നദിയിലും കൈ വയ്ക്കുന്നോ?:വേല കയ്യിലിരിക്കട്ടെയെന്ന് സുപ്രീം കോടതി

ജോളി ജോളി

രാജ്യത്തെ എല്ലാ നദികളുടെയും അവകാശം കേന്ദ്രസര്‍ക്കാരിന് നല്‍കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീം കോടതി ചുരുട്ടിക്കൂട്ടി കുട്ടയിലിട്ടു.

നദികളുടെ സംരക്ഷണവും വികസനവും ഉറപ്പുവരുത്താന്‍ കേന്ദ്ര സര്‍ക്കാരിന് എല്ലാ നദികളുടെയും അവകാശം നല്‍കണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാല്പര്യ ഹര്‍ജിയാണ് സുപ്രീംകോടതി തള്ളിയത്.

നദികള്‍ പൊതുസ്വത്തായതുകൊണ്ട് കേന്ദ്രത്തിന് അധികാരം നല്‍കണം എന്നതായിരുന്നു ആവശ്യം. എന്നാല്‍ ഇത് അംഗീകരിക്കാനാകില്ലെന്ന് കോടതി പറഞ്ഞു.

സംസ്ഥാനങ്ങള്‍ തമ്മില്‍ നദീ തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ കേന്ദ്രത്തിന് നദികളുടെ അവകാശം നല്‍കാനാകില്ലെന്നും ഈ പേരില്‍ എല്ലാ നദികളെയും ബന്ധിപ്പിക്കാന്‍ ഉത്തരവിറക്കാന്‍ പറ്റില്ലെന്നും കോടതി വ്യക്തമാക്കി…

‘നദികളും തടാകങ്ങളും പൂര്‍ണമായി കേന്ദ്ര സര്‍ക്കാരിന് കീഴില്‍ കൊണ്ടുവരാന്‍ സാധിക്കില്ല.

സംസ്ഥാനങ്ങള്‍ തമ്മില്‍ നദീതര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. തര്‍ക്കങ്ങള്‍ തുടരുബോള്‍ കേന്ദ്രത്തിന് നദികളുടെ അവകാശം നല്‍കുന്നതിന് പ്രായോഗികവും നിയമപരവുമായ തടസ്സങ്ങളുണ്ട്’, എന്ന് കോടതി നിരീക്ഷിച്ചു.

അതേസമയം കാവേരി പ്രശ്‌നം പരിഹരിക്കാത്തതിലും കോടതി വിധി നടപ്പാക്കാത്തതിലും കേന്ദ്രസര്‍ക്കാരിനെ സുപ്രീംകോടതി രൂക്ഷമായി വിമര്‍ശിച്ചു.

കോടതി വിധി നടപ്പാക്കാന്‍ കാലതാമസം എന്താണെന്ന് ചോദിച്ച കോടതി കരട് പദ്ധതി ഒരു മാസത്തിനകം തയ്യാറാക്കണമെന്നും ആവശ്യപ്പെട്ടു.

ഇരു സംസ്ഥാനങ്ങള്‍ക്കും ജലം എങ്ങനെ വിതരണം ചെയ്യണമെന്ന കാര്യത്തില്‍ പദ്ധതി തയാറാക്കണമെന്നും കോടതി ആവശ്യപ്പെട്ടു.