ജെ. എഫ്. എ. യുടെ ഭരണസമിതിയിലേക്ക് പുതിയ നേതൃത്വം

തോമസ് കൂവള്ളൂര്‍

ന്യൂജേഴ്‌സി: ന്യൂജേഴ്‌സി കേന്ദ്രമായി രജിസ്റ്റര്‍ ചെയ്തു പ്രവര്‍ത്തിച്ചുവരുന്ന ജെസ്റ്റിസ് ഫോര്‍ ഓള്‍ (ജെ എഫ് എ) എന്ന നാഷണല്‍ സംഘടനയുടെ ഡയറക്ടര്‍ബോര്‍ഡ് മീറ്റിംഗ് ഏപ്രില്‍ 2-ാം തീയതി തിങ്കളാഴ്ച വൈകിട്ട് 8 മണിക്ക് കൂടുകയുണ്ടായി. പ്രസ്തുത ടെലികോണ്‍ഫറന്‍സ് മീറ്റിംഗിന്റെ മോഡറേറ്റര്‍ ടെക്‌സാസില്‍ നിന്നുള്ള ഏ സി ജോര്‍ജ്ജ് ആയിരുന്നു. പ്രസ്ഥാനത്തിന് വേണ്ടി ആത്മാര്‍ത്ഥതയോടെ പ്രവര്‍ത്തിച്ച് ഇഹലോകത്തില്‍ നിന്നും വേര്‍പിരിഞ്ഞുപോയ തോമസ് എം തോമസ്, ജോസ്പിന്റോ സ്റ്റീഫന്‍ എന്നിവരെ സ്മരിച്ച് ഒരുമിനിറ്റ് മൗനപ്രാര്‍ത്ഥനയ്ക്ക് ശേഷമാണ് മീറ്റിംഗ് തുടങ്ങിയത്.

പ്രസ്ഥാനത്തിന്റെ ചെയര്‍മാന്‍ തോമസ് കൂവള്ളൂര്‍ പങ്കെടുത്തവര്‍ക്കെല്ലാം സ്വാഗതം ആശംസിച്ചു. കൂടാതെ ജെ എഫ് എയില്‍ പ്രവര്‍ത്തിക്കുന്ന ഡയറക്ടര്‍മാരെല്ലാം തന്നെ സമൂഹത്തിന്റെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിച്ച് തഴക്കവും പഴക്കവുമുള്ളവരാണെന്നകാര്യം പ്രത്യേകം എടുത്തുപറഞ്ഞു.

തുടര്‍ന്ന് ജെ എപ് എയുടെ നിയമോപദേഷ്ടാവ് കൂടിയായ അറ്റോര്‍ണി ജേക്കബ് കല്ലുപുര അംഗസംഖ്യയില്‍ കുറവാണെങ്കിലും കര്‍മ്മശേഷിയില്‍ അമേരിക്കയിലെ അല്ല ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ പോലും അറിയപ്പെടുന്ന ഒരു പ്രസ്ഥാനമായി മാറിയിരിക്കുകയാണ് ജെ എഫ് എ എന്നും, ഇതിനോടകം സാധാരണക്കാര്‍ക്ക് വേണ്ടി മറ്റാര്‍ക്കും ചെയ്യാന്‍ പറ്റാത്ത പല കാര്യങ്ങള്‍ ചെയ്തു തീര്‍ക്കാന്‍ ജെ എഫ് എയ്ക്ക് കഴിഞ്ഞിട്ടുണ്ട് എന്നും ഇനിയും വലിയ കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുമെന്നുള്ള പ്രത്യാശ പ്രകടിപ്പിക്കുകയുണ്ടായി.

പ്രസ്ഥാനത്തിന്റെ പ്രസിഡന്റ് കാലിഫോര്‍ണിയയില്‍ നിന്നുള്ള പ്രേമ ആന്റണി തെക്കേക്ക് പ്രസ്ഥാനത്തെ പുതിയൊരു തലത്തിലേക്ക് കൊണ്ടു പോകുന്നതിന് വേണ്ടി പ്രവര്‍ത്തനശേഷിയുള്ളവരെ മുന്‍നിരയിലേക്ക് കൊണ്ടുവരാന്‍ ശ്രമം നടത്തണമെന്നും, വെറും സ്ഥാനം പേരിന് മാത്രം വഹിച്ചാല്‍ പോരാ, പ്രവര്‍ത്തനത്തിലൂടെ സംഘടനയെ വളര്‍ത്തിയെടുക്കാന്‍ ശ്രമിക്കണമെന്നുള്ള സന്ദേശം നല്‍കുകയുണ്ടായി.

സംഘടനയുടെ തുടക്കം മുതല്‍ക്കുള്ള ജനറല്‍ സെക്രട്ടറി അരിസോണയില്‍ നിന്നുള്ള ചെറിയാന്‍ ജേക്കബ് ജോലിത്തിരക്ക് മൂലം മറ്റുള്ളവരെപ്പോലെ പ്രവര്‍ത്തിക്കാന്‍ പറ്റാതെ വന്നിരിക്കുന്നതിനാല്‍ തന്റെ സ്ഥാനത്തേക്ക് തന്നെക്കാള്‍ കഴിവുള്ള ഒരാളെ കണ്ടെത്തണമെന്ന് നിര്‍ദ്ദേശം വയ്ക്കുകയുണ്ടായി. എന്തുതന്നെ ആണെങ്കിലും തന്റെ ഭാഗത്തുനിന്നും എല്ലാവിധ പിന്‍തുണയും ഉണ്ടായിരിക്കുമെന്നും അദ്ധേഹം വാഗ്ദാനം ചെയ്തു.

സംഘടനയില്‍ ജനറല്‍ സെക്രട്ടറിക്ക് നിര്‍ണ്ണായകമായ ഉത്തരവാദിത്വങ്ങളു ള്ളതിനാല്‍ ആസ്ഥാനത്തേക്ക് ജെ എഫ്എയിലെ സജീവാംഗവും പിആര്‍ഒ കൂടി ആയ ആനി ലിബുവിനെ ഡയറക്ടര്‍ ബോര്‍ഡ് ഐക്യകണ്‌ഠേന തിരഞ്ഞെടുത്തു. സംഘടനയെ പുതിയൊരു തലത്തിലേക്ക് ഉയര്‍ത്താന്‍ തന്നാലാവത് ചെയ്യുന്നതായിരിക്കുമെന്നും കേരളത്തിലും ഡല്‍ഹിയിലുമെല്ലാം അമേരിക്കയില്‍ ജെഎഫ്എ ചെയ്തു കൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ സമയാസമയങ്ങളില്‍ വിശദീകരിക്കുന്നതായിരിക്കും എന്നവര്‍ പറയുകയു ണ്ടായി. ജനറല്‍ സെക്രട്ടറിയെ സഹായിക്കുന്നതിലേക്ക് യു. എ. നസീര്‍, ചെറിയന്‍ ജേക്കബ് എന്നിവരെ ജോയിന്റ് സെക്രട്ടറിമാരായി നിയോഗി ക്കുകയും ചെയ്തു.

ജെഎഫ്എ എല്ലാവര്‍ക്കും നീതി ലഭിക്കുന്നതിനുവേണ്ടി മാത്രമാണ് ഇത്രനാളും പ്രവര്‍ത്തിച്ചതെന്നും തുടര്‍ന്നും അങ്ങനെ തന്നെ തുടരണമെന്നും ജാതിയുടെയോ മതത്തിന്റെയോ പേരില്‍ തിരിവില്ലാതെ എല്ലാവരെയും സമഭാവനയോടെ കാണുന്ന ഒരു പ്രസ്ഥാനമാക്കി മാറ്റണമെന്നും ജോയിന്റ് സെക്രട്ടറി യു. എ. നസീര്‍ പറഞ്ഞു

സംഘടനയുടെ വൈസ് ചെയര്‍മാന്‍ അജിത് നായര്‍ ആരെയും തള്ളിക്കളയാതെ എല്ലാവരെയും കൂട്ടിച്ചേര്‍ത്ത് ഒരുമയോടെ മുമ്പോട്ടു പോകാന്‍ ജെഎഫ്എയുടെ നേതൃത്വം പ്രത്യേകം ശ്രദ്ധിക്കണമെന്ന് സൂചിപ്പിച്ചു.

നാഷണല്‍ ലെവലില്‍ അറിയപ്പെടുന്ന ജനസമ്മതനായ ഗോപിനാഥക്കുറുപ്പ് ജെഎഫ്എയില്‍ ഒരു ഡയറക്ടര്‍ ആയി പ്രവര്‍ത്തിക്കുന്നതില്‍ തനിക്ക് അഭിമാനമുണ്ടെന്ന് തന്റെ ആശംസാ പ്രസംഗത്തില്‍ പറഞ്ഞു.

സംഘടനയുടെ ഒഴിവു വന്ന ട്രഷറാര്‍ സ്ഥാനത്തേക്ക് ന്യൂജഴ്‌സിയില്‍ നിന്നുള്ള ഫിലിപ്പ് മാരേട്ടിനെ ചെയര്‍മാന്‍ തോമസ് കൂവള്ളൂര്‍ നിര്‍ദ്ദേശിച്ചത് ഡയറക്ടര്‍ ബോര്‍ഡ് ഐക്യകണ്‌ഠേന പാസ്സാക്കുകയുണ്ടായി. പ്രസ്ഥാനത്തിനുവേണ്ടി തന്നാലുവന്നതു ചെയ്യാന്‍ തയ്യാറാണെന്ന് അദ്ദേഹം ഉറപ്പ് നല്‍കി.

പുതുതായി തിരഞ്ഞെടുക്കപ്പെട്ട ജനറല്‍ സെക്രട്ടറി ആനി ലിബുവും ട്രഷറാര്‍ ഫിലിപ്പ് മാരേട്ടും 2018 മയ് 13 ഞായറാഴ്ച ഉച്ചകഴിഞ്ഞ് യോങ്കേഴ്‌സില്‍ നടത്താന്‍ കുട്ടികള്‍ക്കു വേണ്ടിയുള്ള പ്രസംഗ മത്സരം നല്ല രീതിയില്‍ നടത്തുന്നതിന് പ്ലാന്‍ ചെയ്യുന്നതായിരിക്കുമെന്നും അന്നേദിവസം ജെഎഫ്എയുടെ 5-ാം വാര്‍ഷികം ആഘോഷിക്കുന്നതിനും പ്ലാന്‍ തയ്യാറാക്കുന്നതായിരിക്കുമെന്നും പറഞ്ഞു. ഫെയ്‌സ് ബുക്കിലൂടെയും മറ്റ് മാദ്ധ്യമങ്ങളിലൂടെയും കുട്ടികളുടെ പ്രസംഗ മത്സരത്തിന്റെ വിവരം അറിയിക്കുന്നതായിരിക്കുമെന്നും ആനി ലിബു പറഞ്ഞു.

കുറെ നാളത്തെ ഇടവേളയ്ക്കുശേഷം ഇത്തരത്തില്‍ അടുക്കും ചിട്ടയോടും കൂടി ഒരു ടെലികോണ്‍ഫറന്‍സ് നടത്താന്‍ കഴിഞ്ഞതിന് ജെഎഫ്എയുടെ ഭാരവാഹികളെയെല്ലാം മോഡറേറ്റര്‍ എ.സി.ജോര്‍ജ് പ്രത്യേകം പുകഴ്ത്തി. ഇടയ്ക്കിടെ ഇത്തരത്തില്‍ ടെലികോണ്‍ഫറന്‍സുകള്‍ നടത്തുന്നത് സംഘടനയുടെ വളര്‍ച്ചയ്ക്ക് കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു.

ഒരു നോവലിസ്റ്റും അറിയപ്പെടുന്ന നടനുമായ തമ്പി ആന്റണിയും ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ സംബന്ധിച്ചിരുന്നു.ചെറിയാന്‍ ജേക്കബ് പങ്കെടുത്തവര്‍ക്കെല്ലാം പ്രത്യേകം പ്രത്യേകം നന്ദി രേഖപ്പെടുത്തി. കുട്ടികളുടെ പ്രസംഗത്തിന്റെ വിശദവിവരങ്ങള്‍ പിന്നീട് അറിയിക്കുന്നതായിരിക്കും.