കാവിയുടുത്ത ക്രിസ്‌തു (കവിത )

ജോസഫ് നമ്പിമഠം

വെടിയുണ്ട വിഴുങ്ങി ഒരാദിവാസി
ത്രിശൂലം തറച്ചെസ്തപ്പാനും ഹമീദും
തലപിളർന്നൊരു നായരച്ചൻ
വയറുപിളർന്നൊരു കാവിധാരി
ലാത്തിയടിയേറ്റോരു കലാലയവിപ്ലവകാരി
എല്ലാവരും തെക്കോട്ടു പോകുകയാണ്
ഇത്, ഗതികിട്ടാത്ത പ്രേതങ്ങളുടെ സ്വന്തം നാട്

അതിരുകൾ കടന്ന്
മലകൾ കടന്ന്
കടലുകൾ കടന്ന്
ധാന്യമണികൾ തേടി
കൂടുകൂട്ടാനിടം തേടി
മലയാളി പോകുകയാണ്
ദേശാടനക്കിളികളെപ്പോലെ

പണിമുടക്കുന്നവൻ ഇവിടെ സ്വദേശി
പണിചെയ്യുന്നവൻ പ്രവാസി
തൊഴിൽ നൽകുന്നവൻ ബൂർഷ്വാ
തൊഴിൽ ഒടുക്കുന്നവൻ വിപ്പ്ലവകാരി
തൊഴിൽ തേടുന്നവനോ
അവനെന്നും ദരിദ്രവാസി!

കേരളമക്കൾക്കിനിയും വേണോ
ചതിയുടെ, വൻ ചതിയുടെ തീരാക്കഥകൾ
ചതിയുടെ ചതുരംഗക്കളികൾ?

മനസ്സിലെ ഈശ്വരൻ ഒന്നാണെങ്കിൽ
കാവിയുടുത്തൊരു ക്രിസ്തുവന്നാൽ
കുരിശ്ശണിഞ്ഞൊരു കൃഷ്ണൻ വന്നാൽ
ത്രിശൂലമെടുത്തൊരു നബി വന്നാൽ
അറബിക്കടലെന്താ വറ്റിപ്പോകും?
സഹ്യാദ്രിയതുണ്ടോ മുങ്ങിപ്പോകും?

ഒരു നവകേരള സൃഷ്ടിക്കായി
പൊരുതുകയാണോയിനിയും മാർഗ്ഗം?
പണിചെയ്യുകയല്ലേയഭികാമ്യം?