കണ്ണൂര്‍, കരുണ മെഡിക്കല്‍ പ്രവേശനം: നിലവിലുള്ളത് അസാധാരണ സാഹചര്യമെന്ന് സ്പീക്കര്‍

തിരുവനന്തപുരം: കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളജുകളിലേക്കുള്ള പ്രവേശനവുമായി ബന്ധപ്പെട്ട് നിലവിലുള്ളത് അസാധാരണ സാഹചര്യമെന്ന് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍. ഗവര്‍ണര്‍ പി.സദാശിവം ബില്‍ മടക്കിയതിനെക്കുറിച്ചായിരുന്നു സ്പീക്കറുടെ പരാമര്‍ശം. സര്‍ക്കാരിന്റെ സാധ്യതകള്‍ അടഞ്ഞിട്ടില്ലെന്നും വിഷയത്തില്‍ നിയമവിദഗ്ധരുമായി കൂടിയാലോചന നടത്തി തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും സ്പീക്കര്‍ അറിയിച്ചു.

കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളജുകളിലെ ക്രമവിരുദ്ധ എംബിബിഎസ് പ്രവേശനം അംഗീകരിക്കുന്നതിന് നിയമസഭ പാസാക്കിയ ബില്‍ ഗവര്‍ണര്‍ ഇന്നലെ തടഞ്ഞിരുന്നു. ഭരണഘടനയുടെ അനുഛേദം 200 അനുസരിച്ചുള്ള പ്രത്യേക അധികാരം ഉപയോഗിച്ചാണ് നിയമസഭ പാസാക്കിയ ബില്‍ സുപ്രീംകോടതി വിധിക്കെതിരാണെന്ന വിലയിരുത്തലിനെ തുടര്‍ന്ന് ഗവര്‍ണര്‍ തടഞ്ഞത്. സുപ്രീംകോടതിയും ഓര്‍ഡിനന്‍സ് കഴിഞ്ഞദിവസം തള്ളിയിരുന്നു.