അന്ത കണ്ണാടിയെ പാത്താച്ചാ..

റോയ് മാത്യു

ദീർഘകാലം കേരള കൗമുദിയുടെ ഡൽഹി ലേഖകനും എന്റെ ബോസുമായിരുന്ന നരേന്ദ്രൻ സാറിന് (വി. എൻ .നായർ ) അധികാരത്തിന്റെ ഇടനാഴികളിലെ ഒട്ടേറെ അഴിമതിക്കഥകളെക്കുറിച്ചും ഇടപാടുകളെക്കുറിച്ചും നല്ല അറിവുണ്ടായിരുന്നു. RAW വിന്റെ ചീഫായിരുന്ന ശങ്കരൻനായർ, നരേന്ദ്രൻ സാറിന്റെ ഏറ്റവും അടുത്ത സുഹ്റു ത്തായിരുന്നു – തികച്ചും പ്രൊഫഷണൽ ബന്ധം. ശങ്കരൻനായർക്ക് പുറമെ ഒട്ടനവധി ഐ.ബി, Raw ഉദ്യോഗസ്ഥരുമായും നല്ല ബന്ധം സാറിനുണ്ടായിരുന്നു..
1977 മുതൽ 1987 വരെ തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന എം ജി ആറി (എം ജി. രാമചന്ദ്രൻ) ന്റെ സാമ്പത്തിക – അഴിമതി ഇടപാടുകളെ ക്കുറിച്ച് കേന്ദ്ര സർക്കാരിന് കൃത്യമായ വിവരങ്ങളുണ്ടായിരുന്നു. ഏഴൈ തോഴന്റെ അഴിമതി ഇടപാടുകളെക്കുറിച്ചും അതിന്റെ Modus operandi യെ ക്കുറിച്ചും നരേന്ദ്രൻ സാർ പറഞ്ഞ ഒരു സംഭവ കഥ ഓർക്കുന്നു.
എന്തിടപാടിനും മക്കൾ തിലക ത്തെ നേരിട്ട് കണ്ടാ മതി – കൊടുക്ക വാങ്ങലുകൾ എല്ലാം കക്ഷിയും എംജിയാറും തമ്മിൽ മാത്രം – എല്ലാം ഒറ്റയ്ക്ക് മാത്രം അടിച്ചുമാറ്റണമെന്ന ചിന്താഗതിക്കാരനൊന്നുമല്ല അദ്ദേഹം. തന്നെ വന്ന് കണ്ട് സ്യൂട്ട് കേസും പൊതിയുമൊക്കെ തന്നു മടങ്ങുന്ന ബിസിനസുകാരരോടും മറ്റും അദ്ദേഹം വളരെ റിലിജിയസായി ചോദിക്കുന്ന ഒരു ചോദ്യമുണ്ട് – ” അന്ത കണ്ണാടിയെ പാത്താച്ചാ ” ….. ഇതാരെന്ന് വല്ലോം തെരി യാതെ നിക്കുന്നവനോട് ഉച്ചത്തിൽ പറയുമത്രേ- ഡായി,.അന്ത കലൈഞ്ജരെ പാത്തിട്ട് വാടാ ” – തന്നെ കണ്ടപോലെ കാഴ്ച ദ്രവ്യങ്ങളുമായി പോയി പ്രതിപക്ഷ നേതാവിനെയും കണ്ടിട്ട് വരാൻ മുതലമൈച്ചർ തന്നെ പറയുകയാണ്. കൊടുക്കേണ്ടത് കൊടുത്തു കഴിഞ്ഞാൽ പിന്നെ ഒന്നുമേ കവല ഇല്ലൈ – കാര്യങ്ങളെല്ലാം ജോറായി നടക്കും – അഴിമതി ആരോപണം – മാങ്ങാത്തൊലി ഒന്നുമില്ല – പരസ്പര സഹായ സഹകരണ സംഘമായി, അവർ അന്യോസം ഊന്നുവടികളായി അഴിമതിയുടെ കാര്യത്തിൽ പ്രവർത്തിച്ചു. കണ്ണൂർ – കരുണ മെഡിക്കൽ കോളജുകളിലെ
180 അപ്പോത്തിക്കിരി പയലുകളുടെ കാര്യത്തിൽ. ഇരട്ട ചങ്കനും പൗഡർ കുട്ടപ്പനും ജായിന്റായി നിക്കുന്നത് കാണുമ്പോ തള്ളേ നുമ്മക്ക് ഒന്നും പറയാനില്ലേ? അവരായി അവരുടെ പാടായി – എം ജിയാർ ചോദിച്ച പോലെ ഇവിടേം ചോദിക്കുന്നുണ്ടാവും – എടേയ്, നീ അന്ത പൗഡർ കുട്ടപ്പനെ പാത്താച്ചാ !