കേരളം ഇന്ന് കണ്ടതും കേട്ടതും ; ദളിത്‌ വസന്തത്തിന്റെ വൈഖരി

ടൈറ്റസ് കെ.വിളയിൽ
കേരളം പോലൊരു സംസ്ഥാനത്ത്‌ ദളിതര്‍ക്ക്‌ ഹര്‍ത്താല്‍ നടത്താന്‍ അവകാശമില്ലെന്നു പ്രഖ്യാപിക്കാതെ പ്രഖ്യാപിച്ച ഇടത്‌ സര്‍ക്കാരിനും ഭരണകൂട കുതന്ത്രങ്ങള്‍ക്കും കനത്ത പ്രഹരമേല്‍പ്പിച്ച്‌ വിജയിച്ചതാണ്‌ ഇന്നത്തെ ( ഏപ്രില്‍ 09,2018)ഹര്‍ത്താലിനെ ,മറ്റു ഹര്‍ത്താലുകളില്‍ നിന്ന്‌ സവിശേഷമാക്കുന്നത്‌.
ഭരണകൂടവും,വ്യാപാരിവ്യവസായി-സ്വകാര്യ ബസുടമ-കെഎസ്‌ആര്‍ടിസി മാഫിയകളും പൊലീസും ഇന്റലിജന്‍സ്‌ വിഭാഗവും ഒന്നിച്ചു പരിശ്രമിച്ചിട്ടും ഹര്‍ത്താല്‍ വിജയിപ്പിച്ച സമരസഖാക്കള്‍ക്കും കേരളത്തിലെ ജനാധിപത്യ വിശ്വാസികള്‍ക്കും അഭിവാദ്യങ്ങള്‍!

പട്ടിക ജാതി-പട്ടിക വര്‍ഗങ്ങള്‍ക്കെതിരായ അതിക്രമ പ്രതിരോധ നിയമമത്തില്‍ വെള്ളം ചേര്‍ക്കാന്‍ രാജ്യത്തെ പരമോന്നത നീതിപീത്തം നടത്തിയ ജുഗുപ്സാവഹമായ ഇടപെടലിനെതിരെ മുഖ്യധാരാ ജനാധിപത്യ-വിപ്ലവപാര്‍ട്ടികള്‍ പ്രധിഷേധിക്കാന്‍ കൊട്ടാക്കാതിരുന്നപ്പോളാണ്‌( ഇത്‌ ദളിതരോടുള്ള ഇന്ത്യക്കാരുടെ പൊതുവായ അവഗണനയുടെ സൂചികയാണ്‌)ദലിത്‌ സംഘടനകള്‍ ദേശിയതലത്തില്‍ ഏപ്രില്‍ രണ്ടിന്‌ പ്രത്യക്ഷസമരത്തിനിറങ്ങിയത്‌.

ആ സമരത്തില്‍ പങ്കെടുത്ത 11 പേരെ വെടിവച്ചു കൊന്നുകൊണ്ടാണ്‌ വര്‍ണാശ്രമധര്‍മം മുഖമുദ്രയാക്കിയ ബിജെപിയും സംഘപരിവാര സംഘടനകളും ,ഭരണാധികാരത്തിന്റെ ഹിംസാത്മകതയുടെ ഹുങ്കില്‍ അര്‍മാദിച്ചത്‌

അതിനെതിരെ ഇന്നു നടന്ന ഹര്‍ത്താലിനെ എല്ലാ അര്‍ത്ഥത്തിലും അനുകൂലിക്കേണ്ട ഇടത്പക്ഷവും അതിന്റെ സര്‍ക്കാരും നികൃഷ്ടവും നീചവുമായ ഭരണകൂട ഭീകര നിലപാടുകളിലൂടെ ഹര്‍ത്താലിനെ പരാജയപ്പെടുത്താനാണ്‌ ശ്രമിച്ചത്‌

ആ കുതന്ത്രത്തിന്റെ ഭാഗമായാണ്‌ ആദിവാസി ഗോത്രമഹസഭാ നേതാവ്‌ ഗീതാനന്ദനേയും സി.എസ്‌.മുരളി,വി.സി.ജന്നി തുടങ്ങിയ ആക്ടിവിസ്റ്റുകളെയും എറണാകുളം സെന്റ്രല്‍ പൊലീസ്‌ അറസ്റ്റ്‌ ചെയ്തത്‌.

കോടികളുടെ അഴിമതി നടത്തിയ സ്ഥലമിടപാടിന്റെ പേരില്‍ ഹൈക്കോടതി വിധിയുണ്ടായിട്ടും എറണകുളം-അങ്കമാലി അതിരൂപതാദ്ധ്യക്ഷന്‍ മാര്‍ ആലഞ്ചേരിക്കും കൂട്ടര്‍ക്കുമെതിരെ ചെറുവിരലനക്കാതിരുന്ന മാന്യന്മാരാണ്‌ സെന്റ്രല്‍ പൊലീസ്‌ സ്റ്റേഷനിലെ ഏമാന്മാര്‍ എന്നോര്‍ക്കണം.

ഉത്തരേന്ത്യയില്‍ ജിഗ്നേഷ്‌ മേവാനിക്കൊപ്പം കൈകോര്‍ക്കുകയും കേരളത്തിലെത്തുമ്പോള്‍ ‘സ്വത്വ രാഷ്ട്രീയ’ത്തിന്റെ ഭീകരത വിവരിക്കുന്ന മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിക്കും ദളിത്‌ ആദിവാസികളെ ‘ജാതി കോളനികളില്‍ ഒതുക്കുന്ന ഇടത്‌ ഭരണത്തിനും അഞ്ചരലക്ഷം ഹെക്ടര്‍ റവന്യൂ ഭൂമി ഹാരിസണ്‍ അടക്കമുള്ള കുത്തക-കോര്‍പ്പറേറ്റ്‌-ഭൂമാഫിയയ്ക്ക്‌ കൈവശം വച്ചനുഭവിക്കാന്‍ അനുവദിച്ച്‌ ദളിത്‌-ആദിവാസികളുടെ ഭൂസമരത്തെ തുരങ്കം വയ്ക്കുന്ന ഭരണകൂട ഭീകരതയ്ക്കും എതിരെ പാറിയ ദലിത്‌ ഐക്യത്തിന്റെ നീലപ്പതാകയായിരുന്നു ഇന്നത്തെ ഹര്‍ത്താല്‍ വിജയം.

ഇതൊരു മുന്നറിയിപ്പാണ്‌-
എല്ലാ ജാതി രാഷ്ട്രീയ മൂരാച്ചികള്‍ക്കും
പ്രത്യയശാസ്ത്ര വഞ്ചകര്‍ക്കും
വിപ്ലവവായാടികള്‍ക്കും
എതിരെയുള്ള ദളിത്‌ വസന്തത്തിന്റെ വൈഖരിയാണ്‌
ഇന്നത്തെ ഹര്‍ത്താല്‍ വിജയം ..!