കാവേരി നദീജല തര്‍ക്കം: എഐഎഡിഎംകെയുടെ ഉപവാസ സമരം പ്രഹസനമെന്ന് കമല്‍ഹാസന്‍

ചെന്നൈ: കാവേരി നദീജല വിഷയത്തില്‍ തമിഴ്‌നാട് സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ഹാസന്‍ രംഗത്ത്. എഐഎഡിഎംകെയുടെ ഉപവാസ സമരം പ്രഹസനമാണെന്ന് പറഞ്ഞ കമല്‍ഹാസന്‍ കാവേരി വിഷയത്തില്‍ കേന്ദ്രത്തിനെതിരെ തമിഴ്‌നാട് സര്‍ക്കാര്‍ വേണ്ട വിധത്തില്‍ പോരാടിയില്ലെന്നും വ്യക്തമാക്കി.

ഇന്നലെയാണ് തമിഴ്‌നാട് ഭരിക്കുന്ന എഐഎഡിഎംകെ നിരാഹാര സമരം നടത്തിയത്. കാവേരി മാനേജ്മെന്റ് ബോര്‍ഡ് രൂപവത്കരിക്കണമെന്നാവശ്യപ്പെട്ടായിരുന്നു നിരാഹാര സമരം. തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമി, ഉപമുഖ്യമന്ത്രി ഒ. പന്നീര്‍സെല്‍വം തുടങ്ങിയവര്‍ സമരത്തില്‍ പങ്കെടുത്തിരുന്നു.

കാവേരി വിഷയത്തില്‍ വ്യക്തത തേടി അവസാന നിമിഷം കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത് കര്‍ണാടക ഇലക്ഷന്‍ മുന്നില്‍ കണ്ടുകൊണ്ടാണെന്നും കമല്‍ ആരോപിച്ചു.ഇതൊരു രാഷ്ട്രീയ തന്ത്രമാണ്. തമിഴ്‌നാട്ടിലെ ജനങ്ങള്‍ക്ക് കേന്ദ്രത്തിന്റ ഈ കള്ളക്കളി മനസിലാകുന്നുണ്ട്. എന്നാല്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ നേതാവെന്ന നിലയില്‍ എനിക്ക് ഇക്കാര്യത്തില്‍ പ്രതികരിക്കാതിരിക്കാന്‍ കഴിയില്ല. തമിഴ്‌നാടിന് ഇവിടെ നഷ്ടപ്പെടുന്നത് ലഭിക്കേണ്ട നീതിയാണ്. കൈയെത്തും ദൂരത്ത് എത്തിയിട്ടും അതിന് തടസം സൃഷ്ടിക്കുന്ന പ്രവര്‍ത്തനങ്ങളാണ് ചിലര്‍ നടത്തികൊണ്ടിരിക്കുന്നതെന്നും കമല്‍ പറഞ്ഞു.

ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് തമിഴ്‌നാടിന് ലഭിക്കുന്ന കാവേരി ജലം സുപ്രീം കോടതി വെട്ടിക്കുറച്ചത്. കാവേരി മാനേജ്മെന്റ് ബോര്‍ഡ് രൂപവത്കരിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ കക്ഷികള്‍ ഏപ്രില്‍ അഞ്ചിന് തമിഴ്നാട്ടില്‍ ഹര്‍ത്താല്‍ നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്