കണ്ണൂര്‍, കരുണ മെഡിക്കല്‍ പ്രവേശന ബില്‍: ബല്‍റാമിന്റെ നിലപാടിനെതിരെ റോജിയും ശബരീനാഥനും

കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളേജ് വിഷയത്തില്‍ തൃത്താല എംഎല്‍എ വി ടി ബല്‍റാം സ്വീകരിച്ച നിലപാടിനെ പരോക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് എംഎല്‍എമാരായ റോജി എം ജോണും കെ എസ് ശബരീനാഥനും രംഗത്ത്. ഫെയ്‌സ്ബുക്കിലൂടെയാണ് ഇരുവരുടെയും പ്രതികരണം.

ഇത് ഒരു രാത്രികൊണ്ട് യു ഡി എഫ് എടുത്ത തീരുമാനമല്ല, മറിച്ചു പ്രതിപക്ഷത്തിനകത്തും പാര്‍ട്ടിയിലും നിയമസഭസമ്മേളത്തിനിടയിലും ഈ ബില്ല് യു ഡി എഫ് പലവട്ടം ചര്‍ച്ചചെയ്തു. അന്ന് ഇതിനെ ഒരു തരി പോലും എതിര്‍ക്കാതെ, ചര്‍ച്ചയില്‍ ഒരു വാക്കുപോലും രേഖപ്പെടുത്താതെ രാവിലെ നിയമസഭയില്‍ വന്നു ആരോടും ചര്‍ച്ചചെയ്യാതെ സ്വന്തം നിലപാട് പ്രഖ്യാപിക്കുന്നത് ആര്‍ക്കും ഭൂഷണമല്ലെന്ന് അരുവിക്കര എംഎല്‍എ ശബരീനാഥന്‍ പറയുന്നു.

വിഷയത്തെക്കുറിച്ച് ഉചിതമായ സമയത്ത് പ്രതികരിക്കാതെ, ഉത്തരവാദിത്തപ്പെട്ട വേദികളില്‍ ഉന്നയിച്ച് ചര്‍ച്ച ചെയ്യാതെ ‘അവസരം’ നോക്കി പൊതു സമൂഹത്തില്‍ പാര്‍ട്ടിയെ പ്രതിരോധത്തിലാക്കി ‘ഞാന്‍ മാത്രം മാന്യന്‍’, മറ്റെല്ലാവരും സ്വാശ്രയ മുതലാളിമാര്‍ക്കൊപ്പമെന്ന പ്രതീതി സൃഷ്ടിക്കുന്ന ‘ആദര്‍ശ രാഷ്ട്രീയത്തോട് ‘ അശേഷം താല്‍പര്യമില്ലെന്ന് റോജി എം ജോണ്‍ പറയുന്നു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം