കണ്ണഞ്ചും കാഴ്ചകളില്‍ കോമണ്‍വെല്‍ത്ത് ഗെയിംസിന് തുടക്കം

ഇരുപത്തിയൊന്നാമത് കോമണ്‍വെല്‍ത്ത് ഗെയിംസിന് ഓസ്‌ട്രേലിയയിലെ ഗോള്‍ഡ് കോസ്റ്റില്‍  തുടക്കമായി. ലോകത്തെ വിസ്മയിപ്പിച്ച ചടങ്ങുകളോടെയാണ് ഗെയിംസിന് തുടക്കമായത്. പി.വി.സിന്ധുവിന്റെ നേതൃത്വത്തിലാണ് ഇന്ത്യന്‍ താരങ്ങള്‍ മാര്‍ച്ച് പാസ്റ്റില്‍ അണിനിരന്നത്.

തീരനഗരമായ ഗോള്‍കോസ്റ്റിന്റെ പാരമ്പര്യവും സംസ്‌കാരവും പ്രതിഫലിച്ച ദൃശ്യവിരുന്നോടെയാണ് ചടങ്ങിന് തുടക്കമായത്. സംഗീതത്തിനും നൃത്തത്തിനുമൊപ്പം പ്രകാശവും ഇന്ദ്രജാലം കാട്ടിയ വര്‍ണവിസ്മയം. കായികമികവിന്റെ പോരാട്ടവേദിയിലെ കലാവൈവിധ്യത്തിന് ശേഷം താരങ്ങളുടെ മാര്‍ച്ച് പാസ്റ്റ്. കഴിഞ്ഞ തവണത്തെ ആതിഥേയരായ സ്‌കോട്ട്‌ലന്റ് ആദ്യമെത്തി.

ഏഷ്യന്‍ രാജ്യങ്ങളില്‍ ബംഗ്ലദേശിന് ശേഷം ഇന്ത്യയും. പി.വി.സിന്ധു ത്രിവര്‍ണമേന്തിയപ്പോള്‍ പരമ്പരാഗത വേഷം വിട്ട് സ്യൂട്ടണിഞ്ഞ് ഇന്ത്യന്‍ താരങ്ങള്‍ നിരനിരന്നു. ഒടുവില്‍ കോമണ്‍വെല്‍ത്ത് പതാക കരാര സ്റ്റേഡിയത്തില്‍ ഉയര്‍ന്ന് പാറി. ഇനി കായികലഹരി നിറയുന്ന പത്ത് ദിനരാത്രങ്ങള്‍.

കോമണ്‍വെല്‍ത്ത് രാജ്യങ്ങളിലെ കായികപ്രതിഭകളുടെ വിസ്മയകുതിപ്പിന്റെ ദിനങ്ങളാണിനി. 18 വേദികളിലായി 71 രാജ്യങ്ങളിലെ ആറായിരത്തിലധികം അത്ലീറ്റുകള്‍ മാറ്റുരയ്ക്കും. ഏഥന്‍സ് ഒളിംപിക്‌സിലും ബെയ്ജിങ് ഒളിംപിക്‌സിലും വിസ്മയത്തിന്റെ ചെപ്പു തുറന്ന ഡേവിഡ് സോക്വറാണ് ഗോള്‍ഡ് കോസ്റ്റിലും ഉദ്ഘാടനചടങ്ങൊരുക്കിയത്