മെഡിക്കല്‍ പ്രവേശന ബില്ല്; വിദ്യാര്‍ത്ഥികളുടെ ഭാവിയെ കരുതിയെന്ന് മുഖ്യമന്ത്രി ; കോടതിയുമായി ഏറ്റുമുട്ടലിനില്ല

തിരുവനന്തപുരം: കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളേജുകളിലേക്കുള്ള പ്രവേശനവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ തീരുമാനം വിദ്യാര്‍ത്ഥികളുടെ ഭാവിയെ കരുതിയായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോടതിയുമായി ഏറ്റുമുട്ടലിനില്ലെന്നും വിഷയത്തില്‍ ഇടപെട്ടില്ലായിരുന്നുവെങ്കില്‍ സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കാനുള്ള ശ്രമങ്ങള്‍ നടന്നേനെയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. തുടര്‍നടപടികള്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.

‘വിധിയില്‍ കോടതിയുമായി മല്‍സരത്തിനു സര്‍ക്കാര്‍ ഒരുങ്ങില്ല. കുറേ കുട്ടികളുടെ ഭാവി വല്ലാത്ത അനിശ്ചിതത്വത്തിലാവും എന്ന നിലവന്നു. ആ കുട്ടികളുടെ ഭാവി സംരക്ഷിക്കുന്നതിനു സര്‍ക്കാര്‍ ഇടപെടണമെന്നു പൊതുസമൂഹവും രക്ഷിതാക്കളും നിര്‍ബന്ധിച്ചു. ഇതു ചെയ്തില്ലായിരുന്നെങ്കില്‍ സര്‍ക്കാര്‍ ഇടപെട്ടില്ല എന്ന കുറ്റപ്പെടുത്തലുണ്ടാവും. നിയമസഭയും രാഷ്ട്രീയപാര്‍ട്ടികളും ഇക്കാര്യത്തില്‍ ഒറ്റക്കെട്ടായിരുന്നു. ഒരു ‘റിസ്‌ക്’ ആണ് സര്‍ക്കാര്‍ എടുത്തത്. പക്ഷേ, കോടതി പ്രവേശനം റദ്ദാക്കണമെന്ന നിലപാടാണു സ്വീകരിച്ചത്. ഇനി സര്‍ക്കാരിന് എന്തു ചെയ്യാന്‍ സാധിക്കും എന്നത് ആലോചിക്കണം. കോടതിയെ വെല്ലുവിളിച്ചു മുന്നോട്ടു പോകണമെന്ന സമീപനം ഇല്ല’ മുഖ്യമന്ത്രി പറഞ്ഞു.

കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളേജുകളിലേക്കുള്ള പ്രവേശനവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പുറത്തിറക്കിയ ഓര്‍ഡിന്‍സിന് സുപ്രീം കോടതിയുടെ സ്റ്റേ ചെയ്‌തെങ്കിലും ബില്ലുമായി സര്‍ക്കാര്‍ മുന്നോട്ട്. ബില്ല് നിയമവകുപ്പിന് കൈമാറി. ഉടന്‍ തന്നെ ബില്‍ ഗവര്‍ണര്‍ക്ക് അയച്ചേക്കുമെന്നാണ് സൂചന.

ബില്‍ നിയമസഭ കഴിഞ്ഞ ദിവസം ഏകകണ്ഠമായി പാസാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് സര്‍ക്കാര്‍ പുറത്തിറക്കിയ ഓര്‍ഡിനന്‍സ് റദ്ദാക്കി സുപ്രീം കോടതി ഉത്തരവിട്ടത്. പാലക്കാട് കരുണ, കണ്ണൂര്‍ അഞ്ചരക്കണ്ടി സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ 180 വിദ്യാര്‍ത്ഥികളെ ഉടന്‍ പുറത്താക്കണമെന്നും സുപ്രീം കോടതി നിര്‍ദ്ദേശിച്ചിരുന്നു. അതേസമയം, ബില്ല് ഗവര്‍ണര്‍ മടക്കി അയക്കാനാണ് സാധ്യത