മുന്‍ പ്രധാനമന്ത്രിയായി അനുപം ഖേര്‍

സഞ്ജയ് ബാറുവിന്റെ വിവാദ പുസ്തകം ‘ദി ആക്‌സിഡന്റല്‍ പ്രൈം മിനിസ്‌റര്‍ : ദി മേക്കിങ് ആന്‍ഡ് അണ്‍മേക്കിങ് ഓഫ് മന്‍മോഹന്‍ സിങ്ങ്’ന്റെ സിനിമാ പതിപ്പിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന്റെ ജീവിത കഥ പറയുന്ന ‘ദി ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്ററി’ല്‍ ബോളിവുഡ് നടനായ അനുപം ഖേര്‍ ആണ് മന്‍മോഹന്‍ സിങായി എത്തുന്നത്. വിജയ് ഗുട്ടെ, മായങ്ക് തിവാരി എന്നിവര്‍ തിരക്കഥയൊരുക്കിയ ചിത്രം സംവിധാനം ചെയ്യുന്നത് വിജയ് ഗുട്ടെയാണ്.

കാഴ്ചയില്‍ പൂര്‍ണ്ണമായി മന്‍മോഹന്‍ സിങായി താദാന്മ്യം പ്രാപിച്ച അനുപം ഖേറിനെയാണ് കാണാന്‍ കഴിയുന്നത്. ‘ഡോ. മന്‍മോഹന്‍ സിങിനെപ്പോലെയൊരു വ്യക്തിയെ അവതരിപ്പിക്കുന്നത് ഒരു നടനെന്ന നിലയില്‍ വെല്ലുവിളിയാണെന്ന’ അനുപംഖേര്‍ പറയുന്നു. ’24 മണിക്കൂറും മാധ്യമങ്ങള്‍ക്ക് മുമ്പില്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ള അദ്ദേഹത്തിന്റെ അതിസൂക്ഷ്മമായ കാര്യങ്ങള്‍ പോലും ലോകത്തിന് അറിയാം. കഴിഞ്ഞ കുറേ മാസങ്ങളായി ഞാന്‍ ഈ ക്യാരക്ടറിനെ ഉള്‍ക്കൊള്ളുകയായിരുന്നു. ഞാന്‍ ആ പരിശ്രമത്തെ സിനിമയിലേക്ക് കൊണ്ടുവരാന്‍ ശ്രമിക്കുകയാണ്’ അനുപംഖേര്‍ വ്യക്തമാക്കി.

പത്രപ്രവര്‍ത്തകനും രാഷ്ട്രീയ നിരീക്ഷകനുമായ സഞ്ജയ ബാറു ഇതേ പേരില്‍ 2014ല്‍ എഴുതിയ പുസ്തകമാണ് സിനിമയ്ക്കാധാരം. 2004ല്‍ മന്‍മോഹന്‍ സിങ് പ്രധാനമന്ത്രിയായ ശേഷമുള്ള ഒരു കാലഘട്ടമാണ് പുസ്തകത്തില്‍ പറയുന്നത്. ആ കാലയളവില്‍ മന്‍മോഹന്‍ സിങിന്റെ മാധ്യമ ഉപദേശകനും കൂടിയായിരുന്നു സഞ്ജയ ബാറു. സഞ്ജയ ബാറുവായി അക്ഷയ് ഖന്ന എത്തുമ്പോള്‍ സോണിയാ ഗാന്ധിയായി സുസെന്‍ ബര്‍നെറ്റ് എത്തുന്നു. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്കിന് വന്‍ സ്വീകരണമാണ് ലഭിക്കുന്നത്. ഡിസംബര്‍ 31 നാണ് ചിത്രത്തിന്റെ റിലീസ്