കെ എച് എന്‍ എ പുത്തനുണര്‍വോടെ പ്രവര്‍ത്തിക്കും: ഡോ. രേഖ മേനോന്‍

ജോയിച്ചന്‍ പുതുക്കുളം

ന്യൂജേഴ്‌സി: ന്യൂജേഴ്‌സിയില്‍ വച്ചു നടന്ന കെ .എച്ച്.എന്‍.എ യോഗത്തില്‍ ആക്റ്റിംഗ് ട്രസ്റ്റി ചെയര്‍ അരുണ്‍ രഘു ഔദ്യോഗിക രേഖകളും കെ.എച്ച്.എന്‍.എ ടാക്‌സ് ഐഡിയും പ്രസിഡന്റ് ഡോ. രേഖ മേനോന് കൈമാറി. സെക്രട്ടറികൃഷ്ണരാജ് മോഹനന്‍, ട്രഷറര്‍ വിനോദ് കെയാര്‍ക്കെ, മുന്‍ പ്രസിഡന്റ് എം.ജി. മേനോന്‍ , മുന്‍ ട്രസ്റ്റി ചെയര്‍ രാജു നാണു, ഡയറക്ടര്‍ ബോര്‍ഡ് അംഗം തങ്കമണി അരവിന്ദ്, ചിത്ര മേനോന്‍ , സുനില്‍ വീട്ടില്‍ , മാലിനി നായര്‍ , ശ്രീമതി മായാ മേനോന്‍ , രവികുമാര്‍, അരുണ്‍ നായര്‍ , രതി മേനോന്‍ എന്നിവരും യോഗത്തില്‍ സന്നിഹിതരായിരുന്നു.

കെ.എച്.എന്‍.എയും അതിന്റെ ഭാരവാഹികളും നോര്‍ത്ത് അമേരിക്കയിലെ ഹിന്ദു കുടുംബങ്ങളില്‍ സനാതന ധര്‍മ്മത്തെകൂറിച്ചു ബോധവല്‍ക്കരണം നടത്തുന്നതിനും, ഹിന്ദു സാംസ്കാരിക പാരമ്പര്യം പ്രചരിപ്പിയ്ക്കുന്നതിനും, കാരുണ്യപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതിനും, സേവനതല്പരരായ ഒരു യുവതലമുറയെ വാര്‍ത്തെടുക്കുന്നതിനും നിശ്ചയദാര്‍ഢ്യത്തോടെ പ്രവര്‍ത്തിക്കുന്നതായിരിക്കും എന്ന് പ്രസിഡന്റ് രേഖ മേനോന്‍ പ്രഖ്യാപിച്ചു.

പുതിയ കാലഘട്ടത്തിലെ വെല്ലുവിളികളെ ഏറ്റെടുത്തു നോര്‍ത്ത് അമേരിക്കയിലെ ഹൈന്ദവ നവീകരണം ലക്ഷ്യമാക്കിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് കെ എച് എന്‍ എ നേതൃത്വം നല്‍കുമെന്ന് സെക്രട്ടറി കൃഷ്ണരാജ് മോഹനന്‍ അഭിപ്രായപ്പെട്ടു.

ജൂലൈ 2019ല്‍ ന്യൂ ജേഴ്‌സിയില്‍ വച്ച് നടക്കുന്ന കെ എച് എന്‍ എ കണ്‍വെന്‍ഷന്‍ കെ എച് എന്‍ എ യുടെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച കണ്‍വെന്‍ഷന്‍ ആയിരിക്കുമെന്ന് തനിക്കു ഉറച്ച വിശ്വാസമുണ്ടെന്ന് മുന്‍ പ്രസിഡന്റ് കൂടിയായ ശ്രീ എം.ജി. മേനോന്‍ അഭിപ്രായപ്പെട്ടു. ആദ്യ വനിതാ പ്രസിഡന്റിനെ നേതൃത്വത്തില്‍ ന്യൂ ജേഴ്‌സിയില്‍ നടക്കാനിരിക്കുന്ന കണ്‍വെന്‍ഷന് മുന്‍ ട്രസ്റ്റി ചെയര്‍മാന്‍ കൂടിയായ ശ്രീ രാജു നാണു എല്ലാ വിധ ആശംസകളും അറിയിച്ചു.