വിഷു വിഭവങ്ങൾ ഉണ്ടാക്കാം വളരെ ലളിതമായി

മിനി നായർ ,അറ്റ്‌ലാന്റാ

കേരളത്തിന്റെ പ്രധാന വിളവെടുപ്പുത്സവങ്ങളിൽ ഒന്നാണ് വിഷു. വിഷു വേനല്‍ പച്ചക്കറി വിളകളുമായി ബന്ധപ്പെട്ടാണ്‌ ആചരിക്കുന്നത്‌. വിഷുവുമായി ബന്ധപ്പെട്ട ആചാരങ്ങള്‍ വ്യത്യസ്‌തമാണ്‌. വിഷുക്കണി ആണ്‌ ഏറ്റവും പ്രധാനപ്പെട്ടത്‌. വിഷുക്കൈനീട്ടം, വിഷുസദ്യ, വിഷുക്കളി തുടങ്ങിയവ വിഷുവിനോട്‌ അനുബന്ധിച്ചുള്ള ആഘോഷങ്ങളാണ്‌.അതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് വിഷു സദ്യ .ചില വിഷു റസിപ്പികൾ വായനക്കാർക്കായി …

വിഷുക്കഞ്ഞി

പച്ചരിയും ചെറുപയറും കൊണ്ടുണ്ടാക്കുന്ന വിഭവമാണ് വിഷുക്കഞ്ഞി. എറണാകുളത്തെ പരമ്പരാഗതമായ ഒരു വിഷു വിഭവമാണിത്. രാവിലെതന്നെ വിഷുക്കഞ്ഞി പാകപ്പെടുത്തും.

ചേരുവകള്‍:

പച്ചരി-1 കിലോ
ചെറുപയര്‍-അരക്കിലോ
ശര്‍ക്കര-അരക്കിലോ
മധുരം കൂടുതല്‍ വേണ്ടവര്‍ക്കു കൂടുതല്‍ ചേര്‍ക്കാം.
തേങ്ങാപ്പാല്‍-ഒന്നര തേങ്ങയുടെ
ഒന്നാംപാലും രണ്ടാംപാലും.
നെയ്യ്, അണ്ടിപ്പരിപ്പ്, കിസ്മിസ്,
ഏലയ്ക്കാ, ചുക്ക്-ആവശ്യത്തിന്.

തയാറാക്കുന്നവിധം:

ചുവടുകട്ടിയുള്ള പാത്രത്തില്‍ ആദ്യം ചെറുപയര്‍ വേവിക്കുക. പയര്‍ ഒരുവിധം വെന്തുതുടങ്ങുമ്പോള്‍ പച്ചരി ഇടണം. അരിയും പയറും തേങ്ങയുടെ രണ്ടാംപാലില്‍ വേവിക്കണം. പാകത്തിനു വെന്തുവരുമ്പോള്‍ നെയ്യും എലയ്ക്കാ പൊടിച്ചതും ചുക്കും നെയ്യില്‍ വറുത്ത അണ്ടിപ്പരിപ്പും കിസ്മിസും ചേര്‍ത്തിളക്കുക. തേങ്ങയുടെ ഒന്നാംപാല്‍ അവസാനം ഒഴിച്ചു തിളപ്പിച്ചു വാങ്ങിവയ്ക്കാം.

ചക്ക എരിശേരി

ചേരുവകള്‍:

ചക്കച്ചുള ചെറുതായി അരിഞ്ഞത്-1 കപ്പ്
മുളകുപൊടി-1 സ്പൂണ്‍
മഞ്ഞള്‍പ്പൊടി-1 നുള്ള്
തേങ്ങ-1 മുറി
ജീരകം-കാല്‍ സ്പൂണ്‍
ഉപ്പ്-ആവശ്യത്തിന്
വറ്റല്‍മുളക്, തേങ്ങ കടുക്, വെളിച്ചെണ്ണ കടുകു വറുക്കുവാന്‍ ആവശ്യത്തിന്.

തയാറാക്കുന്നവിധം:

ചക്കച്ചുള ചെറുതായി അരിഞ്ഞത് ഉപ്പും മുളകുപൊടിയും മഞ്ഞള്‍പൊടിയും ചേര്‍ത്തു വേവിക്കുക. ചക്കക്കുരു വേണമെങ്കില്‍ ചേര്‍ത്തു വേവിക്കാം. കഷണം വേവുമ്പോള്‍ തേങ്ങയും ജീരകവും അരച്ചതു ചേര്‍ക്കുക. കടുകുവറുക്കുമ്പോള്‍ കുറച്ചു തേങ്ങയും കൂടി ഇട്ടു ചുവക്കുന്നതുവരെ വറുക്കുക. ഇതിലേക്ക് കഷണങ്ങളും അരപ്പും ചേര്‍ന്ന കൂട്ടിട്ട് ഇളക്കുക. ചൂടുള്ള എരിശേരി തയാര്‍

മാമ്പഴപ്പുളിശേരി

ചേരുവകള്‍:

പഴുത്ത നാട്ടുമാങ്ങ-5
വെള്ളരിക്ക-ഒരു കഷണം
മുളകുപൊടി-1 സ്പൂണ്‍
മഞ്ഞള്‍പൊടി-കാല്‍ സ്പൂണ്‍
തേങ്ങ-1 മുറി
ജീരകം-കാല്‍ സ്പൂണ്‍
പച്ചമുളക്-3 എണ്ണം
തൈര്-ആവശ്യത്തിന്
വറ്റല്‍ മുളക്, കടുക്, ഉലുവ, കറിവേപ്പില കടുകുവറുക്കാന്‍.

തയാറാക്കുന്നവിധം:

തൊലികളഞ്ഞ പഴുത്ത നാട്ടുമാങ്ങ മുഴുവനായോ കഷണങ്ങളായി നുറുക്കിയോ വെള്ളരിക്ക കഷണങ്ങളും ചേര്‍ത്ത് ആദ്യം വേവിക്കുക. മുളകുപൊടിയും മഞ്ഞള്‍പൊടിയും ഉപ്പും ചേര്‍ത്തു വേണം വേവിക്കാന്‍. അരപ്പു തയാറാക്കാന്‍ തേങ്ങ, ജീരകം, പച്ചമുളക് എന്നിവ നന്നായി അരച്ചെടുക്കുക. തൈരോ വെള്ളമോ ചേര്‍ത്ത് അരയ്ക്കാം. തൃശൂരുകാര്‍ തൈരു ചേര്‍ത്താണ് അരയ്ക്കുന്നത്. വെള്ളം ചേര്‍ത്താണ് അരയ്ക്കുന്നതെങ്കില്‍ തൈര് അവസാനം ചേര്‍ക്കണം. കടുകു വറുക്കുമ്പോള്‍ ആദ്യം ഉലുവയിടണം. ഉലുവ ചുവന്നു മൂക്കുമ്പോള്‍ കടുകും വറ്റല്‍മുളകും കറിവേപ്പിലയും ചേര്‍ക്കുക. കടുകു വറുത്തശേഷം വെന്ത കഷണങ്ങളും അരപ്പും ചേര്‍ത്ത് ഇളക്കുക.

പടവലങ്ങ ഓലന്‍

ചേരുവകള്‍:

നാടന്‍ പടവലങ്ങ-1
തേങ്ങാപ്പാല്‍-1 കപ്പ്
ഉപ്പ്, വെളിച്ചെണ്ണ-ആവശ്യത്തിന്

തയാറാക്കുന്നവിധം:

പടവലങ്ങാകഷണങ്ങള്‍ ഉപ്പുചേര്‍ത്തു വേവിക്കുക.
കഷണം വെന്തുവറ്റുമ്പോള്‍ ആവശ്യമായ തേങ്ങാപ്പാലൊഴിക്കുക. അവസാനം അല്പം വെളിച്ചെണ്ണ ചേര്‍ത്തു വാങ്ങുക.

നെയ്യപ്പം

ചേരുവകള്‍:

അരി – 1 കിലോ
ശര്‍ക്കര -1 കിലോ
തേങ്ങ – ആവശ്യത്തിന്

തയാറാക്കുന്നവിധം:

അല്പം തരിയോടെ പൊടിച്ചെടുത്ത അരിപ്പൊടിയില്‍ ശര്‍ക്കരപ്പാനി കാച്ചിയതു ചൂടോടെ ഒഴിച്ച് ഇളക്കുക. ഇതില്‍ ഏലയ്ക്കാപൊടിച്ചതു ചേര്‍ക്കുക. തേങ്ങ ചെറുതായി അരിഞ്ഞു വറുത്തതോ പീര വറുത്തതോ ചേര്‍ത്ത് ഇളക്കുക. അരിപ്പൊടി കുഴയ്ക്കുമ്പോള്‍ വെള്ളം അധികമാകാതെ ശ്രദ്ധിക്കണം. അല്പം കട്ടിയില്‍ വിരലില്‍നിന്നു മുറിഞ്ഞുവീഴുന്ന പാകത്തില്‍വേണം കുഴയ്ക്കാന്‍. ചീനച്ചട്ടിയില്‍ എണ്ണ തിളയ്ക്കുമ്പോള്‍ മാവു ചെറുതവിയില്‍ കോരി ഒഴിച്ച് തിരിച്ചും മറിച്ചുമിട്ട് മൂപ്പിച്ചെടുക്കാം.

കൂട്ടുപായസം

ആവശ്യമായ ചേരുവകള്‍:

പുഴുങ്ങി പൊടിച്ച
ഉരുളക്കിഴങ്ങ് – ഒരു കപ്പ്
ചുരയ്ക്ക ചുരണ്ടിയത് – മുക്കാല്‍ കപ്പ്
ചേന ചുരണ്ടിയത് – അരക്കപ്പ്
പഞ്ചസാര – ഒരു കപ്പ്
ചൗവരി കുതിര്‍ത്തത് – മൂന്നു ടേബിള്‍ സ്പൂണ്‍
തേങ്ങാപ്പാല്‍ – രണ്ടു കപ്പ്
നട്‌സ് (മുന്തിരി നെയ്യില്‍ വറുത്തത്) ഏലയ്ക്കാപ്പൊടി – ഒരു ടേബിള്‍ സ്പൂണ്‍

ഉണ്ടാക്കുന്ന വിധം

ചേനയും ചുരക്കയും വെള്ളമൊഴിച്ചു വേവിക്കുക. ഇതിലേക്ക് പുഴിങ്ങി പൊടിച്ച ഉരുളക്കിഴങ്ങ് ചേര്‍ത്തിളക്കി കട്ടകെട്ടാതെ ഇളക്കി യോജിപ്പിക്കുക. ഇതിലേക്ക് കുതിര്‍ത്തുവച്ച ചൗവരിയും പഞ്ചസാരയും ചേര്‍ത്തിളക്കി തിളച്ചുതുടങ്ങിയാല്‍ തേങ്ങാപ്പാല്‍ ചേര്‍ത്തിളക്കി പായസപ്പരുവമായാല്‍ ഇറക്കിവയ്ക്കുക. ബാക്കിയുള്ള കാര്യങ്ങള്‍ ചേര്‍ത്തിളക്കി ചൂടോടെ വിളമ്പാം.
ത്രിമധുര പായസം

ആവശ്യമായ ചേരുവകള്‍:

നാടന്‍ അരി – ഒരു കപ്പ്
ശര്‍ക്കര (ഉരുക്കി
അരിച്ചത്) – ഒരു കപ്പ്
ഞാലിപ്പൂവന്‍ – രണ്ടെണ്ണം
തേങ്ങാ ചുരണ്ടിയത് – ഒരു കപ്പ്
പഞ്ചസാര – അരക്കപ്പ്
കല്‍ക്കണ്ടം (ചെറിയ കഷണങ്ങളാക്കിയത്) – രണ്ട് ടേബിള്‍ സ്പൂണ്‍
കശുവണ്ടി നെയ്യില്‍ വറുത്തത്, ഉണക്കമുന്തിരി രണ്ട് ടേബിള്‍ സ്പൂണ്‍ വീതം.

ഉണ്ടാക്കുന്ന വിധം

രണ്ടു കപ്പ് വെള്ളം തിളപ്പിച്ച് അരിയിടുക. മുക്കാല്‍ വേവായാല്‍ ശര്‍ക്കര ചേര്‍ക്കുക. നല്ലതുപോലെ ഇളക്കുക. ഇതിലേക്ക് പഞ്ചസാരയും പഴം ബ്ലെന്‍ഡ് ചെയ്തതും ചേര്‍ത്തിളക്കുക. ചുരണ്ടിയ തേങ്ങ രണ്ടു സ്പൂണ്‍ നെയ്യില്‍ വറുത്തത് ഇതില്‍ ചേര്‍ക്കുക. എല്ലാം യോജിച്ച് പായസപ്പരുവമായാല്‍ ബാക്കിയുള്ള കൂട്ടുകള്‍ എല്ലാം ചേര്‍ത്തിളക്കി വാങ്ങുക. ഇതു കേടാകാതെ കുറേനാള്‍ ഇരിക്കും. മൂന്നു തരത്തിലുള്ള മധുരം ചേര്‍ക്കുന്നതുകൊണ്ടാണ് ത്രിമധുര പായസം എന്നു പറയുന്നത്.

വിഷു കട്ട 
വിഷു വിഭവങ്ങളില്‍ വളരെ പ്രധാനപ്പെട്ട ഒന്നാണ് വിഷുക്കട്ട ..
വളരെ ലളിതമായി തയ്യാറാക്കാവുന്ന ഒരു വിഭവമാണിത് .
ആവശ്യമുള്ള സാധനങ്ങള്‍:
1. ചുവന്ന അരി (പാലക്കാടന്‍ മട്ട)- മൂന്ന് കപ്പ്
2. പച്ചരി- ഒരു കപ്പ്
3. പുളി അവരക്ക (വറുത്ത് പൊടിച്ചത്)- ഒരു കപ്പ്
4. നാളികേരം- ഒന്ന് (ചിരവി ഉപ്പ് തിരുമ്മിവെക്കണം)
5. വെള്ളം -20 കപ്പ്
6. ഉപ്പ്- ആവശ്യത്തിന്
പാചകം ചെയ്യേണ്ട വിധം:
ചുവന്ന അരി, പച്ചരി, പുളി അവരക്ക എന്നിവ കഞ്ഞിക്കു പറ്റുന്ന പരുവമാകും വരെ വേവിക്കുക. (ഉപ്പിടാന്‍ മറക്കരുത്.) വെന്ത് വാങ്ങാറാകുമ്പോള്‍ തേങ്ങയിടുക. അഞ്ച് മിനുട്ട് നേരം തിളപ്പിച്ചതിനു ശേഷം വാങ്ങിവെക്കുക.

വിഷു സദ്യ 
വിഭവങ്ങൾ – നല്ല നാടൻ കുത്തരി ചോറ് , സാമ്പാർ , അവിയൽ , കാളൻ , ഇഞ്ചിക്കറി, അച്ചിങ്ങാ മെഴുക്കുപുരട്ടി , ഇഷ്ടു , പാവക്കാ കറി , നാരങ്ങാ അച്ചാർ , മാങ്ങാക്കറി , പപ്പടം … പിന്നെ പാലടപ്പായസവും…