11 സിക്‌സറുകളുമായി തകര്‍ത്തടിച്ച് റസല്‍; ചെന്നൈയ്‌ക്കെതിരെ കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ ചെപ്പോക്കില്‍ നടന്ന് കൊണ്ടിരിക്കുന്ന ഐ പി എല്‍ മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് തകര്‍പ്പന്‍ സ്‌കോര്‍. വെടിക്കെട്ട് ബാറ്റിംഗ് പ്രകടനവുമായി റസല്‍ തിളങ്ങിയപ്പോള്‍ നിശ്ചിത 20 ഓവറില്‍ 202/6 റണ്‍സാണ് കൊല്‍ക്കത്ത നേടിയത്. 11 സിക്‌സറുകളും ഒരു ഫോറും ഉള്‍പ്പെടെ 88 റണ്‍സെടുത്ത റസല്‍ പുറത്താകാതെ നിന്നു. ചെന്നൈ ഉടന്‍ മറുപടി ബാറ്റിംഗ് ആരംഭിക്കും.

മത്സരത്തില്‍ ടോസ് നേടിയ ചെന്നൈ നായകന്‍ മഹേന്ദ്ര സിംഗ് ധോണി കൊല്‍ക്കത്തയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. ഓപ്പണര്‍മാരായ ക്രിസ് ലിന്നും സുനില്‍ നരെയ്‌നും മികച്ച തുടക്കമാണ് കൊല്‍ക്കത്തയ്ക്ക് നല്‍കിയത്. ദീപക് ചഹര്‍ എറിഞ്ഞ ആദ്യ ഓവറില്‍ കൊല്‍ക്കത്ത 18 റണ്‍സാണ് നേടിയത്. രണ്ടാം പന്തില്‍ ക്രിസ് ലിന്‍ ബൗണ്ടറി നേടിയപ്പോള്‍ ഓവറിലെ അവസാന രണ്ടു പന്തുകളും നരെയ്ന്‍ സിക്‌സര്‍ പറത്തി. തൊട്ടടുത്ത് ഹര്‍ഭജന്റെ പന്ത് അനായാസം റെയ്‌ന കൈപ്പിടിയിലൊതുക്കിയപ്പോള്‍ നരെയ്ന്‍ 12 റണ്‍സെടുത്ത് പുറത്ത്.

ആദ്യ വിക്കറ്റ് നഷ്ടപ്പെട്ടെങ്കിലും ഉത്തപ്പയും ലിന്നും കൂറ്റനടികള്‍ക്ക് മുതിര്‍ന്ന് കൊണ്ടിരുന്നു. ആദ്യ അഞ്ചു ഓവറുകളില്‍ അഞ്ചു ബോളര്‍മാരെയാണ് ധോണി പരീക്ഷിച്ചത്. പവര്‍പ്ലേയിലെ അവസാന ഓവറില്‍ രവീന്ദ്ര ജഡേജ മികച്ചൊരു പന്തിലൂടെ ക്രിസ് ലിന്നിന്റെ വിക്കറ്റ് തെറിപ്പിച്ചു. 22 റണ്‍സായിരുന്നു താരത്തിന്റെ സമ്പാദ്യം. ആ ഓവറിലെ അവസാന രണ്ടു പന്തുകളില്‍ സിക്‌സറടിച്ച് ഉത്തപ്പ പവര്‍പ്ലേ അവസാനിക്കുമ്പോള്‍ കൊല്‍ക്കത്ത 64/2. എന്നാല്‍ വാട്‌സണ്‍ എറിഞ്ഞ 9-ാം ഓവറില്‍ തുടരെത്തുടരെ രണ്ടു വിക്കറ്റുകളാണ് കൊല്‍ക്കത്തയ്ക്ക് നഷ്ടമായത്. 16 റണ്‍സെടുത്ത നിതീഷ് റാണ ധോണിക്ക് ക്യാച്ച് സമ്മാനിച്ചപ്പോള്‍ 29 റണ്‍സെടുത്ത റോബിന്‍ ഉത്തപ്പ റണ്ണൗട്ടായി.

പിന്നീട് ക്രീസിലെത്തിയ റിങ്കു സിംഗ് 2 റണ്‍സ് മാത്രമെടുത്ത് ഷര്‍ദുല്‍ താക്കൂറിന്റെ പന്തില്‍ ഡ്വെയിന്‍ ബ്രാവോയ്ക്ക് വിക്കറ്റ് സമ്മാനിച്ചു. എന്നാല്‍ അതിനുശേഷം ക്രീസില്‍ ഒത്തുചേര്‍ന്ന ആന്‍ഡ്രെ റസ്സലും ദിനേഷ് കാര്‍ത്തിക്കും ടീം സ്‌കോറിനെ മികച്ച രീതിയില്‍ മുന്നോട്ടു കൊണ്ടുപോയി. ഡ്വെയിന്‍ ബ്രാവോ എറിഞ്ഞ 17-ാം ഓവറില്‍ പന്തു സ്‌റ്റേഡിയത്തിന് പുറത്തേക്കും അടിച്ചു കളഞ്ഞു റസ്സല്‍. ആ ഓവറില്‍ റസ്സല്‍ രണ്ടും ദിനേഷ് കാര്‍ത്തിക്ക് ഒരു സിക്‌സറുമടിച്ചു. വാട്‌സണ്‍ എറിഞ്ഞ അടുത്ത ഓവറിലെ ആദ്യ പന്ത് സിക്‌സറിന് പറത്തി റസ്സല്‍ അര്‍ധസെഞ്ചുറി തികച്ചു. 26 പന്തുകളില്‍ നിന്നാണ് താരം അമ്പത് കടന്നത്.

അതിനിടെ കാര്‍ത്തിക്ക് 26 റണ്‍സെടുത്ത് പുറത്തായി. എന്നാല്‍ അവസാന ഓവറുകളിലും റസ്സല്‍ തന്റെ വെടിക്കെട്ട് ബാറ്റിംഗ് തുടര്‍ന്നു. ബ്രാവോയുടെ 19-ാം ഓവറിലെ ആദ്യ മൂന്നു പന്തുകളും റസ്സല്‍ അതിര്‍ത്തിക്ക് മുകളിലൂടെ പറത്തി. അവസാനം സിക്‌സറിലൂടെ തന്നെ റസ്സല്‍ സ്‌കോര്‍ 200 ലെത്തിച്ചു. 36 പന്തില്‍ 88 റണ്‍സെടുത്ത് റസ്സലും രണ്ടു റണ്‍സെടുത്ത് ടോം കുറനും പുറത്താവാതെ നിന്നു. ചെന്നൈയ്ക്ക് വേണ്ടി ഷെയ്ന്‍ വാട്‌സണ്‍ രണ്ടു വിക്കറ്റുകള്‍ വീഴ്ത്തി.