യുവജങ്ങള്‍ക്കും വനിതകള്‍ക്കും മുന്‍ഗണയോടെ ഫൊക്കാനയുടെ ആദ്യ പാനല്‍ ലിസ്റ്റ് പുറത്തിറക്കി

ഫ്രാന്‍സിസ് തടത്തില്‍

ന്യൂജേഴ്‌സി: സാമൂഹ്യ സേവനം മുഖമുദ്രയാക്കി യുവജനങ്ങള്‍ക്കും വനിതകള്‍ക്കും പ്രാമുഖ്യമുള്ള ശക്തമായ പാനലിനു രൂപം നല്‍കിക്കൊണ്ട് പ്രമുഖ സംഘാടകനും സാമൂഹ്യ പ്രവര്‍ത്തകനുമായ മാധവന്‍ ബി. നായര്‍ നേതൃത്വം നല്‍കുന്ന ഫെഡറേഷന്‍ ഓഫ് കേരള അസ്സോസിയേഷന്‍സ് ഇന്‍ നോര്‍ത്ത് അമേരിക്ക (ഫൊക്കാന) യുടെ 2018 2020 വര്ഷത്തേക്ക് മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളുടെ ലിസ്റ്റ് പുറത്തിറക്കി. ന്യൂജേഴ്‌സിയിലെ പ്രമുഖ ബിസിനെസുകാരനും കൂടിയായ മാധവന്‍ ബി. നായര്‍ പ്രസിഡന്റ് ആയി മത്സരിക്കുന്ന പാനലില്‍ നോര്‍ത്ത് അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള പരിചയ സമ്പന്നരായ നേതാക്കള്‍ക്കും ചറുചുറുക്കും കഴിവും തെളിയിച്ചിട്ടുള്ള യുവാക്കള്‍ക്കും വനിതകള്‍ക്കും മുന്‍തൂക്കം നല്‍കിയുള്ള സന്തുലിതമായ ഒരു പാനലിനാണ് രൂപം നല്‍കിയിട്ടുള്ളത്.

ന്യൂജേഴ്‌സിയിലെ പ്രമുഖ മലയാളി സംഘടനയായ നോര്‍ത്ത് അമേരിക്കന്‍ മലയാളി ആന്‍ഡ് അസോസിയേറ്റഡ് മെമ്പേഴ്‌സിന്റെ (നാമം) സ്ഥാപകനും സെക്രട്ടറി ജനറലുമായ മാധവന്‍ ബി.നായര്‍ കഴിഞ്ഞ തവണ മത്സര രംഗത്തുണ്ടായിരുന്നെങ്കിലും ഇപ്പോഴത്തെ പ്രസിഡന്റും സീനിയര്‍ ഫൊക്കാന നേതാവുമായ തമ്പി ചാക്കോയ്ക്കുവേണ്ടി മത്സരരംഗത്തു നിന്നു പിന്മാറുകയായിരുന്നു. തമ്പി ചാക്കോയെപ്പോലെ സീനിയര്‍ നേതാവിനു വേണ്ടി ത്യാഗം ചെയ്യാന്‍ തയ്യാറായപ്പോള്‍ തന്നെ ഇത്തവണത്തെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി മാധവന്‍ നായരെ എല്ലാവരും അംഗീകരിച്ചു കഴിഞ്ഞിരുന്നു. അതുകൊണ്ടു തന്നെ ഫൊക്കാന തെരെഞ്ഞെടുപ്പിനും കണ്‍വെന്‍ഷനുമുള്ള ഒരുക്കങ്ങള്‍ ആരംഭിക്കും തന്നെ അദ്ദേഹത്തിന്റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചിരുന്നു. ഫൊക്കാന കണ്‍വെന്‍ഷന്റെ ചെയര്‍മാന്‍കൂടിയായ മാധവന്‍ തന്റെ പ്രധാപ്പെട്ട പാനല്‍ അംഗങ്ങളെ മാസങ്ങള്‍ക്കു മുന്‍പ് തന്നെ പ്രഖ്യാപിച്ചുകൊണ്ട് പ്രചാരണ രംഗത്ത് ഏറെ മുന്നില്‍ എത്തിക്കഴിഞ്ഞു.

ടെക്‌സസില്‍ നിന്നുള്ള പ്രമുഖ സംഘടനാ നേതാവും തല മുതിര്‍ന്ന ഫൊക്കാന നേതാവുമായ ഏബ്രഹാം ഈപ്പന്‍ (പൊന്നച്ചന്‍) ആണ് സെക്രട്ടറിയായി മത്സരിക്കുന്നത്..ഫൊക്കാനയുടെ മുന്‍ വൈസ് പ്രസിഡന്റും ഇപ്പോള്‍ നാഷണല്‍ കമ്മിറ്റി അംഗവുമായ എബ്രഹാം അമേരിക്കയിലെ തന്നെ ഏറ്റവും വലിയ മലയാളി സംഘടനകളിലൊന്നായ മലയാളി അസോസിയേഷന്‍ ഓഫ് ഗ്രെയ്റ്റര്‍ ഹ്യൂസ്റ്റണ്‍ (മാഗ്)ന്‍റെ രണ്ടുതവണ പ്രസിഡന്റ് ആയിരുന്നു. കഴിഞ്ഞ കുറെ വര്ഷങ്ങളായി ഫോക്കനയുടെ സജീവ പ്രവര്‍ത്തകനായ ഏബ്രഹാം ഈപ്പന്‍ 2012ല്‍ ഹൂസ്റ്റണില്‍ നടന്ന കണ്‍വെന്‍ഷന്റെ ചെയര്‍മാന്‍ ആയിരുന്നു. ഒരു മികച്ച സംഘാടകന്‍ കൂടിയായ പൊന്നച്ചന്‍ എന്ന പേരില്‍ അറിയപ്പെടുന്ന എബ്രഹാം ഈപ്പന്‍ തൊട്ടതെല്ലാം പൊന്നാക്കുന്ന നേതാവാണെന്ന ഖ്യാതിയുമുണ്ട്. ഈ വര്‍ഷത്തെ കണ്‍വെന്‍ഷന്‍ കമ്മിറ്റി കോര്‍ഡിനേറ്റര്‍ കൂടിയാണ് ഏബ്രഹാം ഈപ്പന്‍.

ന്യൂയോര്‍ക്കില്‍ നിന്നുള്ള പ്രമുഖ നേതാവും ഫൊക്കാനയുടെ മാധ്യമ വിഭാഗത്തിന് ചുക്കാന്‍ പിടിക്കുന്ന മാധ്യമപ്രവര്‍ത്തകനുമായ ശ്രീകുമാര്‍ ഉണ്ണിത്താന്‍ എസ്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ആയും മത്സരിക്കുന്നു. വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ മുന്‍ പ്രസിഡന്റും നിലവില്‍ ഫൊക്കാനയുടെ റീജിയണല്‍ വൈസ് പ്രസിഡന്റുമായ ശ്രീകുമാര്‍ ഉണ്ണിത്താന്‍ കഴിഞ്ഞ കുറെ വര്‍ഷമായി ഫൊക്കാനയുടെ പി.ആര്‍.ഒ ആയി പ്രവര്‍ത്തിച്ചുകൊണ്ട് ഫൊക്കാനയുടെ പ്രവര്‍ത്തങ്ങള്‍ ജനമധ്യത്തില്‍ എത്തിക്കുന്നതില്‍ മുഖ്യ പങ്കു വഹിച്ചിരുന്നു,കലാലയ രാഷ്ട്രീയത്തില്‍ കെ.എസ്.യൂവിലൂടെ രംഗപ്രവേശം നടത്തിയ ശ്രീകുമാര്‍ യൂത്ത് കോണ്‍ഗ്രസിന്റെ വിവിധ ഭാരവാഹിതവും നിര്‍വ്വഹിച്ചിരുന്നു. ഓവര്‍സീസ് കോണ്‍ഗ്രസിന്റെ ട്രഷറര്‍, ന്യൂയോര്‍ക് ചാപ്റ്ററിന്റ്‌റെ പ്രസിഡന്റ് എന്നി സ്ഥാനങ്ങള്‍ വഹിച്ചിരുന്ന ശ്രീകുമാര്‍ ഫൊക്കാനയുടെ ഓഡിറ്ററും നാഷണല്‍ കമ്മിറ്റി അംഗവും ആയിട്ടുണ്ട്. വെസ്റ്റ് ചെസ്റ്റര്‍ കൗണ്ടി അറ്റോര്‍ണി ഓഫീസില്‍ പേ റോള്‍ സൂപ്പര്‍വൈസര്‍ ആയി സേവനം ചെയുന്നു. ശ്രീകുമാറിന്റ സംഘടനാ പാടവം പാനലിന്റെ സമ്പൂര്‍ണ വിജയത്തിനു മുതല്‍ക്കൂട്ടാകുമെന്ന വിശ്വാസത്തിലാണ് മറ്റ് പാനല്‍ അംഗങ്ങള്‍.

ന്യൂജേഴ്‌സിയിലെ പ്രമുഖ ബില്‍ഡറും റിയല്‍ട്ടറും ഫിനാഷ്യല്‍ കണ്‍സള്‍ട്ടന്റുമായ സജിമോന്‍ ആന്റണിയാണ് ട്രഷറര്‍ സ്ഥാനാര്‍ഥി.ചുരുങ്ങിയ കാലം കൊണ്ട് മലയാളി അസോസിയേഷന്‍ ഓഫ് ന്യൂജേഴ്‌സി(മഞ്ച്) എന്ന സംഘടനയെ ന്യൂജേഴ്‌സിയിലെ ഒരു വലിയ സംഘടനയാക്കി മാറ്റാന്‍ കഴിഞ്ഞത് സജിമോന്‍ ആന്റണി പ്രസിഡന്റ് ആയിരുന്ന കാലത്താണ്. അഞ്ചു വര്ഷം മുമ്പ് മാത്രം രൂപം കൊണ്ട മഞ്ചിന്റെ സ്ഥാപക അംഗവും വൈസ് പ്രസിഡന്റുമായിരുന്ന സജിമോന്‍ പിന്നീട് പ്രസിഡന്റ് ആയി ചുമതല ഏല്‍ക്കുമ്പോള്‍ ന്യൂജേഴ്‌സിയിലെ സാംസകാരിക മേഖലയില്‍ അറിയപ്പെട്ടു തുടങ്ങിയ ഒരു സംഘടനയായി മഞ്ച് മാറിയിരുന്നു. അവിടെ നിന്ന് മഞ്ചിനെ ദേശീയ തലത്തില്‍ വരെ അറിയപ്പെടുന്ന ഒരു വലിയ സംഘടനയാക്കി മാറ്റുന്നതില്‍ അദ്ദേഹം നടത്തിയ പ്രയത്‌നം ശ്ലാഘനീയമാണ്.മാധവന്‍ നായര്‍ നേതൃത്വം നല്‍കുന്ന പാനലിന്റെ തിരെഞ്ഞെടുപ്പ് പ്രക്രീയകള്‍ക്കു ചുക്കാന്‍ പിടിക്കുന്ന യുവ രക്തത്തിന്റെ പ്രതീകമായ അദ്ദേഹം നിലവില്‍ ഫൊക്കാനയുടെ നാഷണല്‍ കമ്മിറ്റി അംഗമാണ്. ഫൊക്കാന കണ്‍വെന്‍ഷന്റെ ഗ്രാന്‍ഡ് ഫിനാലെ ആഘോഷമായ ബാങ്ക്വറ്റിന്റെ കോര്‍ഡിനേറ്റര്‍ കൂടിയാണ് സജിമോന്‍.

ഫ്‌ളോറിഡയില്‍ നിന്നുള്ള സ്ണ്ണി മറ്റമനയാണ് വൈസ് പ്രസിഡന്റ് ആയി മത്സരിക്കുന്ന സ്ഥാനാര്‍ഥി. മലയാളി അസോസിയേഷന്‍ ഓഫ് താമ്പയുടെ അവിഭാജ്യഘടകമായ സണ്ണി അസോസിയേഷന്റെ പ്രസിഡന്റ്, സെക്രട്ടറി , വൈസ് പ്രസിഡന്റ് എന്നി നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.ഫൊക്കാനയുടെ അസ്സോസിയേറ്റ് ജോയിന്റ് ട്രഷറര്‍, മലയാളി അസോസിയേഷന്‍ ഓഫ് താമ്പയുടെ അഡ്വസറി ബോര്‍ഡ് ചെയര്‍മാന്‍, വേള്‍ഡ് മലയാളി കൗണ്‍സില്‍ താമ്പാ ചാപ്റ്റര്‍ പ്രതിനിധി അംഗം എന്നി നിലകളില്‍ പ്രവര്‍ത്തിക്കുന്നു. ഫൊക്കാനയുടെ മുന്‍ റീജിയണല്‍ വൈസ് പ്രസിഡന്റ് കൂടിയായിരുന്ന സണ്ണി ഫൊക്കാന കേരള സ്കൂള്‍ കമ്പ്യൂട്ടര്‍വല്‍ക്കരണ പരിപാടിയുടെ പ്രോഗ്രാം കോഡിനേറ്റര്‍ ആയിരുന്നു. ഫൊക്കാന കഴിഞ്ഞ വര്ഷം നടത്തിയ പരിപാടികള്‍ ഏറ്റവും മികച്ച പരിപാടികളിലൊന്നായ ഈ പദ്ധതി സണ്ണിയുടെ അല്‍മാര്‍ത്ഥമായ പ്രവര്‍ത്തനമികവുകൊണ്ടാണ് യാഥാര്‍ഥ്യമായത്.

ജോയിന്റ് ട്രഷറര്‍ ആയി ചിക്കാഗോയില്‍ നിന്നുള്ള പ്രവീണ്‍ തോമസ് ആണ് മത്സര രംഗത്തുള്ളത്. ഇല്ലൊനോയ്‌സ് മലയാളി അസോസിയേഷ(ഐ.എം.എ.) ന്‍റെ നെടുതൂണായി പ്രവര്‍ത്തിച്ചു വരുന്ന പ്രവീണ്‍ ഐ. എം. എയുടെ വിവിധ കമ്മിറ്റികളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.2014 ഇല്‍ ചിക്കാഗോയില്‍ നടന്ന ഫൊക്കാന കണ്‍വെന്‍ഷന്റെ ബാങ്ക്വറ്റ് കമ്മിറ്റി ചെയര്‍മാന്‍ ആയിരുന്ന പ്രവീണ്‍ സമ്മേള്ളനത്തിലെ ഏറ്റവും ആകര്‍ഷകമായിരുന്ന ബാങ്ക്വറ്റ് സമ്മേളനം മികവുറ്റ സംവിധാന പാടവത്താല്‍ അവിസ്മരണീയമാക്കിയിരുന്നു. കെങ്കേമമാക്കിയ ചിക്കാഗോ കണ്‍വെന്‍ഷന്‍റെ ചുക്കാന്‍ പിടിച്ചതിന്‍റെ പിന്നില്‍ നിന്നു പ്രവര്‍ത്തിച്ച പ്രവീണ്‍ ഒരു മികച്ച സംഘാടകനെന്നതിലുപരി മികച്ച സഹകാരിയാണ്. ഏതു വിഭാഗങ്ങളിലായാലും സഹായകന്നെന്ന നിലയില്‍ പ്രവീണിന്റെ കരങ്ങള്‍ ഉണ്ടായിരിക്കുമെന്നത് ഫൊക്കാനയുടെ ഒരു മുതല്‍ക്കൂട്ട് തന്നെയാണ്.

ജോയിന്റ് സെക്രട്ടറി ആയി വാഷിംഗ്ടണ്‍ ഡി.സി.യില്‍ നിന്നുള്ള വിപിന്‍ രാജ് മത്സരിക്കുന്നു. 2004ഇല്‍ യൂത്ത് വിഭാഗത്തില്‍ അംഗമായി സംഘടനാരംഗത്തു വന്ന വിപിന്‍ പിന്നീട് 2014 മുതല്‍ ഫൊക്കാനയുടെ ബോര്‍ഡ് ഓഫ് ട്രസ്റ്റി അംഗമായി പ്രവര്‍ത്തിച്ചു വരികയാണ്.2010 2012 കാലയളവില്‍ ഫൊക്കാന വാഷിംഗ്ടണ്‍ ഡി.സി. റീജിയണല്‍ വൈസ് പ്രസിഡന്റ് ആയും പ്രവര്‍ത്തിച്ചിട്ടുണ്ട്. കേരള അസോസിയേഷന്‍ ഓഫ് ഗ്രെയ്റ്റര്‍ വാഷിംഗ്ടണ്‍ (കെ.എ ജി .ഡബ്യു) വിന്റെ എക്‌സിക്യൂട്ടീവ് അംഗമായിട്ടാണ് മറ്റു സംഘടനാ രംഗംകളില്‍ ചുവടുറപ്പിക്കുന്നത്. ഒരു തികഞ്ഞ സ്‌പോര്‍ട്‌സ് പ്രേമി കൂടിയായ വിപിന്‍ മെരിലാന്‍ഡ്ഡി.സി.കേന്ദ്രികരിച്ചുപ്രവര്‍ത്തിക്കുന്ന ‘കില്ലാഡിസ്’ സ്‌പോര്‍ട്‌സ് ക്ലബിന്റ്‌റെ സ്ഥാപക അംഗവും മാനേജരും ആണ്.

ഫൊക്കാനയുടെ അഡിഷണല്‍ അസോസിയേറ്റ് സെക്രട്ടറി സ്ഥാനത്തേക്ക് ഒരു വനിതാ തീപ്പൊരി നേതാവാണ് ഇക്കുറി മത്സരരംഗത്തുള്ളത്. ചിക്കാഗോ മലയാളി അസോസിയേഷന്‍ മുന്‍ വൈസ് പ്രസിഡന്റ് ജെസി റിന്‍സിയാണ് സംഘടനാ രംഗത്തെ മികവുറ്റ പ്രവര്‍ത്തനവും രാഷ്ട്രീയ പാരമ്പര്യവുമായി മത്സര രംഗത്തേക്ക് വരുന്നത്. ഫൊക്കാനയുടെ ചിക്കാഗോ റീജിയണല്‍ സെക്രെട്ടറികൂടിയായ ജെസി ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ചിക്കാഗോ റീജിയണല്‍ സെക്രെട്ടറിയാണ്. അമേരിക്കയില്‍ എത്തും മുമ്പ് മഹിളാ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ആയിരുന്നു. കോണ്‍ഗ്രസ് പാനലില്‍ കൊച്ചനാട് സഹകരണസംഘത്തില്‍ ബോര്‍ഡ് മെമ്പര്‍ ആയി ഒറ്റയ്ക്ക് ജയിച്ച പരമ്പര്യവും ജെസിക്കുണ്ട്. 11 അംഗ ബോര്‍ഡില്‍ ജെസി മാത്രമാണ് സിപിഎമ്മിന് മുന്‍തൂക്കമുള്ള ബോര്‍ഡില്‍ വിജയം നേടിയത്.

ബോര്‍ഡ് മെമ്പര്‍മാരായി ഡോ. മാത്യു വറുഗീസും (രാജന്‍) എറിക് മാത്യുവുമാണ് മത്സരിക്കുന്നത് .ഡിട്രോയിറ്റിലെ സാമൂഹ്യ രാഷ്ട്രീയ സാമുദായിക മേഖലകളില്‍ നിരവധി സംഭാവനകള്‍ നല്‍കിയിട്ടുള്ള ഡോ. മാത്യു വര്‍ഗീസ് ഇപ്പോള്‍ ഫൊക്കാനയുടെ ജോയിന്റ് സെക്രട്ടറിയും, ഫൊക്കാന സ്‌പെല്ലിംഗ് ബീ കോമ്പറ്റീഷന്റെ ദേശീയ കോര്‍ഡിനേറ്ററുമാണ്. ഡിട്രോയിറ്റ് കേരള ക്ലബ് പ്രസിഡന്റ്, ഡിട്രോയിറ്റ് എക്യൂമെനിക്കല്‍ കമ്മിറ്റി സെക്രട്ടറി, ഓര്‍ത്തഡോക്‌സ് സഭ സൗത്ത് വെസ്റ്റ് അമേരിക്കന്‍ കമ്മിറ്റി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. തൃശൂര്‍ വെറ്ററിനറി കോളജില്‍ നിന്ന് വെറ്ററിനറി സയന്‍സില്‍ ബിരുദം നേടിയ ശേഷം 1978ലാണ് അമേരിക്കയിലേക്ക് കുടിയേറിയത്.

ഫൊക്കാനയുടെ ക്യാപിറ്റല്‍ റീജിയണല്‍ (വാഷിംഗ്ടണ്‍ ഡി.സി.) വൈസ് പ്രസിഡന്റ് ആയ എറിക് മാത്യു കഴിഞ്ഞ 4 വര്‍ഷമായി ആ സ്ഥാനത്തു പ്രവര്‍ത്തിച്ചു വരികയാണ്. ഫൊക്കാനയില്‍ 2004 ല്‍ യൂത്ത് വിഭാഗം അംഗമായി പ്രവര്‍ത്തനം ആരംഭിച്ചഎറിക് തുടര്‍ന്നങ്ങോട്ട് ഫൊക്കാനയുടെ സജീവ നേതൃത്വത്തിലേക്ക് കടന്നു വരികയായിരുന്നു. കൈരളി ഓഫ് ബാള്‍ട്ടിമോര്‍ എന്ന സംഘടനയിലെ ഭാഗമായിരിക്കെയാണ് ഫൊക്കാനയില്‍ സജീവമാകുന്നത്.അക്കാലയളവില്‍ കേരള അസോസിയേഷന്‍ ഓഫ് ഗ്രെയ്റ്റര്‍ വാഷിങ്ടണിലും സജീവ പ്രവര്‍ത്തകനായിരുന്നു. മേരിലാന്‍ഡ് ഡി.സി. കേന്ദ്രികരിച്ചു പ്രവര്‍ത്തിക്കുന്ന കില്ലാഡി സ്‌പോര്‍ട്‌സ് ക്ലബിന്റെ സ്ഥാപക അംഗവും ക്ലബ്ബിലെ മുന്‍ സോക്കര്‍ താരവും ആയിരുന്ന എറിക് ഉള്‍പ്പെട്ട ടീം ഫിലാഡല്‍ഫിയ ടൂര്‍ണമെന്റിലെ ജേതാക്കളായിരുന്നു

ഫൊക്കാനയുടെ അടുത്ത ഭരണസമിതിയിലേക്കുള്ള ഓഡിറ്റര്‍ ആയി ഒര്‍ലാന്‍ഡോയില്‍ നിന്നുള്ള പ്രമുഖ സംഘടന പ്രവര്‍ത്തകനും വ്യവസായിയുമായ ചാക്കോ കുര്യന്‍ മത്സരിക്കുന്നു. ഫൊക്കാനയുടെ മുതിര്‍ന്ന നേതാവും ഒര്‍ലാന്‍ഡോ റീജിയണല്‍ മലയാളി അസോസിയേഷന്‍ (ഓര്മ)മുന്‍ പ്രസിഡന്റുമായ ചാക്കോ നിലവില്‍ ഫൊക്കാന നാഷണല്‍ കമ്മിറ്റി അംഗമാണ്.

അമേരിക്കയിലെ കലാ സാംസകാരിക മേഖലകളിലെ നിറസാന്നിധ്യമായ ലൈസി അലക്‌സാണ് വിമന്‍സ് ഫോറം ചെയര്‍ പേഴ്‌സണ്‍ ആയി മത്സരിക്കുന്നത്. ഫൊക്കാന നാഷണല്‍ കമ്മിറ്റി അംഗം, വിമന്‍സ് ഫോറം (ന്യൂയോര്‍ക്) സെക്രട്ടറി , സീറോ മലബാര്‍ കാത്തലിക് കോണ്‍ഗ്രസ് ഡയറക്റ്റര്‍ ബോര്‍ഡ് വൈസ് ചെയര്‍പേഴ്‌സണ്‍ ആയും നാഷണല്‍ ജോയിന്റ് സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്., ഹഡ്‌സണ്‍ വാലി മലയാളി അസോസിയേഷന്‍ കോപ്രസിഡന്റുകൂടിയായ ലൈസി മുന്‍ സെക്രട്ടറി, മുന്‍ വൈസ് പ്രസിഡന്റ് തുടങ്ങിയ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഫൊക്കാനയുടെ ബ്യൂട്ടി പേജന്റ് മത്സരത്തിന്റെ ചെയര്‍പേഴ്‌സണ്‍ കൂടിയാണ്.

വാഷിംഗ്ടണ്‍ ഡി.സി. ബാള്‍ട്ടിമോര്‍ റീജിയണല്‍ വൈസ് പ്രസിഡന്റ് ആയി മത്സരിക്കുന്ന രഞ്ജു ജോര്‍ജ് പ്രമുഖ യുവ ഐ ടി സംരംഭകനും ഒരു മികച്ച സാമൂഹ്യപ്രവര്‍ത്തകനുമാണ്. കൈരളി ഓഫ് ബാള്‍ട്ടിമോര്‍ എന്ന സംഘടനയുടെ സജീവ പ്രവര്‍ത്തകനായ രഞ്ജു ഒരു മികച്ച ഫുട്‌ബോള്‍ താരവും ക്രിക്കറ്റ് താരവും ആണ്.

കാലിഫോര്‍ണിയ റീജിയണല്‍ വൈസ് പ്രസിഡന്റായി മത്സരിക്കുന്ന ഗീത ജോര്‍ജ് വീണ്ടും തലസ്ഥാനം നിലനിര്‍ത്താന്‍ ഒരവസരംകൂടി തേടുകയാണ്. എഞ്ചിനീയറിംഗ് ബിരുദധാരിയായ ഗീത അമേരിക്കയില്‍ എത്തിയ കാലം മുതല്‍ ഇന്ത്യന്‍ അമേരിക്കന്‍ അസോസിയേഷന്‍ ഓഫ് വുമണ്‍ എന്ന ചാരിറ്റബിള്‍ അസ്സോസിയേഷനുമായി ബന്ധപ്പെട്ടു ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതയായിരുന്നു. അസോസിയേഷന്റെ പ്രസിഡന്റായി പ്രവര്‍ത്തിച്ചിരുന്ന ഗീത ഇപ്പോള്‍ ട്രഷറര്‍ ആണ്.ഫൊക്കാനയുടെ 2000 വര്ഷത്തെ കണ്‍വെന്‍ഷന്‍ ഡയറക്ടര്‍ ആയിരുന്ന ഗീത
മലയാളി അസോസിയേഷന്‍ ഓഫ്
നോര്‍ത്ത് അമേരിക്കയുടെ പ്രസിഡന്റുമായിരുന്നു.

ഫൊക്കാനയുടെ ഫ്‌ലോറിഡ റീജിയണല്‍ വൈസ് പ്രസിഡന്റ് ആയി മലയാളി അസോസിയേഷന്‍ ഓഫ് ഫ്‌ലോറിഡ സെക്രട്ടറി ജോണ്‍ കല്ലോലിക്കലാണ് മത്സരിക്കുന്നത്. ഫൊക്കാനയുടെ സജീവ പ്രവര്‍ത്തകനായ ജോണ്‍ കഴിഞ്ഞ അഞ്ചു വര്‍ഷമായി മലയാളി അസോസിയേഷന്‍ ഓഫ് താമ്പയുടെ വിധവ കമ്മിറ്റികളില്‍ അംഗമായി പ്രവര്‍ത്തിച്ചു വരികയായിരുന്നു.

ന്യൂജേഴ്‌സിപെന്‍സില്‍വാനിയ റീജിയണല്‍ വൈസ് പ്രസിഡന്റ് ആയി എല്‍ദോ പോള്‍ ആണ് മത്സരിക്കുന്നത്
ബെര്‍ഗെന്‍ഫീല്‍ഡ് ആസ്ഥാനമായുള്ള കലാസംഘടനയായ “നാട്ടുകൂട്ടം” ക്ലബ്ബിന്റെ മുന്‍ പ്രസിഡന്റ്, സെക്രട്ടറി എന്നി പദവികള്‍ വഹിച്ച എല്‍ദോ ഇപ്പോള്‍ കെ.സി.എഎഫിന്റെ എക്‌സിക്യൂട്ടീവ്ര് കമ്മിറ്റി അംഗമാണ്. കഴിഞ്ഞ ഭരണസമിതിയില്‍ വൈസ് പ്രസിഡന്റും അതിനു മുന്‍പ് ബോര്‍ഡ് ഓഫ് ട്രൂസ്റ്റീ ചെയര്‍മാനുമായിരുന്നു.

ചിക്കാഗോ മിഡ് വെസ്റ്റ് റീജിയണല്‍ വൈസ് പ്രസിഡന്റ് (ആര്‍.വി.പി,) ആയി ഫ്രാന്‍സിസ് കിഴക്കേക്കുറ്റ് വീണ്ടും മത്സരിക്കുകയാണ്. നിലവില്‍ ഫൊക്കാനയുടെ ചിക്കാഗോ മിഡ് വെസ്റ്റ് റീജിയണല്‍ വൈസ് പ്രസിഡന്റായ അദ്ദേഹം തല്‍സ്ഥാനത്തു തുടരാന്‍ ഫൊക്കാന നേതൃത്വം അഭ്യര്‍ത്ഥിച്ചതിനെ തുടര്‍ന്നാണ് വീണ്ടും തെരഞ്ഞെടുപ്പിനൊരുങ്ങുന്നത്. ചിക്കാഗോയിലെ പ്രമുഖ ബിസിനസുകാരനായ ഫ്രാന്‍സിസ് എല്ലാ സംഘടനകള്‍ക്കും പ്രിയങ്കരനും സുസമ്മതനുമാണ്. ഉഴവൂര്‍ സെയിന്റ് സ്റ്റീഫന്‍സ് കോളേജിലെ അല്‍മുനി അസ്സോസിയേഷന്റെ കഴിഞ്ഞ ആറു വര്‍ഷമായി ഗ്ലോബല്‍ പ്രസിഡന്റ് ആണ് ഫ്രാന്‍സിസ്.

ടെക്‌സസ് റീജിയണല്‍ വൈസ് പ്രസിഡന്റ് ആയി മത്സരിക്കുന്ന ഡോ. രഞ്ജിത്ത് പിള്ള ഹൂസ്റ്റണില്‍ നിന്നുള്ള ഒരു ബഹുമുഖ പ്രതിഭയാണ്. കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനില്‍ മാസ്‌റ്റേഴ്‌സും കമ്പ്യൂട്ടര്‍ ആര്‍ക്കിടെക്ച്ചറില്‍ ഡോക്ടറേറ്റും നേടിയിട്ടുള്ള അദ്ദേഹം ടെക്‌സസില്‍ ഐ ടിയില്‍ ആര്‍. ആന്‍ഡ് ഡി എല്‍.എല്‍.സി എന്ന സോഫ്റ്റ്‌വെയര്‍ ആന്‍ഡ് വെബ് ഡെവെലപ്‌മെന്‍റ് സ്ഥാപനം ആരംഭിച്ചുകൊണ്ടാണ് തന്റെ വ്യവസായ മേഖലക്ക് തുടക്കം കുറിച്ചത്. എന്നാല്‍ തന്റെ സ്വപ്നമായ എന്റര്‍ടൈന്‍മെന്റ് ബിസിന സിലേക്കു കാല്‍ വെപ്പ് നടത്തിയത് ഏഷ്യാനെറ്റിലൂടെയാണ്. തുടര്‍ന്ന് വിവിധ എന്റര്‍ടൈന്‍മെന്റ് ബിസിനെസ്സുകള്‍ക്കായി എന്റെര്‍റ്റൈന്മെന്റ്‌സ് എന്ന സ്ഥാപനം ആരംഭിച്ചു. പിന്നീട് ലിക്വര്‍ മേഖലയിലും കൈവച്ച അദ്ദേഹം ചുരുങ്ങിയ കാലം കൊണ്ട് ഈ മേഖലയില്‍ ഡാന്ഡി ലിക്വര്‍, കാപ്രി ലിക്വര്‍ എന്നി സ്ഥാപനങ്ങളും ആരംഭിച്ചു. 2010ല്‍ അമേരിക്കയില്‍ കുടിയേറിയ അദ്ദേഹം ചുരുങ്ങിയ സമയംകൊണ്ട് ടെക്‌സസിലെ വിവിധ സാമൂഹ്യസാംസകാരിക മേഖലകളില്‍ തന്റെ വ്യക്തി മുദ്ര പതിപ്പിക്കാന്‍ കഴിഞ്ഞ വ്യക്തിയാണ്.

ഫൊക്കാന നാഷണല്‍ കമ്മിറ്റി അംഗമായി സീനിയര്‍ നേതാവ് ജോയി ടി. ഇട്ടന്‍ മത്സരിക്കുന്നതാണ് ഏറ്റവും വലിയ പ്രത്യേകത..നിലവില്‍ ഫൊക്കാനയുടെ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ആയ ജോയി ഇട്ടന്‍ ഫൊക്കാനയുടെ വളര്‍ച്ചക്ക് ഏറെ സംഭാവനകള്‍ ചെയ്ത വ്യക്തിയാണ്. വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ നെടുംതൂണായ ജോയ് ഇട്ടന്‍ ആ സംഘടനയെ ശക്തികൊണ്ടും പ്രവര്‍ത്തന മികവുകൊണ്ടും മുന്‍നിരയില്‍ എത്തിക്കുന്നതില്‍ മുഖ്യ പങ്കു വഹിച്ച വ്യക്തിയാണ്. ഫൊക്കാനയില്‍ ദേശീയ തലത്തില്‍ നിരവധി പദവികള്‍ അലങ്കരിച്ച ജോയി ഇട്ടന്‍റെ സാന്നിധ്യം അടുത്ത ദേശീയ കമ്മിറ്റിയിലും അനീവാര്യമാണെന്നു കണ്ടാണ് അദ്ദേഹത്തെ ദേശീയ കമ്മിറ്റിയിലേക്ക് മത്സരിപ്പിക്കാന്‍ മുതിര്‍ന്ന ഫൊക്കാന നേതാക്കല്‍ താല്‍പര്യം പ്രകടിപ്പിച്ചത്.

ദേശിയ കമ്മിറ്റി അംഗമായി മത്സരിക്കുന്ന ഡിട്രോയിറ്റില്‍ നിന്നുള്ള വറുഗീസ് തോമസ് (ജിമ്മിച്ചന്‍) ഫൊക്കാനയിലെ സജീവ പ്രവര്‍ത്തകനാണ്. ജിമ്മിച്ചന്‍ ആദ്യമായാണ് ഫൊക്കാന നേതൃനിരയിലേക്ക് എത്തുന്നതെങ്കിലും യുണൈറ്റഡ് സ്‌റ്റേറ്റ് പോസ്റ്റല്‍ സര്‍വീസ് (യൂ.എസ്.പി.എസ്.) ഉദ്യോഗസ്ഥനായ അദ്ദേഹം ഫെഡറല്‍ ജീവനക്കാരുടെ സന്നദ്ധ സംഘടനായ കംബൈന്‍ഡ് ഫെഡറല്‍ കാന്പയിന്‍ (സി.എഫ്.സി.) എന്ന സംഘടനയുടെ നേതൃ നിരയില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ്. കൂടാതെ ഡിട്രോയിറ്റ് മലയാളീ അസോസിയേഷന്‍ കമ്മിറ്റി അംഗം, കേരള ക്ലബ് ഓഫ് ഡിട്രോയിറ്റ് അംഗം എന്നീ നിലകളില്‍ സജീവമായി പ്രവര്‍ത്തിച്ചു വരുന്നു.

നാഷണല്‍ കമ്മിറ്റി അംഗമായിമത്സരിക്കുന്ന മുതിര്‍ന്ന ഫൊക്കാന നേതാവും പ്രമുഖ സാമുഹികസാംസ്കാരികസംഘടനാ പ്രവര്‍ത്തകനുമായ ദേവസി പാലാട്ടി ന്യൂജേഴ്‌സി ആസ്ഥാനമായുള്ള കേരള കള്‍ച്ചറല്‍ ഫോറത്തി(കെ.സി.എഫ് ) സജീവപ്രവര്‍ത്തകനും ബോര്‍ഡ് ഓഫ് ട്രസ്റ്റീ ചെയര്‍മാനുമാണ്. കെ.സി.എഫിന്റെ പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സെക്രട്ടറി, കമ്മിറ്റി അംഗം,എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ഫൊക്കാനയുടെ ന്യൂജേഴ്‌സി പെന്‍സില്‍വാനിയ റീജിയണല്‍ വൈസ് പ്രസിഡന്റ്, കള്‍ച്ചറല്‍ കമ്മിറ്റി ചെയര്‍മാന്‍,ദേശീയ കമ്മിറ്റി അംഗം എന്നീ നിലകളില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ചിട്ടുണ്ട്. കണ്‍വെന്‍ഷന്റെ കള്‍ച്ചറല്‍ ആന്‍ഡ് എന്റെടൈന്മെന്റ് കമ്മിറ്റി ചെയര്മാന്കൂടിയാണ്.

നാഷണല്‍ കമ്മിറ്റി അംഗമായി ചിക്കാഗോയില്‍ നിന്നുള്ള പ്രമുഖ സംഘടനാ പ്രവര്‍ത്തക വിജി നായര്‍ വീണ്ടും മത്സരിക്കുന്നു. നിലവില്‍ നാഷണല്‍ കമ്മിറ്റി അംഗമായ വിജിയുടെ മികച്ച സംഘടനാ നേതൃ പാടവമാണ് വീണ്ടും ഒരു അങ്കം കൂടി കുറിക്കാന്‍ വിജിക്കു അവസരം ലഭിച്ചത്. മിഡ് വെസ്റ്റ് മലയാളി അസോസിയേഷന്‍ ചെയര്‍മാനായ ആയ വിജി അസോസിയേഷാന്റെ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് ,കമ്മിറ്റി മെമ്പര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഫൊക്കാനയുടെ നാഷണല്‍ കമ്മിറ്റി അംഗമായി ന്യൂയോര്‍ക്കില്‍ നിന്നുമുള്ള മറ്റൊരു വനിതാ സ്ഥാനാര്‍ത്ഥിയാണ് ഷീല ജോസഫ്. മിഡ് ഹഡ്‌സണ്‍ മലയാളീ അസോസിയേഷന്‍ വൈസ് പ്രസിഡന്റ് ആയ ഷീല ജോസഫ് മുതിര്ന്ന ഫൊക്കാന നേതാക്കളുടെ അനുഗ്രഹാശംസകളോടെയാണ് ആദ്യമായി നാഷണല്‍ കമ്മിറ്റിയിലേക്ക് രംഗപ്രവേശനം നടത്തുന്നത്.കഴിഞ്ഞ രണ്ടു വര്‍ഷമായി മിഡ് ഹഡ്‌സണ്‍ മലയാളി അസോസിയേഷന്റെ വൈസ് പ്രസിഡന്റ് എന്ന നിലയില്‍ ഷീല മികച്ച പ്രകടനമാണ് കാഴ്ച വെച്ചുകൊണ്ടിരിക്കുന്നത്.

കേരളത്തില്‍ സാശ്രയ മെഡിക്കല്‍ കോളേജുകള്‍ക്കും നഴ്‌സിംഗ് കോളേജുകള്‍ക്കും എതിരെ നടന്ന സമരത്തെ മുന്നില്‍ നിന്നു നയിച്ച അലക്‌സ് ഏബ്രഹാം ആണ് ഫൊക്കാനാ നാഷണല്‍ കമ്മിറ്റിയിലേക്ക് മത്സരിക്കുന്ന മറ്റൊരു യുവ നേതാവ്, ഹഡ്‌സണ്‍വാലി മലയാളീ അസോസിയേഷന്‍ പ്രസിഡന്റ് ഇലക്ട് ആയ അലക്‌സ് ജോയിന്റ് സെക്രട്ടറി ആയും കമ്മറ്റി അംഗമായും 2012 മുതല്‍ സംഘടനയില്‍ സജീവമാണ്.

നാഷണല്‍ കമ്മിറ്റി അംഗമായി മത്സരിക്കുന്ന ഒര്‍ലാന്‍ഡോയില്‍ നിന്നുള്ള രാജീവ് ആര്‍. കുമാര്‍ മലയാളി അസ്സോസിയേഷ(ഓര്‍മ) ന്റെ സമുന്നത നേതാവാണ്. ഓര്‍മയുടെ അഡ്വൈസറി ബോര്‍ഡ് അംഗമായ രാജീവ് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ജോയിന്റ് സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചു.

നാഷണല്‍ കമ്മിറ്റി അംഗമായി കാനഡയില്‍ നിന്നു മത്സരിക്കുന്ന അലക്‌സാണ്ടര്‍ പി.അലക്‌സാണ്ടര്‍ ടൊറന്റോ മലയാളി സംഗമം ബോര്‍ഡ് ഓഫ് ട്രസ്റ്റി അംഗമാണ്. അലക്‌സാണ്ടര്‍ കാനഡയിലെ അറിയപ്പെടുന്ന ബിസിനസുകാരനും സംഘാടകനുമാണ്. ടൊറേന്റോ മലയാളി സംഗമത്തിന്റ്‌റെ ജോയിന്റ് സെക്രട്ടറിയും കമ്മിറ്റി അംഗവുമായിരുന്ന അലക്‌സാണ്ടര്‍ കഴിഞ്ഞ തവണ ടൊറെന്റോയില്‍ നടന്ന ഫൊക്കാന നാഷണല്‍ കണ്‍വെന്‍ഷന്റെ ഭാഗമായി നടന്ന ഫിലിം ഫെസ്‌റിവലിന്റ്‌റെ മുഖ്യ സ്‌പോണ്‍സര്‍ ആയിരുന്നു.

വിജയം സുനിശ്ചിതമെന്നു അല്‍മവിശ്വാസത്തോടെ പറയുന്ന പാനല്‍ അംഗങ്ങള്‍ തെരഞ്ഞെടുപ്പ് ഒരു ചടങ്ങിന് മാത്രമായിരിക്കുമെന്ന ആല്‍മവിശ്വാസത്തിലാണ്. ഇതിനായി മാധവന്‍ ബി. നായരും പാനല്‍ അംഗങ്ങളും അമേരിക്കയിലും കാനഡയിലുമുള്ള എല്ലാ സീനിയര്‍ നേതാക്കളില്‍ നിന്നും അംഗസംഘടനകളില്‍ നിന്നും പൂര്‍ണ പിന്തുണ നേടിക്കഴിഞ്ഞു. ഇനി ജൂലൈ 5നു ഫിലഡെഫിയയിലെ വാലി ഫോര്‍ഡ്ജ് കാസിനോ റിസോര്‍ട്ടിലെ ഗോദയിലെ ഔദ്യോഗിക ഫലപ്രഖ്യാപനത്തിനായി കാതോര്‍ക്കുകയാണ് മാധവന്‍ നായരും പാനല്‍ അംഗങ്ങളും.

ഏറ്റവും കെട്ടുറപ്പുള്ള ടീമിനെയാണ് ഉള്‍ക്കൊള്ളിക്കാന്‍ കഴിഞ്ഞതെന്നതിന്റെ ആല്‍മവിശ്വാസത്തിലാണ് പ്രസിഡന്റ് സ്ഥാനാര്‍ഥി മാധവന്‍ നായര്‍. ആര്‍ക്കും കുറ്റം പറയാന്‍ പറ്റാത്ത നല്ല ട്രാക്ക് റെക്കോര്‍ഡുകള്‍ ഉള്ള സ്ഥാനാര്‍ത്ഥികളാണ് ഉള്‍കൊള്ളിക്കപ്പെട്ടിട്ടുള്ള എല്ലാ യുവ വനിതാ നേതാക്കന്മാരും .അതുകൊണ്ടുതന്നെ ഫൊക്കാനയെ ഇനി മുതല്‍ പുതുരക്തം നയിക്കുമെന്ന സൂചനയും നല്‍കുന്നു.

സംഘടനകളുടെ സംഘടനക്ക് പുതിയ ദിശാബോധം നല്‍കുക എന്നതാണ് തങ്ങളുടെ പ്രകടന പത്രികയിലെ മുദ്രാവാക്യമെന്നു തെരെഞ്ഞെടുപ്പ് പ്രവര്‍ത്തങ്ങള്‍ക്കു ചുക്കാന്‍ പിടിക്കുന്ന ട്രഷര്‍ സ്ഥാനാര്‍ഥി സജിമോന്‍ ആന്റണി പറഞ്ഞു.കക്ഷിഭേദമന്യേ എല്ലാവര്‍ക്കും സ്വീകര്യമായ സ്ഥാനാര്‍ത്ഥികളെ പാനല്‍ അംഗമാക്കാന്‍ രാജ്യം മുഴുവനും ടാലെന്റ്‌റ് ഹണ്ട് നടത്തിയതിന് തുല്യമായിട്ടാരുന്നു അന്വേഷണം നടത്തിയതെന്ന് ശ്രീകുമാര്‍ ഉണ്ണിത്താന്‍ ചൂണ്ടിക്കാട്ടി. ഫൊക്കാനയുടെ നിലവിലുള്ളതും മുന്‍പുണ്ടായിരുന്ന ഭാരവാഹികള്‍ക്കുമെല്ലാം തങ്ങളുടെ പാനലില്‍ വിശ്വാസമുണ്ടെന്നും തെരെഞ്ഞെടുപ്പായതിനാല്‍ അഭിപ്രായം പുറത്തുപറയാത്തതാണെന്നുംഏബ്രഹാം ഈപ്പന്‍ പറഞ്ഞു

വരാനിരിക്കുന്ന നാളുകള്‍ ഫോക്കാനക്കു കൂടുതല്‍ കരുത്തും ഊര്‍ജവും പകരുന്ന ദിവസങ്ങളായിരുക്കുമോയെന്നു കാത്തിരുന്നു കാണാം.