ഭൂമി പ്രശ്‌നത്തില്‍ സബ് കളക്ടറുടെ റിപ്പോര്‍ട്ടില്‍ പ്രതീക്ഷയര്‍പ്പിച്ച് കാഞ്ഞിരത്തിനാല്‍ കുടുംബം.

കാഞ്ഞിരങ്ങാട് ഭൂമി പ്രശ്നത്തില്‍ മാനന്തവാടി സബ്കളക്ടറായിരുന്ന സാംബശിവറാവു അധ്യക്ഷനായ മൂന്നംഗ സമിതിയുടെ അന്വേഷണ റിപ്പോര്‍ട്ട് നിര്‍ണ്ണായകമാകും. വിലയ്ക്ക വാങ്ങിയതും വനം വകുപ്പ് പിടിച്ചെടുത്തതുമായ 12 ഏക്കര്‍ ഭൂമി വീണ്ടെടുക്കുന്നതിന് കാഞ്ഞിരത്തിനാല്‍ കുടുംബം നടത്തുന്ന ശ്രമങ്ങള്‍ക്കാണ് റിപ്പോര്‍ട്ട് നിര്‍ണ്ണായകമാവുക. ഇവര്‍ അവകാശവാദം ഉന്നയിക്കുന്ന സ്ഥലം എംപിപിഎഫ് നിയമത്തിന്റെ പരിധിയില്‍ വരുന്നതാണെന്ന് സ്ഥാപിക്കുന്നതിന് അവശ്യമായ രേഖകള്‍ ഒന്നും തന്നെ വനം വകുപ്പിന്റെ പക്കല്‍ ഇല്ലെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. 1972 ന് മുമ്പേ ഭൂമിയില്‍ കൃഷി ഉണ്ടായിരുന്നതായും ഉദ്യോഗസ്ഥര്‍ വിവിധ ഘട്ടങ്ങളില്‍ തെറ്റായി നല്‍കിയ വിവരങ്ങള്‍ കാഞ്ഞിരത്തിനാല്‍ കുടുംബത്തിന് 1977നു മുമ്പുളള ചെറുകിട വനം കൈയ്യേറ്റങ്ങള്‍ സാധുവാക്കുന്ന 1993ലെ കേരള ലാന്‍ഡ് അസൈന്‍മെന്റ് നിയമത്തിന്റെ ആനുകൂല്യങ്ങള്‍ നഷ്ടമാകുന്നതിനും ഇടയാക്കിയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഭൂമി പ്രശ്നത്തില്‍ ശാശ്വത പരിഹാരം കാണുന്നതിനു സര്‍ക്കാര്‍ ഈ വസ്തുതകള്‍ കണക്കിലെടുക്കണമെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നുണ്ട്.

കഞ്ഞിരങ്ങാട് വില്ലജിലെ 12 ഏക്കര്‍(സര്‍വ്വേ നമ്പര്‍- 238/1) ഭൂമി തിരികെ ലഭിക്കുന്നതിനു വേണ്ടി 2015 ഓഗസ്റ്റ് 15 മുതലാണ് കാഞ്ഞിരത്തിനാല്‍ കുടുംബം വയനാട് കളക്ടറേറ്റ് പഠിക്കല്‍ സത്യഗ്രഹ സമരം തുടങ്ങിയത്. ഇതിന്റെ പശ്ചാത്തലത്തില്‍ 2016 സെപ്റ്റംബര്‍ അഞ്ചിന് ചീഫ് സെക്രട്ടറി തിരുവനന്തപുരത്ത് ഉന്നത തലയോഗം വിളിച്ചു. ഈ യോഗത്തില്‍ ഭൂമിയുമായി ബന്ധപ്പെട്ട രേഖകള്‍ ജില്ലാ കളക്ടര്‍, സ്പെഷല്‍ ഗവണ്‍മെന്റ് പ്ലീഡര്‍(വനം) എന്നിവരില്‍ നിന്ന് ശേഖരിക്കാന്‍ തീരുമാനമായത്. ഇതടിസ്ഥാനത്തിലാണ് സബ് കളക്ടറേയും രണ്ട് ഡെപ്യൂട്ടി കളക്ടര്‍മാരേയും ഉള്‍പ്പെുത്തി സമിതി രൂപീകരിച്ചത്. നോര്‍ത്ത് വയനാട് ഡിഎഫ്ഒ, മാനന്തവാടി തഹസില്‍ദാര്‍,കാഞ്ഞിരത്തിനാല്‍ കുടുംബാംഗം ജയിംസ് തുടങ്ങിയവരില്‍ നിന്ന് സമിതി വിവരങ്ങള്‍ ശേഖരിച്ച് കളക്ടര്‍ക്ക് 500 രഖകളും 50 പേജുളള റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.

കാഞ്ഞിരത്തിനാല്‍ കുടുംബം അവകാശവാദം ഉന്നയിക്കുന്ന സ്ഥലം വന ഭൂമിയാണെന്ന് സര്‍ക്കാര്‍ നേരത്തെ ഹൈക്കോടതിയില്‍ സത്യവാങ്ങ്മൂലം നല്‍കിയിരുന്നു. ഭൂമി പിടിച്ചെടുത്ത വനം വകുപ്പിന്റെ നടപടി ശരിവച്ച് ഫോറസ്റ്റ് ട്രിബ്യൂണല്‍ ഉത്തരവിനെതിരെ കാഞ്ഞിരത്തിനാല്‍ ജോര്‍ജ് ഹൈക്കോടതിയില്‍ നല്‍കിയ കേസിലായിരുന്നു ഇത്. ഭൂമി വിഷയത്തില്‍ സര്‍ക്കാര്‍ പുതിയ സത്യവാങ്ങ്മൂലം ഹൈക്കോടതിയില്‍ സമര്‍പ്പിക്കുന്നതിന് റിപ്പോര്‍ട്ട് സഹായകമാകുമെന്നാണ് നിയമവിദഗ്ധരുടെ വിലയിരുത്തല്‍. കാഞ്ഞിരത്തിനാല്‍ കുടുംബത്തിന് ഭൂമി വിട്ടുകൊടുക്കാന്‍ 2006 ഒക്ടോബര്‍ 11ന് അന്നത്തെ മന്ത്രിസഭാ യോദം തീരുമാനിച്ചിരുന്നു.

ഇതിന്റെ അടിസ്ഥാനത്തില്‍ വിട്ടുകിട്ടിയ ഭൂമിക്ക് നികുതി അടച്ചെങ്കിലും കാഞ്ഞിരത്തിനാല്‍ കുടുംബത്തിന് കൃഷിയിറക്കാന്‍ കഴിഞ്ഞില്ല. വനഭൂമിയില്‍ വനേതര പ്രവര്‍ത്തനങ്ങള്‍ തടഞ്ഞ് ഹൈക്കോടതി ഉത്തരവായതാണ് പ്രശ്നമായത്. കാഞ്ഞിരത്തിനാല്‍ കുടുംബത്തില്‍ നിന്നു പിടിച്ചെടുത്തത് വനഭൂമിയാണെന്ന ഫോറസ്റ്റ് ട്രിബ്യൂണലിന്റെ വിധിയെ തുടര്‍ന്ന് തൃശ്ശൂരിലെ സന്നദ്ധ സംഘടന നല്‍കിയ ഹര്‍ജ്ജിയിലായിരുന്നു ഹൈക്കോടതി വിധി. കാഞ്ഞിരത്തിനാല്‍ കുടുംബത്തിന്റെ കൈവശം ഉണ്ടായിരുന്നത് വനഭൂമിയല്ലെന്ന വസ്തുത സര്‍ക്കാര്‍ അറിയിക്കുന്നമുറയ്ക്ക് ഈ കേസും തീരുമെന്നാണ് നിയമ വിദഗ്ധരുടെ അഭിപ്രായം.