ഹൂസ്റ്റണ്‍ ഹാര്‍വി ദുരന്തത്തിനിടെ വാള്‍മാര്‍ട്ട് കൊള്ളയടിച്ച പ്രതിക്ക് 20 വര്‍ഷം തടവ്

ഹൂസ്റ്റണ്‍: ഹൂസ്റ്റണ്‍ ചരിത്രത്തില്‍ ഏറ്റവും വലിയ പ്രകൃത ദുരന്തത്തിന് കാരണമായ ഹാര്‍വി ചുഴലിക്കാറ്റിനിടെ അടച്ചിട്ടിരുന്ന വാള്‍മാര്‍ട്ട് കൊള്ളയടിച്ച തോമസ് ഗെയിംലിനെ 20 വര്‍ഷം ജയിലിലടക്കുവാന്‍ കോടതി ഉത്തരവിട്ടതായി ഹൂസ്റ്റണ്‍ അസിസ്റ്റന്റ് ഡിസ്ട്രിക്റ്റ് അറ്റോര്‍ണി ജോഷ്വവ റെയ്ഗര്‍ പറഞ്ഞു. ഏപ്രില്‍ 4 ബുധനാഴ്ചയായിരുന്നു വിധി പ്രഖ്യാപിച്ചത്. 5200 ഡോളറിന്റെ ടി വി , സിഗററ്റുകള്‍ എന്നിവ മോഷ്ടിച്ചതിനാണ് 37 വയസ്സുള്ള തോമസിനെ ഇത്രയും വലിയ ശിക്ഷ നല്‍കുന്നതിന് ജൂറി വിധിച്ചത്. രണ്ട് ദിവസത്തെ വിചാരണയാണ് ആകെ വേണ്ടിവന്നത്.

കവര്‍ച്ച നടത്തുന്ന സമയം, പ്രതി മറ്റൊരു കേസ്സില്‍ ശിക്ഷിക്കപ്പെട്ടതിന് ശേഷം പരോളിലിറങ്ങിയതായിരുന്ന, വാള്‍ മാര്‍ട്ടില്‍ മോഷണം നടത്തിയത് രാത്രി 11 മണിക്കായിരുന്നു. പുലര്‍ച്ച 2.30 ന് പ്രതി പിടിയിലാക്കുകയും ചെയ്തു.

ഹൂസ്റ്റണിലെ മുഴുവന്‍ ജനങ്ങളും ഹാര്‍വി ദുരന്തത്തിന്റെ പ്രത്യാഖാതം നേരിടുമ്പോള്‍ അത് മുതലെടുക്കുവാന്‍ ശ്രമിച്ചത് ഗുരുതരമായ കുറ്റമാണെന്ന് ജൂറി കണ്ടെത്തി.

ഹാര്‍വി ദുരന്തത്തില്‍ രക്ഷാ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനിടെ വാന്‍ ഇടിപ്പിച്ചു വാള്‍മാര്‍ട്ടിന്റെ വാതില്‍ തകര്‍ക്കുന്നത് പോലീസ് ഓഫീസറുടെ ശ്രദ്ധയില്‍പ്പെട്ടു. മോഷണത്തിന് ശേഷം ടി വിയും, മറ്റു മോഷണ വസ്തുക്കളുമായി വാനില്‍ കയറുന്ന പ്രതിയുടെ ടിത്രവും കാമറയില്‍ പതിഞ്ഞിരുന്നു.

ദുരന്തം സംഭവിച്ച ആഗസ്റ്റ് 25 മുതല്‍ 31 വരെ 40 പേരെയാണ് വിവിധ മോഷണങ്ങള്‍ക്കായി അറസ്റ്റ് ചെയ്തത്.