സല്‍മാന്‍ ഖാനെപ്പോലെ കശ്മീരും സ്വതന്ത്രമാകണമെന്ന് അക്തര്‍

കൃഷ്ണമൃഗവേട്ട കേസില്‍ സല്‍മാന്‍ ഖാന് ജാമ്യം കിട്ടിയ പോലെ ഇന്ത്യയില്‍ നിന്ന് കശ്മീരിന് സ്വതന്ത്ര്യം വേണമെന്ന് മുന്‍ പാക് ക്രിക്കറ്റ് താരം ഷു ഐബ് അക്തര്‍. കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയെ രൂക്ഷമായി വിമര്‍ശിച്ച് പാക് മുന്‍ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദി രംഗത്തെത്തിയതിന് പിന്നാലെയാണ് അക്തറും അതേ വിഷയം ഉന്നയിച്ചിരിക്കുന്നത്.

Finally Salman gets a relief from honourable court I wish 1 day in my life time i get a news of Kashmir Palestine Yemen Afghanistan & all the troubled area of the world are free bcoz my heart bleeds for humanity & loss of innocent life ..

— Shoaib Akhtar (@shoaib100mph) April 7, 2018

‘അവസാനം സല്‍മാന്‍ ഖാനെ ബഹുമാനപ്പെട്ട കോടതി വെറുതെ വിട്ടിരിക്കുന്നു. അതുപോലെ കശ്മീര്‍, പാലസ്തീന്‍, യെമന്‍ അഫ്ഗാനിസ്ഥാന്‍ തുടങ്ങി ലോകത്തെ എല്ലാ പ്രശ്‌നബാധിത പ്രദേശങ്ങളും സ്വതന്ത്രമാകുന്ന വാര്‍ത്ത കേള്‍ക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. എന്തുകൊണ്ടെന്നാല്‍ പാവപ്പെട്ട ജനങ്ങളുടെ ജീവിതം നഷ്ടപ്പെടുമ്പോള്‍ എന്റെ ഹൃദയത്തില്‍ നിന്ന് രക്തമൊഴുകുകയാണ്.’

‘ഇന്ത്യപാകിസ്താന്‍ ബന്ധം ഊഷ്മളമാകാന്‍ രണ്ടു രാജ്യങ്ങളിലെയും യുവത്വം മുന്നോട്ട് വരണം. എന്തുകൊണ്ട് കഴിഞ്ഞ 70 വര്‍ഷങ്ങള്‍ കൊണ്ടുണ്ടായ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സാധിക്കുന്നില്ലെന്ന ചോദ്യം ഉന്നയിക്കണം. ഇനി ഒരു 70 വര്‍ഷങ്ങള്‍ കൂടി ഈ വെറുപ്പില്‍ ജീവിക്കാന്‍ നിങ്ങള്‍ തയ്യാറാകുമോ എന്ന് ഞാന്‍ ചോദിക്കുകയാണ്’ അക്തര്‍ ട്വീറ്റ് ചെയ്തു.

ഇന്ത്യന്‍ അധീന കശ്മീരില്‍ നിഷ്‌കളങ്കരായ ജനങ്ങള്‍ വെടിയേറ്റ് വീഴുകയാണെന്നും നിശ്ചയദാര്‍ഢ്യത്തിന്റേയും സ്വാതന്ത്ര്യത്തിന്റേയും ശബ്ദം ഭരണാധികാരികള്‍ അടിച്ചമര്‍ത്തുകയാണെന്നുമായിരുന്നു അഫ്രീദി നേരത്തെ ട്വീറ്റ് ചെയ്തത്. ഇതിനെതിരെ അഫ്രീദിക്ക് മറുപടിയുമായി സച്ചിനും ഗൗതം ഗംഭീറും വിരാട് കോഹ്‌ലിയുമെല്ലാം രംഗത്തെത്തിയിരുന്നു.

ഇന്ത്യയെ സംരക്ഷിക്കാനും പുരോഗതിയിലേക്ക് നയിക്കാനും കഴിവുള്ള ആളുകള്‍ ഇന്ത്യയിലുണ്ടെന്നും ഇന്ത്യക്കാര്‍ എന്താണ് ചെയ്യേണ്ടതെന്ന് പുറത്തുനിന്നുള്ള ഒരാള്‍ പറഞ്ഞുതരേണ്ട ആവശ്യമില്ലെന്നായിരുന്നു സച്ചിന്റെ മറുപടി. അഫ്രീദിയുടെ കൈയിലുള്ള നിഘണ്ടുവില്‍ യു.എന്‍ എന്ന് പറഞ്ഞാല്‍ അണ്ടര്‍ നയന്റീന്‍ എന്നാണെന്നും പതിവുപോലെ നോ ബോളിലെ വിക്കറ്റാണ് അഫ്രീദി ആഘോഷിക്കുന്നതെന്നും ഗംഭീര്‍ പരിഹസിച്ചിരുന്നു