ഡോ. ബാബു സ്റ്റീഫന് ബഹുമുഖ പ്രതിഭക്കുള്ള നാമം 2018 എക്‌സലന്‍സ് അവാര്‍ഡ്

ഫ്രാന്‍സിസ് തടത്തില്‍

ന്യൂജേഴ്‌സി : അമേരിക്കന്‍ മലയാളികളുടെ അഭിമാനവും സൗഹൃദവും രണ്ടുദശാബ്ദങ്ങളിലേറെയായി വൈറ്റ് ഹൗസിന്റെ അകത്തളങ്ങളില്‍ വരെ എത്തിച്ച പ്രമുഖ മാധ്യമപ്രവര്‍ത്തകനും മാധ്യമസ്ഥാപനങ്ങളുടെ ഉടമയും വ്യവസായിയുമായ ഡോ. ബാബു സ്റ്റീഫന് നോര്‍ത്ത് അമേരിക്കന്‍ മലയാളി ആന്‍ഡ് അസോസിയേറ്റഡ് മെമ്പേഴ്‌സിന്റെ ബഹുമുഖ പ്രതിഭക്കുള്ള   നാമം 2018 എക്‌സലന്‍സ് അവാര്‍ഡ്.
ജീവിതത്തിന്റെ സമസ്തമേഖലകളിലും മികവുറ്റ വിജയങ്ങള്‍ കൊയ്ത് അനേകര്‍ക്ക് മാതൃകയായ ഡോ. ബാബു സ്റ്റീഫന്‍ എന്ന മനുഷ്യസ്നേഹി  അമേരിക്കന്‍ മലയാളികൾക്ക്  അമേരിക്കയുടെ തലസ്ഥാനമായ വാഷിംങ്ങ്ടണ്‍ ഡി.സി.ക്കു സമര്‍പ്പിക്കുന്ന അപൂര്‍വ്വ സമ്മാനമാണ്. ഒരേ സമയം അമേരിക്കന്‍ രാഷ്ട്രീയത്തിലും മാതൃരാജ്യമായ ഭാരതത്തിലും സ്വദേശമായ കേരളത്തിലും സ്വാധീനം ചെലുത്താന്‍ ശക്തനായ ഡോ. ബാബു സ്റ്റീഫന്‍ അമേരിക്കന്‍ മലയാളികള്‍ക്കും അമേരിക്കക്കാര്‍ക്കും ജന്മനാടിനുംവേണ്ടി ചെയ്ത സേവനങ്ങളുടെ മികവാണ് അദ്ദേഹത്തെ ഈ അവാര്‍ഡിനു പരിഗണിക്കാന്‍ കാരണമായത്.  ഈ മാസം 28-ന് വൈകുന്നേരം 5 നു ന്യൂജേഴ്‌സിയിലെ എഡിസണിലുള്ള റോയല്‍ ആല്‍ബര്‍ട്ട് പാലസില്‍ നടക്കുന്ന ചടങ്ങില്‍ അദ്ദേഹത്തിനു അവാര്‍ഡു സമ്മാനിക്കും.

ഡി.സി. ഹെല്‍ത്ത്‌കെയര്‍ ഇന്‍കോര്‍പ്പറേഷന്റെ സി.ഇ.ഒ.യും എസ്.എം. റിയലറ്റിയുടെ പ്രസിഡന്റുമായ ഡോ. ബാബു സ്റ്റീഫന്‍ ബിസിനസില്‍ ഡോക്ടറേറ്റും എം.ബി.എ.യും കരസ്ഥമാക്കിയ വ്യക്തിയാണ്.  അമേരിക്കന്‍, ഇന്ത്യന്‍- അമേരിക്കന്‍ സമൂഹങ്ങളിലും  ഇതര രാഷ്ട്രീയ സംഘടനകളുടെ തലപ്പത്തും മികച്ച  പ്രവര്‍ത്തനം കാഴ്ച്ചവെച്ചിട്ടുള്ള ഡോ. ബാബു സ്റ്റീഫന്‍ താന്‍ പിന്നിട്ട വഴികളില്‍ അഭിമാനപൂര്‍ണ്ണമായ നേട്ടങ്ങള്‍ കൈവരിച്ച് അനേകര്‍ക്ക് മാതൃകയും വഴികാട്ടിയുമായ വ്യക്തിത്വത്തിനുടമയാണ്. ബാബു സ്റ്റീഫനെപ്പോലെയുള്ള ഒരു വ്യക്തിയെ  നാമം ആദരിക്കുക വഴി സമൂഹത്തിനു അദ്ദേഹം നല്‍കിയ സംഭാവനകള്‍ക്കുള്ള അംഗീകാരമായാണ്  കരുതുന്നതെന്ന് നാമം സ്ഥാപകനും സെക്രട്ടറി ജനറലുമായ മാധവന്‍ ബി.നായര്‍, പ്രസിഡന്റ് മാലിനി നായര്‍, അഡ്വസറി കമ്മിറ്റി ചെയര്‍മാന്‍ ഗീതേഷ് തമ്പി, സെക്രട്ടറി സജിത്ത് ഗോപിനാഥ്, വൈസ് പ്രസിഡന്റ് ആശാ നായര്‍, ട്രഷറര്‍ അനിത നായര്‍, എക്‌സിക്യൂട്ടീവ് അംഗങ്ങളായ പ്രീയ സുബ്രഹ്മണ്യം, വര്‍ഗ്ഗീസ് ആന്റണി, രഞ്ജിത്ത് പിള്ള, തുമ്പി അന്‍സൂദ്, വിനി നായര്‍, സുനില്‍ നമ്പ്യാര്‍, ഡോ. പദ്‌മജ നായർ എന്നിവര്‍ എന്നിവര്‍ സംയുക്തമായി അറിയിച്ചു. ഇന്ത്യയിലും അമേരിക്കയിലും സാമൂഹിക സാംസ്‌കാരിക മണ്ഡലങ്ങളിൽ ഒരേസമയം പ്രവർത്തിച്ചു ശ്രദ്ധ പിടിച്ചുപറ്റിയ ഡോ.ബാബു സ്റ്റീഫൻ അമേരിക്കൻ മലയാളികളുടെ സ്വകാര്യ അഹങ്കാരമാണെന്നു മാധവൻ ബി. നായർ അഭിപ്രായപ്പെട്ടു.

ഇന്ത്യന്‍ കള്‍ച്ചറല്‍ കോര്‍ഡിനേഷന്‍ കമ്മിറ്റി ഐ.സി.സി.) യുടെ രണ്ടു വര്‍ഷം പ്രസിഡന്റായിരുന്ന അദ്ദേഹം യുണൈറ്റഡ് സ്റ്റേറ്റ് കോണ്‍ഗ്രഷണല്‍ അഡ്വസറി ബോര്‍ഡിന്റെ വിശിഷ്ടാംഗമായിരുന്നു. ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍സ് ഇന്‍ അമേരിക്ക (എഫ്.ഐ.ഐ.) യുടെ റീജണല്‍ വൈസ് പ്രസിഡന്റായും രണ്ടു വര്‍ഷം പ്രവര്‍ത്തിച്ചിട്ടുണ്ട്. അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍സ് ഇന്‍ അമേരിക്ക (എഐഎ)യുടെ പ്രസിഡന്റ് ആയിരുന്ന അദ്ദേഹം ഇന്‍ഡോ അമേരിക്കന്‍ പ്രസ്‌ക്ലബിന്റെ നിലവിലുള്ള ചെയര്‍മാന്‍ കൂടിയാണ്.

മലയാളത്തിലെ പ്രശസ്തമായ കൈരളീ ടെലിവിഷന്റെ സ്ഥാപക അംഗങ്ങളിലൊരാളായ ഡോ. ബാബു സ്റ്റീഫന്‍ വാഷിംഗ്ടണ്‍ ഡി.സി. മെട്രോപ്പോളിറ്റന്‍ മേഖലകളിലുള്ള ഇന്ത്യന്‍ സമൂഹത്തിനായി രണ്ടു ലോക്കല്‍ പ്രസിദ്ധീകരണങ്ങളും നടത്തുന്നുണ്ട്. എക്‌സ്പ്രസ് ഇന്ത്യ, ഇന്ത്യ ദിസ് വീക്ക് എന്നീ ദിനപത്രങ്ങള്‍ക്കു പുറമെ വാഷിംഗ്ടണ്‍ ഡി.സി.യില്‍ നിന്നുള്ള ദര്‍ശന്‍ ടെലിവിഷന്റെ സ്ഥാപക പ്രൊഡ്യൂസര്‍ കൂടിയാണ്. കഴിഞ്ഞ മൂന്നു ദശാബ്ദമായി അമേരിക്കന്‍ രാഷ്ട്രീയത്തില്‍ പലതെരഞ്ഞെടുപ്പുകള്‍ക്കും ധനസമാഹരണത്തിനും ചുക്കാന്‍ പിടിച്ചിട്ടുള്ള ഡോ. ബാബു സ്റ്റീഫന്‍ വാഷിംഗ്ടണ്‍ ഡി.സി. മേയറുടെ നേതൃത്വത്തില്‍ ചൈനയില്‍ സന്ദര്‍ശനം നടത്തിയ ബിസിനസ് സംഘത്തിലെ ഡെലിഗേറ്റുമാരിൽ ഒരാളായിയിരുന്നു.

തന്റെ സ്വതസിദ്ധമായ പ്രസംഗശൈലികൊണ്ട് കാണികളുടെ ശ്രദ്ധയും കൈയ്യടിയും നേടിയിട്ടുള്ള ബാബു സ്റ്റീഫൻ വിഷയങ്ങളിലൂന്നി നടത്തിയിട്ടുള്ള പല പ്രസംഗങ്ങളും ആഴമേറിയതും ചിന്തനീയവുമാണ്. താന്‍ കൈവച്ച മേഖലകളിൽ  നേടിയ വിജയരഹസ്യങ്ങള്‍ മറ്റുള്ളവര്‍ക്കു പങ്കുവയ്ക്കുന്നതിനു യാതൊരു മടിയും കാട്ടാതെ മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കാനും ബോധവത്കരിക്കാനും വേദികള്‍ ഉപയോഗിച്ചു. ഇത്തരം പങ്കുവയ്ക്കലിലൂടെയാണ് അദ്ദേഹം പ്രസംഗവേദികളില്‍ ശ്രദ്ധേയനായത്.
“ഒത്തൊരുമയോടെ പ്രാര്‍ത്ഥിക്കുന്ന കുടുംബങ്ങളാണ് നിലനില്‍ക്കുന്ന കുടുംബങ്ങള്‍ ” ( Familypraying together  stays together) എന്ന പാട്രിക് പെയ്‌റ്റോണിന്റെ വാക്കുകള്‍ ജീവിതത്തില്‍ യാഥാര്‍ത്ഥ്യമാക്കിയ ബാബു തന്റെ ബിസിനസ് സാമ്രാജ്യത്തിലെന്നപോലെ തന്റെ കുടുംബത്തിന്റെ കെട്ടുറപ്പിലും വിശ്വസിച്ചിരുന്നു.

സമൂഹത്തിന്റെ അവകാശങ്ങള്‍ക്കുവേണ്ടി നിലകൊള്ളുന്ന ഒരു മനുഷ്യസ്‌നേഹിയായ അദ്ദേഹം മാതൃരാജ്യത്തിന്റെ വികസനത്തിനായും നിരവധി സംഭാവനകള്‍ നല്‍കിയതിനൊപ്പം ആത്മാഭിമാനമുള്ള ഒരു അമേരിക്കന്‍ പൗരന്‍ എന്ന നിലയില്‍ താന്‍ ജീവിക്കുന്ന രാജ്യത്തെ ജനങ്ങള്‍ക്കുവേണ്ടിയും നിരവധി സാമൂഹ്യപരിഷ്‌കാരങ്ങള്‍ക്കായി പ്രയത്‌നിച്ചിട്ടുണ്ട്. വാഷിംഗ്ടണ്‍ ഡി.സി.യിലെ സാമൂഹ്യ സാമ്പത്തിക മേഖലകളില്‍ തന്റേതായ സംഭാവനകള്‍ നല്‍കാനും അദ്ദേഹത്തിനു കഴിഞ്ഞിട്ടുണ്ട്.

ബില്‍ക്ലിന്റണ്‍, ബറാക്ക് ഒബാമ ഉള്‍പ്പെടെ നാല് അമേരിക്കന്‍ പ്രസിഡന്റുമാരുമായി സൗഹൃദം സ്ഥാപിക്കാനും അവരുമായി അടുത്തിടപെടാനും ഭാഗ്യം ലഭിച്ച അപൂര്‍വ്വം ഇന്ത്യക്കാരില്‍ ഒരാളാണ് ഡോ. ബാബു സ്റ്റീഫന്‍. കൂടാതെ നിരവധി രാജ്യങ്ങളിലെ കിരീടാവകാശികളുമായും  മന്ത്രിമാരുമായും ഇടപെടാനുള്ള അവസരവുമുണ്ടായിട്ടുണ്ട്. ലാളിത്യം മുഖമുദ്രയാക്കിയിട്ടുള്ളതാണ് തൊട്ടതെല്ലാം പൊന്നാക്കിയ വിവിധ മേഖലകളില്‍ വെന്നിക്കൊടി പാറിച്ച ഈ വലിയ മനുഷ്യന്റെ വിജയരഹസ്യം.

ഭാര്യ: ഗ്രേസി സ്റ്റീഫൻ. ഏകമകൾ സിന്ധു സ്റ്റീഫൻ. മരുമകൻ ജിമ്മി ജോർജ്, ശ്രയാ, പവിത്, തേജസ് എന്നീ മൂന്നു കൊച്ചുമക്കൾ ഉണ്ട്.