സവര്‍ണരുടെ അക്രമം തുടര്‍ന്നാല്‍ ഇസ്‌ലാം മതം സ്വീകരിക്കുമെന്ന മുന്നറിയിപ്പുമായി ദലിതര്‍

ജയ്പൂര്‍: സവര്‍ണരുടെ അക്രമം തുടര്‍ന്നാല്‍ കൂട്ടത്തോടെ ഇസ്‌ലാം മതം സ്വീകരിക്കുമെന്ന മുന്നറിയിപ്പുമായി രാജസ്ഥാനിലെ ദലിതര്‍ രംഗത്ത്. രാജസ്ഥാന്‍ കറൗളി ജില്ലയിലെ ഹിന്ദുവാന്‍ സിറ്റിയില്‍ ഭാരത് ബന്ദിനുശേഷം ചൊവ്വാഴ്ച രാവിലെ ദലിത് നേതാക്കളെയും ദലിത് വിഭാഗത്തില്‍ പെടുന്നവരെയും ആള്‍ക്കൂട്ടം ആക്രമിച്ചിരുന്നു. ദലിത് വിഭാഗത്തില്‍ പെടുന്ന എം.എല്‍.എയുടെ വീടിന് തീവെച്ച് തുടങ്ങിയ അതിക്രമം സാധാരണക്കാരുടെ നേരെ തിരിച്ച് വിടുകയായിരുന്നു.

‘ദലിതരാണെന്ന് ഉറപ്പാക്കാന്‍ അവര്‍ ഞങ്ങളുടെ തിരിച്ചറിയല്‍ കാര്‍ഡ് പരിശോധിച്ചു. അതിന് ശേഷമാണ് അക്രമം അഴിച്ചുവിട്ടത്. സ്ത്രീകളെ പോലും വെറുതെ വിട്ടില്ല. വീടും ജീവനോപാധിയും അഗ്‌നിക്കിരയാക്കി. ഇത് ഇനിയും തുടര്‍ന്നാല്‍ ഇസ്‌ലാം മതത്തിലേക്ക് മാറാന്‍ ഞങ്ങള്‍ തയ്യാറാവും’ അടികൊണ്ട് നീര് വീര്‍ത്ത പുറം മാധ്യമങ്ങളെ കാണിച്ച് കൊണ്ട് ഹിന്ദുവാന്‍ സിറ്റിയിലെ അശ്വനി ജാതവ് പറഞ്ഞു. എന്തിനാണ് അക്രമമെന്നോ എന്താണ് സംഭവിക്കുന്നതെന്നോ അറിയാതെ അക്രമങ്ങളെ നോക്കി നില്‍ക്കാന്‍ മാത്രമേ കഴിഞ്ഞുള്ളുവെന്നും വേദനയോടെ അശ്വിനി പറയുന്നു.

അയ്യായിരത്തോളം വരുന്ന ജനക്കൂട്ടമാണ് പട്ടികജാതി, വര്‍ഗ വിഭാഗങ്ങള്‍ ധാരാളമായി താമസിക്കുന്ന സ്ഥലങ്ങളിലേക്ക് കടന്നുകയറി ദലിതര്‍ക്കെതിരെ അക്രമം അഴിച്ചു വിട്ടത്. ഭാരത് ബന്ദില്‍ അക്രമവും കൊള്ളിവെപ്പും നടത്തിയവര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടായിരുന്നു ചൊവ്വാഴ്ച രാജസ്ഥാനിലെ ഹിന്ദുവാന്‍ സിറ്റിയില്‍ ഇവരുടെ അഴിഞ്ഞാട്ടം. പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. കണ്ണീര്‍വാതക ഷെല്ലുകള്‍ സമീപത്തുള്ള സര്‍ക്കാര്‍ സ്‌കൂളില്‍ വീണ് കുട്ടികള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

‘ഉയര്‍ന്ന ജാതിക്കാര്‍ ഞങ്ങളെ പ്രത്യേകം വേട്ടയാടുകയാണ്. ഇത് തുടരുകയാണെങ്കില്‍ ഇസ്‌ലാമിലേക്കു പരിവര്‍ത്തനം ചെയ്യുകയല്ലാതെ ഞങ്ങള്‍ക്കു മറ്റുവഴികളില്ല.’ ഹിന്ദുവാന്‍ സിറ്റിയിലെ പുഷ്‌പേന്ദ്ര ജാദവ് പറയുന്നു.

‘ഇന്നവര്‍ എം.എല്‍.എയുടെയും, മുന്‍ എം.എല്‍.എയുടേയും വീടിനാണ് തീവെച്ചത്. ഇനിയവര്‍ എന്താണ് ചെയ്യുകയെന്ന് അറിയില്ല. ദലിതരെ തിരഞ്ഞ് പിടിച്ചായിരുന്നു അക്രമം. ഞങ്ങളുടെ കൂടെയുള്ള നാല്‍പത് പേരുടെ വീടാണ് കഴിഞ്ഞ ദിവസത്തെ അക്രമത്തില്‍ തകര്‍ന്നത്. ഇവരാരും ഒരു തരത്തിലുള്ള അക്രമത്തിനോ മറ്റോ പോകാത്തവരും, സമാധാനം ആഗ്രഹിക്കുന്നവരുമാണ്. ഞങ്ങള്‍ എന്ത് ചെയ്യും.’ഹിന്ദുവാന്‍ സിറ്റിയിലെ അശോക് കണ്ടേല്‍വാല്‍ ചോദിക്കുന്നു.

സംഭവത്തെ തുടര്‍ന്ന് നൂറു കണക്കിന് ദലിത് വിഭാഗക്കാര്‍ ഗ്രാമത്തില്‍ നിന്ന് രക്ഷപ്പെട്ടു. സംഭവത്തില്‍ പൊലിസ് ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. എന്നാല്‍, ഈ സംഭവത്തിനുശേഷം മേഖലയില്‍ വലിയ തോതില്‍ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. പ്രദേശത്ത് കര്‍ഫ്യൂ പ്രഖ്യാപിക്കുകയും ഇന്റര്‍നെറ്റ് ബന്ധങ്ങള്‍ വിച്ഛേദിക്കുകയും ചെയ്തിട്ടുണ്ട്. അക്രമികളില്‍ ഭൂരിഭാഗം പേരും ഹിന്ദുമൗലിക വാദികളുടെ ഗ്രൂപ്പില്‍ പെട്ടവരായിരുന്നുവെന്ന് ആരോപണങ്ങള്‍ ഉയരുമ്പോഴും ഇതിന് തെളിവുകള്‍ ഒന്നും ഇല്ലെന്ന നിലപാടിലാണ് പൊലീസ്. രാജസ്ഥാനിലെ ബി.ജെ.പി സര്‍ക്കാരും ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല.

വിവിധ നഗരങ്ങളിലായി 23 കമ്പനി പൊലീസിനെയാണ് വിന്യസിച്ചത്. ഇവിടെ പൊലീസ് ഫ്‌ലാഗ് മാര്‍ച്ച് നടത്തി. സംഘര്‍ഷം, കൊള്ള, പൊതുമുതല്‍ നശിപ്പിക്കല്‍ എന്നിവയുമായി ബന്ധപ്പെട്ട് 172 കേസുകളാണ് രാജസ്ഥാനില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പത്തിലധികം സംസ്ഥാനങ്ങളിലാണ് ബന്ദിനെ തുടര്‍ന്ന് വ്യാപകമായ സംഘര്‍ഷങ്ങളുണ്ടായത്. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മധ്യപ്രദേശ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളിലാണ് വ്യാപകമായ അക്രമ സംഭവങ്ങള്‍ അരങ്ങേറിയത്.