ഹര്‍ത്താലില്‍ പരക്കെ അക്രമം; പലയിടത്തും വാഹനങ്ങള്‍ തടയുന്നു; നിരവധി പേര്‍ കസ്റ്റഡിയില്‍‌

കൊച്ചി: ദലിത് സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലിനിടെ പരക്കെ അക്രമം. പലയിടത്തും വാഹനങ്ങള്‍ തടയുന്നു. ആലപ്പുഴയില്‍ ബസ് തടഞ്ഞ 11 പേരെ കസ്റ്റഡിയില്‍ എടുത്തു. തിരുവനന്തപുരം തമ്പാനൂരില്‍ കെഎസ്ആര്‍ടിസി സര്‍വീസ് നിര്‍ത്തിവെക്കാന്‍ പൊലീസ് നിര്‍ദേശിച്ചു. പാലക്കാട് കെഎസ്ആര്‍ടിസി ബസുകള്‍ ഹര്‍ത്താല്‍ അനുകൂലികള്‍ തടയുന്നു. സ്വകാര്യ ബസുകള്‍ ഓടുന്നില്ല.പാലക്കാട് അൻപതോളം പേർ പൊലീസ് കസ്റ്റഡിയിലാണ്. കൂടുതൽ പൊലീസ് സേന എത്തിയതോടെ മറ്റിടങ്ങളിലേക്കും കെഎസ്ആർടിസി സർവീസ് ആരംഭിച്ചു. ഇതിനകം 20 സർവീസ് നടത്തി. കൊപ്പത്ത് സമരാനുകൂലികൾ ഓട്ടോറിക്ഷ ആക്രമിച്ചു. സ്വകാര്യ ബസുകൾ നിരത്തിലിറങ്ങിയിട്ടില്ല.

വലപ്പാടും ശാസ്താംകോട്ടയിലും കെഎസ്ആര്‍ടിസി ബസിന് നേരെ കല്ലേറുണ്ടായി. കരുനാഗപ്പള്ളി ഡിപ്പോയിലെ ബസിന്റെ ചില്ല് തകര്‍ത്തു. വാഹനങ്ങള്‍ തടഞ്ഞതിന് വടകരയില്‍ 3 ഹര്‍ത്താല്‍ അനുകൂലികളെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഹര്‍ത്താലിനെ തുടര്‍ന്ന് കണ്ണൂര്‍, കാലിക്കറ്റ് സര്‍വകലാശാലകളുടെ പരീക്ഷകള്‍ മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

ബിഎസ്പി, ആദിവാസി ഗോത്രമഹാസഭ, ഡിഎച്ച്ആര്‍എം, അഖില കേരള ചേരമര്‍ ഹിന്ദു മഹാസഭ, കേരള ചേരമര്‍ സംഘം, സാംബവര്‍ മഹാസഭ, ചേരമ സംബാവ ഡെവലപ്മെന്റ് സൊസൈറ്റി, കെപിഎംഎസ്, വേലന്‍ മഹാസഭ, പെമ്പിളൈ ഒരുമൈ, നാഷണല്‍ ദലിത് ലിബറേഷന്‍ ഫ്രണ്ട്, സോഷ്യല്‍ ലിബറേഷന്‍ ഫ്രണ്ട്, കേരള ദലിത് മഹാസഭ, ദലിത്-ആദിവാസി മുന്നേറ്റ സമിതി, ആദിജന മഹാസഭ, ഐഡിഎഫ്, സിപിഐ(എംഎല്‍), റെഡ് സ്റ്റാര്‍ തുടങ്ങിയ സംഘടനകളാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.