കേന്ദ്രസര്‍ക്കാര്‍ പ്രതിപക്ഷ എംപിമാരെ രഹസ്യമായി നിരീക്ഷിക്കുന്നതായി ആരോപണം

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ പ്രതിപക്ഷ എംപിമാരെ രഹസ്യമായി നിരീക്ഷിക്കുന്നതായി ആരോപണം. എംപിമാരുടെ മൊബൈല്‍ ഫോണ്‍ മോഷണം പതിവാകുന്നു. ഇത് കേന്ദ്രസര്‍ക്കാരിന്റെ ഒത്താശയോടെയാണെന്നാണ് ആരോപണം. എംപിമാരുടെ ഔദ്യോഗിക വസതിയിലും മോഷണം പതിവാകുന്നു. വിഷയം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് എ.സമ്പത്ത് എംപി ലോക്‌സഭയില്‍ നോട്ടീസ് നല്‍കി.

നേരത്തെ പാര്‍ലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷന് സമീപത്ത് വെച്ച് സമ്പത്ത് എംപിയുടെ മൊബൈല്‍ ഫോണ്‍ മോഷ്ടാക്കള്‍ കവര്‍ന്നിരുന്നു. ജെ.എന്‍.യു. വിദ്യാര്‍ഥി യൂണിയനും ജെ.എന്‍.യു. ടീച്ചേഴ്‌സ് അസോസിയേഷനും സംയുക്തമായി സംഘടിപ്പിച്ച പാര്‍ലമെന്റ് മാര്‍ച്ചില്‍ പ്രസംഗിക്കാന്‍ പോയപ്പോഴായിരുന്നു സംഭവം.

സമ്പത്ത് താമസിക്കുന്ന അശോക റോഡ് 44ാം നമ്പറിലെ വസതിയില്‍ പലവട്ടം മോഷണമുണ്ടായതായും പരാതി ഉയര്‍ന്നിരുന്നു. സി.പി.ഐ.എം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ഡ്രൈവറുടെ മൊബൈല്‍ ഫോണ്‍ മോഷ്ടിക്കപ്പെട്ടതും ഇവിടെവെച്ചായിരുന്നു. 2015 ജൂലായിലായിരുന്നു സംഭവം. അതേവര്‍ഷം ദീപാവലിദിനത്തില്‍ സി.പി.ഐ.എം. മുഖപത്രമായ പ്രജാശക്തിയുടെ ലേഖകന്‍ ജഗദീശര്‍ റാവുവിന്റെ മൊബൈല്‍ ഫോണും ലാപ്‌ടോപ്പും മോഷ്ടിക്കപ്പെട്ടു. പിന്നീട്, 2016 ജനവരി 21ന് സമ്പത്തിന്റെ മുറിയിലെ ലാപ്‌ടോപ്പും മൊബൈലും മോഷ്ടിക്കാന്‍ ശ്രമമുണ്ടായി. ഏപ്രില്‍ 19ന് കള്ളന്‍ വീണ്ടുമെത്തിയെങ്കിലും സമ്പത്തിന്റെ സെക്രട്ടറി ശ്രീജിത്തിന്റെ നേതൃത്വത്തില്‍ പിടികൂടി പൊലീസിലേല്‍പ്പിച്ചിരുന്നു.