ഒത്തുകളിയല്ല ഇതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കണ്ണൂര്‍ മെഡിക്കല്‍ കോളെജ് 118 സീറ്റ്, കരുണ മെഡിക്കല്‍ കോളെജ് 31 സീറ്റ് വീതമാണ് പ്രവേശനം ക്രമപ്പെടുത്തിയിരിക്കുന്നത്.

മെഡിക്കല്‍ കോളേജ് പ്രവേശനവുമായി ബന്ധപ്പെട്ട്  സംസ്ഥാന സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പുറത്തിറക്കിയതിനെ സുപ്രീം കോടതി നേരത്തെ വിമര്‍ശിച്ചിരുന്നു.

കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളേജുകളില്‍ മാനേജ്‌മെന്റുകള്‍ നേരിട്ട് പ്രവേശിപ്പിച്ച വിദ്യാര്‍ത്ഥികളെ സംരക്ഷിക്കാനാണ് സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കിയത്. കഴിഞ്ഞവര്‍ഷം സര്‍ക്കാരുമായി കരാര്‍ ഒപ്പിടാതെ കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളേജുകള്‍ നേരിട്ട് നടത്തിയ പ്രവേശനം മേല്‍നോട്ട സമിതി റദ്ദാക്കിയിരുന്നു. കണ്ണൂരില്‍ 150ഉം കരുണയില്‍ 30ഉം വിദ്യാര്‍ത്ഥികളുടെ പ്രവേശനമാണ് റദ്ദായത്. ഈ നടപടി സുപ്രീംകോടതിയും ശരിവച്ചു. കരുണയില്‍ 30 വിദ്യാര്‍ത്ഥികളെ പ്രവേശനപരീക്ഷാ കമ്മിഷണര്‍ പകരം അലോട്ട് ചെയ്‌തെങ്കിലും അവര്‍ക്ക് ഇക്കൊല്ലം പ്രവേശനം നല്കാനായിരുന്നു കോടതി നിര്‍ദ്ദേശം.

എന്നാല്‍, മാനേജ്‌മെന്റ് പ്രവേശിപ്പിച്ച വിദ്യാര്‍ത്ഥികള്‍ ഇരുകോളേജുകളിലും പഠനം തുടര്‍ന്നു. ഒന്നാം വര്‍ഷ പരീക്ഷയ്ക്കായി ആരോഗ്യ സര്‍വകലാശാലയെ സമീപിച്ചപ്പോഴാണ് പ്രവേശനത്തിന് അംഗീകാരമില്ലാത്തതിനാല്‍ രജിസ്റ്റര്‍ ചെയ്തിട്ടു പോലും ഇല്ലെന്ന് വ്യക്തമായത്. വന്‍ ഫീസ് വാങ്ങി കുട്ടികളെ പ്രവേശിപ്പിച്ച മാനേജ്‌മെന്റുകളാകട്ടെ കൈമലര്‍ത്തി. കുട്ടികള്‍ കോടതിയെ സമീപിച്ചെങ്കിലും അപേക്ഷ തള്ളി. ഇതോടെയാണ് കുട്ടികള്‍ സര്‍ക്കാരിനെ സമീപിച്ചത്. ഇതിനെത്തുടര്‍ന്ന് ഈ കോളേജുകളിലെ കുട്ടികളുടെ പ്രവേശനം സംബന്ധിച്ച് സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കുകയായിരുന്നു.