27 C
Kochi
Saturday, April 20, 2024
സന്തോഷ് ട്രോഫി കിരീടം നേടിയ കേരള ടീം അംഗങ്ങള്‍ക്ക് രണ്ടുലക്ഷം വീതം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം;...

സന്തോഷ് ട്രോഫി കിരീടം നേടിയ കേരള ടീം അംഗങ്ങള്‍ക്ക് രണ്ടുലക്ഷം വീതം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം; 11 പേര്‍ക്ക് സര്‍ക്കാര്‍ ജോലി

തിരുവനന്തപുരം: സന്തോഷ് ട്രോഫി കിരീടം നേടിയ കേരള ടീമിലെ 20 കളിക്കാര്‍ക്കും മുഖ്യ പരിശീലകനും രണ്ടു ലക്ഷം രൂപ വീതം പാരിതോഷികം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. മാനേജര്‍, അസിസ്റ്റന്റ് പരിശീലകന്‍, ഫിസിയോ തെറാപ്പിസ്റ്റ് എന്നിവര്‍ക്ക് ഒരു ലക്ഷം രൂപ വീതം നല്‍കും.സന്തോഷ് ട്രോഫി നേടിയ കേരള ടീമിലെ മുഹമ്മദ് ഷെറീഫ്, ജിയാദ് ഹസ്സന്‍, ജസ്റ്റിന്‍ ജോര്‍ജ്, കെ.പി. രാഹുല്‍, വി.എസ്. ശ്രീക്കുട്ടന്‍, എം.എസ്. ജിതിന്‍, ജി. ജിതിന്‍, ബി.എല്‍. ഷംനാസ്, സജിത് പൗലോസ്, വി.കെ. അഫ്ദല്‍, പി.സി. അനുരാഗ് എന്നീ 11 കളിക്കാര്‍ക്ക് വിദ്യാഭ്യാസ യോഗ്യതയ്ക്ക് അനുസരിച്ച് സര്‍ക്കാര്‍ ജോലി നല്‍കും.ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം

സന്തോഷ് ട്രോഫി ടീമിലെ കളിക്കാരില്‍ സ്വന്തമായി വീടില്ലാത്ത കെ.പി. രാഹുലിന് (പീലിക്കോട് കാസര്‍ക്കോട്) വീട് നിര്‍മ്മിച്ച നല്‍കാന്‍ തീരുമാനിച്ചു.

ദേശീയ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് നേടിയ കേരള ടീമിലെ 12 കളിക്കാര്‍ക്കും പരിശീലകനും ഒന്നര ലക്ഷം രൂപ വീതം നല്‍കും. മാനേജര്‍ക്കും അസിസ്റ്റന്റ് കോച്ചിനും ഒരു ലക്ഷം രൂപ വീതം നല്‍കും. വോളി ചാമ്പ്യന്‍ഷിപ്പ് നേടിയ ടീമിലെ സി.കെ. രതീഷിന് കിന്‍ഫ്രയില്‍ സൂപ്പര്‍ന്യൂമററി തസ്തിക സൃഷ്ടിച്ച് കോഴിക്കോട് ജില്ലയില്‍ നിയമനം നല്‍കാന്‍ തീരുമാനിച്ചു.

മറ്റ് മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍

മറ്റ് പിന്നോക്ക വിഭാഗങ്ങളുടെ മേല്‍ത്തട്ട് വരുമാന പരിധി 6 ലക്ഷം രൂപയില്‍ നിന്ന് 8 ലക്ഷം രൂപയായി വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചു. ഉത്തരവ് ഇറങ്ങുന്ന തിയ്യതി മുതല്‍ ഈ തീരുമാനത്തിന് പ്രാബല്യമുണ്ടാകും.

തിരുവനന്തപുരം സബ് കലക്ടര്‍ ദിവ്യ എസ് അയ്യരെ തദ്ദേശസ്വയംഭരണ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറിയായി മാറ്റി നിയമിക്കാന്‍ തീരുമാനിച്ചു. ഫോര്‍ട്ട് കൊച്ചി സബ് കലക്ടര്‍ ഇമ്പാ ശേഖറിനെ തിരുവനന്തപുരം സബ്കലക്ടറായി നിയമിക്കും.

മൃഗസംരക്ഷണ വകുപ്പ് സെക്രട്ടറി എക്‌സ് അനിലിന് കൃഷി വകുപ്പ് സെക്രട്ടറിയുടെ അധിക ചുമതല നല്‍കും.

വ്യവസായ വകുപ്പ് സെക്രട്ടറി സഞ്ജയ് കൗളിന് നികുതി വകുപ്പ് സെക്രട്ടറിയുടെ (എക്‌സൈസ് ഒഴികെ) അധിക ചുമതല നല്‍കാന്‍ തീരുമാനിച്ചു.

കെ.എഫ്.സി. എം.ഡി. സഞ്ജയ് കൗശികിന് ഫിനാന്‍സ് റിസോഴ്‌സസ് അധിക ചുമതല നല്‍കും.

കെ.എസ്.ടി.പി. പ്രൊജക്ട് ഡയറക്ടര്‍ പാട്ടീല്‍ അജിത് ഭഗവത് റാവുവിന് പി.ഡബ്ല്യു.ഡി അഡീഷണല്‍ സെക്രട്ടറിയുടെ ചുമതല കൂടി നല്‍കും.

പൊതുവിദ്യാഭ്യാസ മിഷന്‍ സിഇഒ ഡോ.പി.കെ. ജയശ്രീക്ക് പൊതുവിദ്യാഭ്യാസ ഡെപ്യൂട്ടി സെക്രട്ടറിയുടെ അധിക ചുമതല നല്‍കും.

രക്ഷാപ്രവര്‍ത്തനത്തിനിടയില്‍ മുങ്ങിമരിച്ച കൊട്ടാരക്കര കരീപ്ര വില്ലേജില്‍ ശ്രീമംഗലം വീട്ടില്‍ സത്യന്റെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് മൂന്നു ലക്ഷം രൂപ അനുവദിക്കാന്‍ തീരുമാനിച്ചു. തോട്ടില്‍ വീണ് മുങ്ങിത്താഴുന്ന ഒരാളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് സത്യന്‍ മരിച്ചത്.

ഓട്ടോറിക്ഷയില്‍ ലോറി മറിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ച തിരൂര്‍ കാട്ടിപ്പരത്തി വില്ലേജില്‍ പാലച്ചുവട് മുഹമ്മദ് നിസാര്‍, തയ്യില്‍ വീട്ടില്‍ ഖദീജ, തയ്യില്‍ വീട്ടില്‍ ഷാഹിന എന്നിവരുടെ കുടുംബങ്ങള്‍ക്ക് ഒരു ലക്ഷം രൂപ വീതം ധനസഹായം അനുവദിക്കും.

സര്‍ക്കാര്‍ വകുപ്പുകളുടെ കീഴിലുളള പ്ലാന്റേഷനുകള്‍, ഫാമുകള്‍, സഹകരണ സംഘങ്ങള്‍ എന്നിവയില്‍ നിന്നും കര്‍ഷകരില്‍ നിന്നും ശേഖരിക്കുന്ന തോട്ടണ്ടി കശുഅണ്ടി വികസന കോര്‍പ്പറേഷനും കാപ്പക്‌സിനും ലഭ്യമാക്കാന്‍ അനുമതി നല്‍കും. ബന്ധപ്പെട്ട വില നിര്‍ണ്ണയ സമിതി നിശ്ചയിക്കുന്ന വിലയ്ക്കാണ് തോട്ടണ്ടി ലഭ്യമാക്കുക. തോട്ടണ്ടി ദൗര്‍ലഭ്യം മൂലം കശുഅണ്ടി മേഖല നേരിടുന്ന പ്രതിസന്ധി പരിഹരിക്കുന്നതിനുളള നടപടികളുടെ ഭാഗമായാണ് തദ്ദേശീയമായി ഉല്‍പാദിപ്പിക്കുന്ന തോട്ടണ്ടി സംഭരിക്കുന്നത്.

കോഴിക്കോട് ജില്ലയിലെ വടകര താലൂക്കില്‍ ജില്ലാ റൂറല്‍ ജയില്‍ സ്ഥാപിക്കുന്നതിന് ഇറിഗേഷന്‍ വകുപ്പിന്റെ കൈവശമുളള 60 സെന്റ് ഭൂമി ജയില്‍ വകുപ്പിന്റെ ഉപയോഗത്തിന് വിട്ടുകൊടുക്കാന്‍ തീരുമാനിച്ചു. ഉടമസ്ഥാവകാശം റവന്യൂ വകുപ്പില്‍ നിലനിര്‍ത്തിയാണ് ഉപയോഗാനുമതി നല്‍കുക.